പാകിസ്ഥാനേയും തകർത്ത് ലങ്ക; അമ്പരപ്പിക്കുന്ന പോരാട്ട വീര്യം; ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ഷനകയും സംഘവും

തുടക്കത്തിൽ പതറിയ ശേഷം ശക്തമായി തിരിച്ചു വന്നാണ് ശ്രീലങ്ക 171 റൺസ് വിജയ ലക്ഷ്യമുയർത്തിയത്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

ദുബായ്: ആഭ്യന്തര സംഘർഷങ്ങളിലും സാമ്പത്തിക പ്രതിസന്ധിയിലും നട്ടംതിരിയുന്ന ശ്രീലങ്കൻ ജനതയ്ക്ക് ആശ്വാസ കിരീടവുമായി ദസുൻ ഷനകയും സംഘവും. പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്കയ്ക്ക് ഏഷ്യാ കപ്പ് കിരീടം. ടൂർണമെന്റിലെ പ്രാഥമിക ഘട്ടത്തിലും സൂപ്പർ ഫോറിലും അമ്പരപ്പിക്കുന്ന പോരാട്ട വീര്യം പുറത്തെടുത്ത ലങ്ക ഞായറാഴ്ച നടന്ന കലാശപ്പോരിൽ പാകിസ്ഥാനെ 23 റൺസിന് തകർത്താണ് തങ്ങളുടെ ആറാം ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കിയത്. 

തുടക്കത്തിൽ പതറിയ ശേഷം ശക്തമായി തിരിച്ചു വന്നാണ് ശ്രീലങ്ക 171 റൺസ് വിജയ ലക്ഷ്യമുയർത്തിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിങ്ങിനിറങ്ങിയ ലങ്ക ഭനുക രജപക്‌സയുടെ അർധ സെഞ്ച്വറി മികവിൽ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 170 റൺസെടുത്തു.

ടോസിന്റെ ആനുകൂല്യം ലഭിച്ചിട്ടും അത് മുതലാക്കാൻ പാകിസ്ഥാന് സാധിച്ചില്ല. ശ്രീലങ്ക ഉയർത്തിയ 171 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 147 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റുകൾ വീഴ്ത്തിയ പ്രമോദ് മധുഷാനും മൂന്ന് വിക്കറ്റ് വീഴ്ത്തിയ വാനിന്ദു ഹസരംഗയുമാണ് പാകിസ്ഥാനെ തകർത്തത്. 

ടൂർണമെന്റിലുടനീളം മിന്നും ഫോമിൽ കളിച്ച ഓപ്പണർ മുഹമ്മദ് റിസ്വാനാണ് ഇത്തവണയും ടീമിന്റെ ടോപ് സ്കോറർ. താരം അർധ സെഞ്ച്വറി നേടി. 49 പന്തുകൾ നേരിട്ട റിസ്വാൻ ഒരു സിക്‌സും നാല് ഫോറുമടക്കം 55 റൺസെടുത്ത് പുറത്തായി. 32 റൺസെടുത്ത ഇഫ്തിഖർ അഹമ്മദാണ് പാക് നിരയിൽ തിളങ്ങിയ മറ്റൊരു താരം. ഇരുവരും ചെറുത്തു നിന്നില്ലായിരുന്നുവെങ്കിൽ പാക് സ്കോർ നൂറ് കടക്കില്ലായിരുന്നു. 

ഫൈനലിൽ ശ്രീലങ്ക ഉയർത്തിയ 171 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനു വേണ്ടി ഇത്തവണയും ക്യാപ്റ്റൻ ബാബർ അസമിന് തിളങ്ങാനായില്ല. ആറ് പന്തിൽ നിന്ന് അഞ്ച് റൺസ് മാത്രമെടുത്ത ബാബറിനെ നാലാം ഓവറിൽ പ്രമോദ് മധുഷാനാണ് മടക്കിയത്. തൊട്ടടുത്ത പന്തിൽ ഫഖർ സമാനെയും (0) മധുഷാൻ മടക്കി.

തുടർന്ന് മൂന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്ത റിസ്വാൻ - ഇഫ്തിഖർ അഹമ്മദ് സഖ്യം പാകിസ്ഥാനെ 93 വരെയെത്തിച്ചു. 31 പന്തിൽ നിന്ന് 32 റൺസെടുത്ത ഇഫ്തിഖറിനെ മടക്കി മധുഷാൻ തന്നെയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ വമ്പനടിക്കായി മുഹമ്മദ് നവാസിനെ കളത്തിലിറക്കിയെങ്കിലും താരത്തിന് ഒൻപത് പന്തിൽ നിന്ന് ആറ് റൺസ് മാത്രമാണ് നേടാനായത്.

17-ാം ഓവർ എറിഞ്ഞ ഹസരംഗയാണ് കളി ലങ്കയ്ക്ക് അനുകൂലമാക്കി തിരിച്ചത്. ആദ്യ പന്തിൽ അപകടകാരിയായ റിസ്വാനെ മടക്കിയ ഹസരംഗ മൂന്നാം പന്തിൽ ആസിഫ് അലിയേയും (0) മടക്കി. അഞ്ചാം പന്തിൽ ഖുഷ്ദിൽ ഷായേയും (2) പുറത്താക്കിയ ഹസരംഗ പാകിസ്ഥാനെ ഏഴിന് 112 റൺസെന്ന നിലയിലേക്ക് തള്ളിവിട്ടു. ഷദാബ് ഖാൻ (8), നസീം ഷാ (4), ഹാരിസ് റൗഫ് (13) എന്നിവരാണ് പുറത്തായ മറ്റ് പാക് താരങ്ങൾ.

നേരത്തെ തുടക്കം തകർന്ന ലങ്കയെ ഭനുക രജപക്‌സയുടെ ഇന്നിങ്‌സാണ് തുണച്ചത്. 45 പന്തുകൾ നേരിട്ട താരം മൂന്ന് സിക്‌സും ആറ് ഫോറുമടക്കം 71 റൺസോടെ പുറത്താകാതെ നിന്നു. ആറാം വിക്കറ്റിൽ വാനിന്ദു ഹസരംഗയേയും ഏഴാം വിക്കറ്റിൽ ചാമിക കരുണരത്‌നയേയും കൂട്ടുപിടിച്ചുള്ള രജപക്‌സയുടെ ബാറ്റിങ്ങാണ് ലങ്കൻ സ്‌കോർ 170ൽ എത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടേത് മോശം തുടക്കമായിരുന്നു. മൂന്നാം പന്തിൽ തന്നെ കുശാൽ മെൻഡിസിനെ (0) നസീം ഷാ പുറത്താക്കി. പിന്നാലെ നാലാം ഓവറിൽ പത്തും നിസംഗയും (8) കാര്യമായ സംഭാവനയില്ലാതെ മടങ്ങി. തുടർന്ന് ധനുഷ്‌ക ഗുണതിലകയേയും (1) മടക്കിയ ഹാരിസ് റൗഫ് ലങ്കയെ പ്രതിരോധത്തിലാക്കി. പിന്നാലെ നിലയുറപ്പിച്ചിരുന്ന ധനഞ്ജയ ഡിസിൽവയെ ഇഫ്തിഖർ അഹമ്മദും പുറത്താക്കിയതോടെ ലങ്ക പതറി. 21 പന്തിൽ നിന്ന് നാല് ബൗണ്ടറിയടക്കം 28 റൺസെടുത്താണ് താരം മടങ്ങിയത്. ക്യാപ്റ്റൻ ദസുൻ ഷനകയ്ക്കും (2) ലങ്കൻ സ്‌കോറിലേക്ക് കാര്യമായ സംഭാവന ചെയ്യാനാകാതിരുന്നതോടെ അവർ അഞ്ചിന് 58 റൺസെന്ന പരിതാപകരമായ സ്ഥിതിയിലായി.

എന്നാൽ പിന്നീടായിരുന്നു ലങ്കയെ മത്സരത്തിലേക്ക് തിരികെയെത്തിച്ച രണ്ടു കൂട്ടുകെട്ടുകളുടെ പിറവി. ആറാം വിക്കറ്റിൽ ഒന്നിച്ച രജപക്‌സ - ഹസരംഗ സഖ്യം ലങ്കയെ 100 കടത്തി. ഇരുവരും കൂട്ടിച്ചേർത്ത 58 റൺസാണ് ലങ്കൻ ഇന്നിങ്‌സിന്റെ നട്ടെല്ല്. 21 പന്തിൽ നിന്ന് ഒരു സിക്‌സും അഞ്ച് ഫോറുമടക്കം 36 റൺസെടുത്ത ഹസരംഗയെ പുറത്താക്കി ഹാരിസ് റൗഫാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ ചാമിക കരുണരത്‌നയെ കൂട്ടുപിടിച്ച് ഭനുക രജപക്‌സ ലങ്കൻ സ്‌കോർ ഉയർത്തി. 54 റൺസാണ് ഈ സഖ്യം ലങ്കൻ സ്‌കോറിലെത്തിച്ചത്. ഇതിൽ 14 പന്തിൽ നിന്ന് 14 റൺസായിരുന്നു കരുണരത്‌നയുടെ സംഭാവന.

പാകിസ്ഥാനു വേണ്ടി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി. നാല് ഓവറിൽ 40 റൺസ് വിട്ടുകൊടുത്ത നസീം ഷായ്ക്ക് ഒരു വിക്കറ്റ് മാത്രമേ ലഭിച്ചുള്ളൂ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com