'ഷനക ബ്രില്യന്‍സ്'- അഫ്ഗാനോട് തോറ്റ് തുടങ്ങി; തുടരെ നാല് ജയങ്ങള്‍, കിരീടം; ക്യാപ്റ്റന്‍സിക്ക് പത്തില്‍ പത്ത് മാര്‍ക്ക്

വാനിന്ദു ഹസരംഗ എന്ന ഏക പരിചയസമ്പന്നനെ മാത്രം വച്ച് താരതമ്യേന പുതുമുഖങ്ങളുമായി വന്ന ടീമാണ് ലങ്ക
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

ദുബായ്: ഏഷ്യാ കപ്പ് പോരാട്ടം തുടങ്ങുമ്പോള്‍ ശ്രീലങ്കയ്ക്ക് ആരും സാധ്യത കല്‍പ്പിച്ചില്ല. ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് പരാജയപ്പെട്ടപ്പോള്‍ അക്കാര്യം ഉറപ്പായി. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറുന്നതാണ് ആരാധകര്‍ കണ്ടത്. നിര്‍ണായക മത്സരത്തില്‍ ഇന്ത്യയേയും ഫൈനലില്‍ പാകിസ്ഥാനേയും മുട്ടുകുത്തിച്ച് അവര്‍ തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. 

വാനിന്ദു ഹസരംഗ എന്ന ഏക പരിചയസമ്പന്നനെ മാത്രം വച്ച് താരതമ്യേന പുതുമുഖങ്ങളുമായി വന്ന ടീമാണ് ലങ്ക. അവരുടെ നായകനാണ് ഈ കിരീട വിജയത്തിന്റെ എല്ലാ ക്രെഡിറ്റും ക്രിക്കറ്റ് പണ്ഡിതര്‍ നല്‍കുന്നത്. ഷനകയുടെ ബ്രില്യന്‍സാണ് ടൂര്‍ണമെന്റില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ ലങ്കയെ പ്രാപ്തമാക്കിയത്. 

മുന്‍ ഇന്ത്യന്‍ താരം വസിം ജാഫര്‍ പത്തില്‍ പത്ത് മാര്‍ക്കാണ് ഷനകയ്ക്ക് നല്‍കുന്നത്. ഏഷ്യാ കപ്പില്‍ ഇത്തവണ ഏറ്റവും മികച്ച ക്യാപ്റ്റന്‍സി മികവ് പുറത്തെടുത്തത് ഷനകയാണെന്ന് വസിം ജാഫര്‍ പറയുന്നു. മറ്റ് നായകരേക്കാള്‍ എത്രയോ മുകളിലായിരുന്നു ലീഡര്‍ എന്ന നിലയിലുള്ള താരത്തിന്റെ പ്രവര്‍ത്തനങ്ങള്‍. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി ശൈലിയെയും ടീമിനെ ഉന്നതിയിലെത്തിക്കാന്‍ അദ്ദേഹം പയറ്റിയ തന്ത്രങ്ങളും ജാഫര്‍ എടുത്തു പറഞ്ഞു.  

'നായകനെന്ന നിലയില്‍ ഷനക മികച്ച പ്രകടനമാണ് നടത്തിയത്. അദ്ദേഹം ബാറ്റിങ് നിരയില്‍ മാറ്റങ്ങള്‍ വരുത്തി. കുശാല്‍ മെന്‍ഡിസിനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാന്‍ നിയോഗിച്ചു. കുശാല്‍ അതുവരെ ആ റോളില്‍ കളിച്ചിരുന്നില്ല. ഭനുക രജപക്‌സയെ അഞ്ചാമനായി ഇറക്കാനുള്ള തീരുമാനവും ശ്രദ്ധേയം.'

'ഷനകയുടെ ക്യാപ്റ്റന്‍സി മറ്റുള്ളവരേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നു. ആദ്യ മത്സരത്തില്‍ ദയനീയമായി തോറ്റ ഒരു ടീം നാല് തുടര്‍ വിജയങ്ങളോടെ ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി. ഷനക ഈ ശ്രീലങ്കന്‍ ടീമിനെ ഫൈനലിലെത്തിച്ചു. അദ്ദേഹത്തിന് ഞാന്‍ പത്തില്‍ പത്ത് മാര്‍ക്കും നല്‍കും'- ജാഫര്‍ വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com