വിക്കറ്റ്, വിക്കറ്റ്, 1, 0, 0, വിക്കറ്റ്! ഇം​ഗ്ലണ്ട് വീണു മൂക്കും കുത്തി  (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 26th September 2022 02:16 PM  |  

Last Updated: 26th September 2022 02:16 PM  |   A+A-   |  

pak

ഫോട്ടോ: എഎഫ്പി

 

കറാച്ചി: വിജയ സാധ്യതകൾ മാറിമറിഞ്ഞ പോരിൽ ഇം​ഗ്ലണ്ടിനെ മൂന്ന് റൺസിന് വീഴ്ത്തി ടി20 പരമ്പരയിൽ ഒപ്പമെത്തി പാകിസ്ഥാൻ. ഒരു ഘട്ടത്തിൽ പാകിസ്ഥാൻ അനായാസം വിജയിക്കുമെന്ന് തോന്നിച്ചു. എന്നാൽ പിന്നീട് കളി ഇം​ഗ്ലണ്ടിന്റെ വരുതിയിലായി. പക്ഷേ ഭാ​ഗ്യം പാകിസ്ഥാനൊപ്പമായിരുന്നു. 

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ നാല് വിക്കറ്റ് നഷ്ടത്തിൽ 166 റൺസ് കണ്ടെത്തി. വിജയം തേടിയിറങ്ങിയ ഇം​ഗ്ലണ്ടിന്റെ പോരാട്ടം 163 റൺസിൽ അവസാനിച്ചു. 

167 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തില്‍ 14 റണ്‍സെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ട നിലയിലായിരുന്നു. ഫിലിപ്പ് സാള്‍ട്ടിനെ നവാസ് ആദ്യ ഓവറിൽ വീഴ്ത്തിയപ്പോള്‍ മൊഹമ്മദ് ഹസ്നൈന്‍ അലക്സ് ഹെയിൽസിനെയും വിൽ ജാക്സിനെയും രണ്ടാം ഓവറിൽ പുറത്താക്കി.

അവിടെ നിന്ന് ബെന്‍ ഡുക്കെറ്റ് (33), ഹാരി ബ്രൂക്ക് (34) എന്നിവർ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 43 റൺസാണ് ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റിൽ നേടിയത്. പിന്നീട് ക്യാപ്റ്റന്‍ മൊയിന്‍ അലി (29)യും മികച്ച സംഭാവന നൽകി. അഞ്ചാം വിക്കറ്റിൽ 49 റൺസുമായി ഹാരി ബ്രൂക്കും മൊയിന്‍ അലിയും ഇംഗ്ലണ്ടിന്റെ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തി. തൊട്ടടുത്ത ഓവറിൽ മൊഹമ്മദ് വസീം ജൂനിയര്‍ ഹാരി ബ്രൂക്കിനെ പുറത്താക്കിയതോടെ ഇംഗ്ലണ്ട് പ്രതീക്ഷകള്‍ അസ്തമിച്ചുവെന്ന് തോന്നിപ്പിച്ചു. ഏഴിന് 130 എന്ന നിലയിലേക്ക് അവർ വീണിരുന്നു അപ്പോൾ. 

എന്നാല്‍ പാകിസ്ഥാന്‍ വിജയ പ്രതീക്ഷയുമായി പന്തെറിയവേ ലിയാം ഡോവ്‌സന്റെ ക്രീസിലേക്കുള്ള വരവ് ഇംഗ്ലണ്ടിന് വീണ്ടും പ്രതീക്ഷ നല്‍കി. കനത്ത പ്രഹരങ്ങളുമായി താരം കളം നിറഞ്ഞു. എന്നാൽ ഹാരിസ് റൗഫ് പാകിസ്ഥാന്റെ രക്ഷകനായി. താരത്തിന്റെ മികച്ച ബൗളിങ് പാകിസ്ഥാനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. റൗഫിന്റെ ഇരട്ട പ്രഹരം ഇംഗ്ലണ്ടിന്റെ ശേഷിച്ച പ്രതീക്ഷകളെയും തല്ലിക്കെടുത്തി.

വിജയത്തിന് അഞ്ച് റൺസ് അകലെ റൗഫ് ലിയാം ഡോവ്‌സനെ വീഴ്ത്തുമ്പോള്‍ 17 പന്തിൽ 34 റൺസ് താരം നേടിയിരുന്നു. തൊട്ടടുത്ത പന്തിൽ ഒല്ലി സ്റ്റോണിനെയും റൗഫ് പുറത്താക്കി. അവസാന ഓവറിൽ ഇം​ഗ്ലണ്ടിന് ഒരു വിക്കറ്റ് കൈയിലിരിക്കെ ജയിക്കാൻ വേണ്ടിയിരുന്നത് ആറ് പന്തിൽ നാല് റൺസായിരുന്നു. മുഹമ്മദ് വാസിം എറിഞ്ഞ അവസാന ഓവറിലെ ആദ്യ പന്തിൽ റണ്ണില്ല. രണ്ടാം പന്തിൽ റീസ് ടോപ്ലി റണ്ണൗട്ട്! ഇംഗ്ലണ്ടിന്റെ ഇന്നിങ്സ് 19.2 ഓവറിൽ 163 റൺസിൽ അവസാനിച്ചു. നാല് പന്ത് ശേഷിക്കെ പാകിസ്ഥാന് മൂന്ന് റൺസ് ജയം. 

നേരത്തെ മാരക ഫോമിൽ കളിക്കുന്ന ഓപ്പണർ മു​ഹമ്മദ് റിസ്വാന്റെ (88) കിടിലൻ ബാറ്റിങാണ് പാകിസ്ഥാന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ക്യാപ്റ്റൻ ബാബർ അസം (36), ഷാൻ മസൂദ് (21) എന്നിവരും പാക് നിരയിൽ തിളങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ടി20 റാങ്കിങ്; ഇന്ത്യ ഒന്നാം സ്ഥാനത്ത്; പിന്തള്ളിയത് ഇംഗ്ലണ്ടിനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ