ജേഴ്‌സി ഊരല്‍, ഓഫ് സൈഡ്, കൈയാങ്കളി; ഇഞ്ച്വറി ടൈമിലെ നാടകീയത; റഫറി എടുത്തു വീശിയത് നാല് ചുവപ്പ് കാര്‍ഡുകള്‍! 

ആദ്യ പകുതി തീരും മുന്‍പ് യുവന്റസിനെ ഞെട്ടിച്ച് സലെര്‍നിറ്റാന രണ്ടാം ഗോളും നേടി
ജേഴ്‌സി ഊരല്‍, ഓഫ് സൈഡ്, കൈയാങ്കളി; ഇഞ്ച്വറി ടൈമിലെ നാടകീയത; റഫറി എടുത്തു വീശിയത് നാല് ചുവപ്പ് കാര്‍ഡുകള്‍! 

മിലാന്‍: ഇറ്റാലിയന്‍ സീരി എയില്‍ അടിമുടി നാടകീയത നിറഞ്ഞ പോരാട്ടത്തില്‍ കരുത്തരായ യുവന്റസ് സലെര്‍നിറ്റാനയോട് സമനില പിടിച്ചു മുഖം രക്ഷിച്ചു. ഇഞ്ച്വറി സമയത്ത് മൂന്ന് താരങ്ങള്‍ക്കും യുവന്റസ് പരിശീലകനും ചുവപ്പ് കാര്‍ഡ് കാണേണ്ടിയും വന്നു. യുവന്റസിന്റെ രണ്ട് താരങ്ങളും സലെര്‍നിറ്റാനയുടെ ഒരു താരവുമാണ് ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്തായത്. പോരാട്ടം 2-2ന് സമനിലയില്‍ അവസാനിച്ചു. റഫറിയുടെ മോശം തീരുമാനങ്ങളും മത്സരത്തിന്റെ ഒഴുക്കിനെ ബാധിച്ചു. 

യുവന്റസ് ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ ആയിരുന്നു. പന്ത് കൈവശം വയ്ക്കുന്നതില്‍ യുവന്റസ് മുന്‍തൂക്കം കണ്ട മത്സരത്തില്‍ 18ാമത്തെ മിനിറ്റില്‍ പാസ്‌ക്വല്‍ മസോചിയുടെ പാസില്‍ നിന്നു അന്റോണിയോ കാണ്ടറെവ സലെര്‍നിറ്റാനക്ക് ആദ്യ ഗോള്‍ സമ്മാനിച്ചു. 

ആദ്യ പകുതി തീരും മുന്‍പ് യുവന്റസിനെ ഞെട്ടിച്ച് സലെര്‍നിറ്റാന രണ്ടാം ഗോളും നേടി. ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് യുവന്റസ് താരം ഗ്ലീസന്‍ ബ്രമിന്റെ കൈയില്‍ പന്ത് തട്ടിയതോടെ സലെര്‍നിറ്റാനയ്ക്ക് അനുകൂലമായി റഫറി പെന്‍ല്‍റ്റി വിധിച്ചു. പെനാല്‍റ്റി അനായാസം ലക്ഷ്യത്തില്‍ എത്തിച്ച് ക്രിസ്‌റ്റോഫ് പിയറ്റക് സലെര്‍നിറ്റാനക്ക് രണ്ടാം ഗോളും സമ്മാനിച്ചു. 

രണ്ടാം പകുതിയില്‍ തന്റെ പിഴവിന് ബ്രമര്‍ പ്രായശ്ചിത്തം ചെയ്തു. കാസ്റ്റിചിന്റെ ക്രോസില്‍ നിന്നു ഉഗ്രന്‍ ഹെഡ്ഡറിലൂടെ വല ചലിപ്പിച്ച ബ്രമര്‍ യുവന്റസിനായി ഒരു ഗോള്‍ മടക്കി. 

മത്സരത്തിന്റെ അവസാന നിമിഷങ്ങളാണ് അങ്ങേയറ്റം നാടകീയമായി മാറിയത്. 83ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ അര്‍കഡിയൂസ് മിലിക് മഞ്ഞ കാര്‍ഡ് വാങ്ങി. 

ഇഞ്ച്വറിയുടെ 91 മത്തെ മിനിറ്റില്‍ ആസാന്ത്രോയെ വീഴ്ത്തിയതിനു യുവന്റസിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചു. ലിയനാര്‍ഡോ ബൊനൂച്ചിയുടെ പെനാല്‍റ്റി സലെര്‍നിറ്റാന ഗോള്‍ കീപ്പര്‍ ലുയിഗി സെപെ തടഞ്ഞിട്ടു. എന്നാല്‍ മടങ്ങി വന്ന പന്ത് ലക്ഷ്യത്തില്‍ എത്തിച്ച ബൊനൂച്ചി 93ാം മിനിറ്റില്‍ യുവന്റസിന് സമനില ഗോള്‍ സമ്മാനിച്ചു. 

തൊട്ടടുത്ത നിമിഷം കോര്‍ണറില്‍ നിന്നു അതുഗ്രന്‍ ഹെഡ്ഡറിലൂടെ ലക്ഷ്യം കണ്ട മിലിക് യുവന്റസിന് വിജയ ഗോള്‍ സമ്മാനിച്ചെന്ന് തോന്നിച്ചു. ഗോള്‍ നേടിയ ആവേശത്തില്‍ അതിനകം മഞ്ഞ കാര്‍ഡ് മേടിച്ചത് മറന്നു ജേഴ്‌സി ഊരി ആഘോഷിച്ചതോടെ മിലികിന് റഫറി രണ്ടാം മഞ്ഞ കാര്‍ഡും തുടര്‍ന്ന് ചുവപ്പ് കാര്‍ഡും നല്‍കി.

എന്നാല്‍ ഗോളിന് എതിരെ സലെര്‍നിറ്റാന താരങ്ങള്‍ പ്രതിഷേധിച്ചതോടെ ഇരു ടീമുകളും തമ്മില്‍ കൈയേറ്റം ഉണ്ടായി. തുടര്‍ന്ന് വാര്‍ ആവശ്യപ്പെട്ട പ്രകാരം പരിശോധന നടത്തിയ റഫറി ഗോള്‍ ഓഫ് സൈഡ് ആണെന്ന് വിളിച്ചു. 

മിലികിന്റെ ഹെഡ്ഡറിന് ശേഷം ഓഫ് സൈഡില്‍ ആയിരുന്ന ബൊനൂച്ചിയുടെ തലയില്‍ തട്ടിയാണ് പന്ത് ഗോള്‍ ആയത് എന്നു പരിശോധനയില്‍ മനസിലായി. തുടര്‍ന്ന് പരസ്പരം കൈയേറ്റം ചെയ്ത സലെര്‍നിറ്റാന താരം ഫെഡറികോ ഫാസിയോ, യുവന്റസ് താരം യുവാന്‍ ക്വഡ്രാഡോ എന്നിവര്‍ക്കും റഫറി ചുവപ്പ് കാര്‍ഡ് നല്‍കി. റഫറിയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച യുവന്റസ് പരിശീലകന്‍ അല്ലഗ്രിയും അവസാന നിമിഷം ചുവപ്പ് കാര്‍ഡ് വാങ്ങി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com