ഏകദിനത്തിലെ വമ്പനടിക്കാരനായത് എങ്ങനെ? ചെന്നൈയുടെ തഴയലിലേക്ക് ചൂണ്ടി ചേതേശ്വര്‍ പൂജാര

സസെക്‌സ് വണ്‍ ഡേ കപ്പില്‍ മൂന്ന് സെഞ്ചുറിയും രണ്ട് അര്‍ധ ശതകവുമാണ് പൂജാര കണ്ടെത്തിയത്
ചേതേശ്വര്‍ പൂജാര/ഫോട്ടോ: ട്വിറ്റര്‍
ചേതേശ്വര്‍ പൂജാര/ഫോട്ടോ: ട്വിറ്റര്‍

ന്യൂഡല്‍ഹി: ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് തന്നെ സഹായിച്ചതെന്ന് ഇന്ത്യന്‍ ബാറ്റര്‍ ചേതേശ്വര്‍ പൂജാര. സസെക്‌സ് വണ്‍ ഡേ കപ്പില്‍ 9 മത്സരങ്ങളില്‍ നിന്ന് 624 റണ്‍സ് അടിച്ചെടുത്തതിന് പിന്നാലെയാണ് പൂജാരയുടെ വാക്കുകള്‍. 

സസെക്‌സ് വണ്‍ ഡേ കപ്പില്‍ മൂന്ന് സെഞ്ചുറിയും രണ്ട് അര്‍ധ ശതകവുമാണ് പൂജാര കണ്ടെത്തിയത്. ബാറ്റിങ് ശരാശരി 90. 112 ആണ് സ്‌ട്രൈക്ക്‌റേറ്റ്. ഇന്ത്യക്കായി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ 5 ഏകദിനം മാത്രമാണ് പൂജാര കളിച്ചിട്ടുള്ളത്. ഐപിഎല്ലില്‍ ഏതാനും ടീമുകള്‍ പൂജാരയെ സ്വന്തമാക്കിയിരുന്നെങ്കിലും ഒരു ടീമിന്റേയും പ്ലേയിങ് ഇലവനിലേക്ക് എത്താന്‍ താരത്തിനായില്ല. 

ഒരു മത്സരവും എനിക്ക് കളിക്കാനായില്ല

2021ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പൂജാരയെ സ്വന്തമാക്കി എങ്കിലും ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ചെന്നൈ തന്നെ ഇവിടെ തഴഞ്ഞതാണ് ബാറ്റിങ്ങില്‍ പുതിയ മാറ്റത്തിന് തന്നെ പ്രേരിപ്പിച്ചത് എന്നാണ് പൂജാര പറയുന്നത്. 

ഉറപ്പായും ഇത് എന്റെ കളി ശൈലിയുടെ വ്യത്യസ്തമായൊരു ഭാഗമാണ്. അതില്‍ ഒരു സംശയവും ഇല്ല. കഴിഞ്ഞ വര്‍ഷത്തിന് മുന്‍പുള്ള സീസണില്‍ ഞാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു. ഒരു മത്സരവും എനിക്ക് കളിക്കാനായില്ല. അവിടെ സഹതാരങ്ങള്‍ മത്സരത്തിനായി തയ്യാറെടുക്കുന്നത് ഞാന്‍ നോക്കി നിന്നു. ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ബാറ്റ് ചെയ്യണം എങ്കില്‍ ഞാന്‍ കുറച്ചു കൂടി ഭയമില്ലാതെ കളിക്കണം എന്ന് ഞാന്‍ എന്നോട് തന്നെ പറഞ്ഞു, പൂജാര പറയുന്നു. 

എന്റെ വിക്കറ്റിന് വലിയ വില നല്‍കുന്നതാണ് എന്റെ പതിവ്. എന്നാല്‍ ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ ഷോട്ട് കളിച്ചു തന്നെയാവണം. റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പിന് മുന്‍പായി ഞാന്‍ ഇത് മനസില്‍ വെച്ച് പരിശീലനം നടത്തിയിരുന്നു. ചില ഷോട്ടുകളില്‍ ഞാന്‍ കൂടുതല്‍ പരിശീലനം നടത്തേണ്ടതുണ്ട് എന്ന് ഞാന്‍ ഗ്രാന്റിനോട് പറഞ്ഞു. പരിശീലനം നടത്തുമ്പോള്‍ ഞാന്‍ ഈ ഷോട്ടുകള്‍ നന്നായി കളിക്കുന്നുണ്ടെന്ന് ഗ്രാന്റ് പറഞ്ഞു. ഇതെന്റെ ആത്മവിശ്വാസം ഉയര്‍ത്തി, പൂജാര പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com