'ബൗളിങും ഫീല്‍ഡിങും ഇനിയും മെച്ചപ്പെടാനുണ്ട്, അംഗീകരിക്കുന്നു'- രോഹിത്

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 26th September 2022 12:27 PM  |  

Last Updated: 26th September 2022 12:27 PM  |   A+A-   |  

rohit

ഫോട്ടോ: പിടിഐ


ഹൈദരാബാദ്: ലോകകപ്പിന് മുന്‍പുള്ള പരീക്ഷണം എന്ന നിലയിലാണ് ഇന്ത്യയുടെ ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര വിലയിരുത്തപ്പെട്ടത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയാണ് ഇനി ലോകകപ്പിന് മുന്‍പുള്ള ഇന്ത്യയുടെ അടുത്ത പരീക്ഷണ വേദി. ഓസ്‌ട്രേലിയക്കെതിരെ ആദ്യ പോരാട്ടത്തില്‍ 200ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും അത് പ്രതിരോധിക്കുന്നതില്‍ ബൗളര്‍മാര്‍ പരാജയപ്പെട്ടപ്പോള്‍ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പിന്നാലെ രണ്ട് മത്സരങ്ങള്‍ വിജയിച്ച് ഇന്ത്യ പരമ്പര പിടിച്ചെടുത്തു. 

പരമ്പരയ്ക്ക് ഇറങ്ങുമ്പോള്‍ എന്തായിരുന്നോ മനസില്‍ അതില്‍ ഏതാണ്ട് എല്ലാ കാര്യങ്ങളും ഗ്രൗണ്ടില്‍ പ്രതിഫലിപ്പിക്കാന്‍ സാധിച്ചുവെന്ന് പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. വിചാരിച്ച കാര്യങ്ങള്‍ മൈതാനത്ത് നടപ്പാക്കുന്നതില്‍ ഏറെക്കുറെ വിജയിച്ചുവെന്നും ചില മേഖലകള്‍ ഏറെ മെച്ചപ്പെടാനുണ്ടെന്ന കാര്യം അംഗീകരിക്കുന്നതായും ക്യാപ്റ്റന്‍ പറയുന്നു. 

'പരമ്പരയില്‍ നിന്ന് ഞങ്ങള്‍ ആഗ്രഹിച്ചതെല്ലാം ലഭിച്ചു. ടീം മെച്ചപ്പെടേണ്ട ചില മേഖലകള്‍ ഉണ്ട്. എന്നാല്‍ മൊത്തത്തില്‍ ടീമിനെ സംബന്ധിച്ച് മികച്ച പരമ്പരയായിരുന്നു. എല്ലാ മേഖലകളിലും മികച്ച രീതിയിലുള്ള പ്രകടനം പുറത്തെടുക്കാനാണ് ടീം ആഗ്രഹിക്കുന്നത്. ബൗളിങിലും ഫീല്‍ഡിങിലും മികവ് ഇനിയും ഉയരേണ്ടതുണ്ട്. അതിനായി കഠിനാധ്വാനം ചെയ്യണം.' 

'ഏഷ്യാ കപ്പിന് ശേഷം കളിച്ച അവസാന എട്ടോ ഒന്‍പതോ മത്സരങ്ങളില്‍ ടീമിന്റെ ബാറ്റിങ് ഉജ്ജ്വലമായിരുന്നു. എങ്കിലും ഇനിയും കൂടുതല്‍ ക്ലിനിക്കല്‍, ആക്രമണോത്സുകത ബാറ്റിങില്‍ പ്രകടിപ്പിക്കേണ്ടതുണ്ട്. ആക്രമണോത്സുകത നിലനിര്‍ത്തി മുന്നോട്ടു പോകാനാണ് ടീം ആഗ്രഹിക്കുന്നത്.' 

'ബൗളിങ്, ഫീല്‍ഡിങ് മേഖലകളില്‍ കാര്യമായ ശ്രദ്ധ കൊടുക്കേണ്ടതുണ്ട്. ഈ രണ്ട് മേഖലകളില്‍ കഠിനാധ്വാനം നടത്തി മികവ് തിരിച്ചു പിടിക്കാനാണ് ശ്രദ്ധ കൊടുക്കുന്നത്. ബാറ്റിങിനേക്കാള്‍ ടീം നിലവില്‍ കൂടുതല്‍ പരിഗണന നല്‍കുന്നത് ബൗളിങ് മെച്ചപ്പെടുത്താനാണ്'- രോഹിത് വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

ടീമിലെ ഏറ്റവും 'പ്രായം കുറഞ്ഞ' അംഗം; ട്രോഫി ദിനേഷ് കാര്‍ത്തികിന് ഇരിക്കട്ടെ! (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ