കരിയറിലെ അവസാന പരമ്പര കളിക്കുകയാണ് ഇന്ത്യയുടെ വെറ്ററൻ പേസർ ജുലൻ ഗോസ്വാമി. ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ഏകദിന പരമ്പര 20 വർഷം നീണ്ട ജുലന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര പരമ്പരയാകും. പരിക്കിനെതുടർന്ന് ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജുലൻ ഇന്ത്യൻ ജേഴ്‌സിയിലേക്ക് തിരിച്ചെത്തുന്നത്. ഇന്ത്യയുടെ ദേശീയ ടീമിന്റെ വിശ്വസ്ത എന്നാണ് പുരുഷ ടീം കാപ്റ്റൻ രോഹിത് ശർമ്മ ജുലനെ വിശേഷിപ്പിച്ചത്.
ജുലനൊപ്പം പരിശീലന നടത്തിയ അനുഭവവും രോഹിത് പങ്കുവച്ചു. പരിക്ക് ഭേദമാകുന്നതിനിടെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ വച്ചാണ് ഇരുവരും നേർക്കുനേർ എറ്റുമുട്ടിയത്. "ഞങ്ങൾ തമ്മിൽ വളരെ ചുരുക്കം തവണ മാത്രമേ നേരിൽ കണ്ടത്. പരിക്കുപറ്റി ഞാൻ എൻസിഎയിൽ ഉണ്ടായിരുന്നപ്പോൾ ജുലനും അവിടെയുണ്ടായിരുന്നു. എനിക്കുവേണ്ടി ബോൾ ചെയ്യുകയും ചെയ്തു. ഇൻസ്വിങ്ങുകൾ ഉപയോഗിച്ച് എനിക്ക് നല്ല വെല്ലുവിളിയാണ് തന്നത്", രോഹിത് പറഞ്ഞു.
"ഇന്ത്യയുടെ വിശ്വസ്തരിൽ ഒരാളാണ് അവർ. എപ്പോഴെല്ലാം ജുലൻ കളിക്കുന്നത് കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ രാജ്യത്തോട് അവർ വളരെയധികം അഭിനിവേശം പ്രകടിപ്പിച്ചിട്ടുണ്ട്. ഇത് വനിതാ ക്രിക്കറ്റായാലും പുരുഷ ക്രിക്കറ്റായാലും രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന എല്ലാ കൊച്ചുകുട്ടികൾക്കും ഒരു നല്ല പാഠമാണ്. അവർക്ക് എത്ര പ്രായമുണ്ടെന്ന് എനിക്കറിയില്ല, പക്ഷെ ഈ പ്രായത്തിലും ഇത്ര കഠിനമായി ഓടി എതിരാളിയെ പ്രഹരിക്കാൻ തോക്കുന്നത് അവരുടെ പാഷൻ ആണ് കാണിച്ചുതരുന്നത്",രോഹിത് പറഞ്ഞു.
39കാരിയായ ജുലൻ ഇന്ത്യക്കായി 12 ടെസ്റ്റുകളാണ് കളിച്ചിട്ടുള്ളത്. 201 ഏകദിനങ്ങളിലും 68 ടി20 മത്സരങ്ങളിലും ഇന്ത്യൻ ജേഴ്‌സിയണിഞ്ഞു. 2002 ജനുവരി ആറിന് ഓസ്‌ട്രേലിയക്കെതിരെയായിരുന്നു ഏകദിന അരങ്ങേറ്റം. അതേമാസം 24ന് ടെസ്റ്റ് ക്രിക്കറ്റും കളിച്ചു. 2006ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ ടി20 കളിച്ചത്. 252 ഏകദിന വിക്കറ്റുകൾ താരത്തിന്റെ അക്കൗണ്ടിലുണ്ട്. 31ന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 57 റൺസാണ് ഉയർന്ന സ്‌കോർ. ടെസ്റ്റിൽ 44 വിക്കറ്റുകളാണ് ജുലൻ സ്വന്തമാക്കിയിട്ടുള്ളത്. 25 റൺസ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയത് മികച്ച പ്രകടനമാണ്. ടി20യിൽ ഒന്നാകെ 56 വിക്കറ്റുകളും സ്വന്തമാക്കി. 11 റൺസ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
