ജുലന്റെ വിടവാങ്ങല്‍ മത്സരം, കണ്ണീരടക്കാനാവാതെ ഹര്‍മന്‍പ്രീത് കൗര്‍(വീഡിയോ) 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th September 2022 05:54 PM  |  

Last Updated: 24th September 2022 05:54 PM  |   A+A-   |  

jhulan_goswamy

ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

 

ലോര്‍ഡ്‌സ്: തന്റെ അവസാന രാജ്യാന്തര മത്സരത്തിന് ഇറങ്ങിയ പേസര്‍ ജുലന്‍ ഗോസ്വാമിക്ക് ആദരവര്‍പ്പിച്ച് സഹതാരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിനത്തില്‍ മത്സരം ആരംഭിക്കുന്നതിന് മുന്‍പായാണ് ജുലന് സഹതാരങ്ങള്‍ സ്‌നേഹോപഹാരങ്ങള്‍ നല്‍കിയത്. 

സഹതാരങ്ങളെ കെട്ടപ്പിടിച്ചും ചിരിച്ചും ജുലന്‍ ഇന്ത്യന്‍ ജഴ്‌സിയിലെ അവസാന നിമിഷങ്ങള്‍ ആസ്വദിച്ചു. ഈ സമയം കണ്ണീരടക്കാന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പ്രയാസപ്പെട്ടു. ടോസ് ഇടാനുള്ള അവസരവും ഹര്‍മന്‍ ജുലന് നല്‍കി. 

204 ഏകദിനവും 68 ട്വന്റി20യും 12 ടെസ്റ്റും കളിച്ചാണ് ജുലന്‍ ഗോസ്വാമി തന്റെ 20 വര്‍ഷം നീണ്ട കരിയറിന് തിരശീലയിടുന്നത്. ഏകദിനത്തില്‍ 253 വിക്കറ്റാണ് ജുലന്‍ വീഴ്ത്തിയത്. ഇതും ലോക റെക്കോര്‍ഡ് ആണ്. വനിതാ ഏകദിനത്തില്‍ 200 വിക്കറ്റുകള്‍ വീഴ്ത്തിയ ഏക താരമാണ് ജുലന്‍. വനിതാ ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ രണ്ടാമത്തെ കരിയറിന്റെ ഉടമയും ജുലനാണ്. 20 വര്‍ഷവും 259 ദിവസവും അത് നീണ്ടു നിന്നു.

ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലേക്ക് വരുമ്പോള്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 30 ഓവര്‍ പിന്നിടുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 110 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയുടെ 5 മുന്‍നിര താരങ്ങളില്‍ സ്മൃതി മന്ദാന മാത്രമാണ് രണ്ടക്കം കടന്നത്. മന്ദാന 79 പന്തില്‍ നിന്ന് 50 റണ്‍സ് നേടി. 35 റണ്‍സുമായി പിടിച്ചു നില്‍ക്കുന്ന ദീപ്തി ശര്‍മയിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'കളിക്കളത്തില്‍ ഞാന്‍ കണ്ട ഏറ്റവും മനോഹര ചിത്രം'; ഫെഡറര്‍ക്കൊപ്പം വിങ്ങിപ്പൊട്ടിയ നദാലിനെ ചൂണ്ടി കോഹ്‌ലി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ