16,000 റണ്‍സ്! കോഹ്‌ലി 'റെക്കോര്‍ഡ് വേട്ട' പുനരാരംഭിച്ചു; മുന്നില്‍ സച്ചിന്‍ മാത്രം

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 26th September 2022 10:30 AM  |  

Last Updated: 26th September 2022 10:30 AM  |   A+A-   |  

virat

ഫോട്ടോ: പിടിഐ

 

ഹൈദരാബാദ്: ബാറ്റിങ് ഫോം വീണ്ടെടുത്ത് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി തന്റെ കുതിപ്പ് പുനരാരംഭിച്ചതിന്റെ ആവേശത്തിലാണ് ആരാധകര്‍. ദിവസങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനിസ്ഥാനെതിരായ ടി20 പോരാട്ടത്തില്‍ അന്താരാഷ്ട്ര ടി20യിലെ ആദ്യ സെഞ്ച്വറി നേടി ഫോമിലേക്ക് മടങ്ങിയെത്താന്‍ കോഹ്‌ലിക്ക് സാധിച്ചിരുന്നു. ഏതാണ്ട് മൂന്ന് വര്‍ഷം നീണ്ട സെഞ്ച്വറി വരള്‍ച്ചയ്ക്ക് വിരാമമിടാനും അന്ന് കോഹ്‌ലിക്ക് സാധിച്ചു. 

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര നേട്ടത്തിലേക്ക് ഇന്ത്യയെ നയിക്കുന്നതില്‍ കോഹ്‌ലി നേടിയ അര്‍ധ സെഞ്ച്വറിയും നിര്‍ണായകമായി. 48 പന്തില്‍ 63 റണ്‍സെടുത്ത കോഹ്‌ലി ഒരു നാഴികക്കല്ലും ഇതോടെ പിന്നിട്ടു. 

പരിമിത ഓവര്‍ ക്രിക്കറ്റില്‍ 16,000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. ഓസ്‌ട്രേലിയക്കതിരായ അര്‍ധ സെഞ്ച്വറിക്ക് പിന്നാലെയായിരുന്നു നേട്ടം. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമാണ് ഇനി കോഹ്‌ലിക്ക് മുന്നിലുള്ളത്. 

ഏകദിന, ടി20 ഫോര്‍മാറ്റുകളില്‍ നിന്ന് 16,004 റണ്‍സാണ് നിലവില്‍ കോഹ്‌ലിയുടെ സമ്പാദ്യം. 369 മത്സരങ്ങളും 352 ഇന്നിങ്‌സുകളും കളിച്ചാണ് നേട്ടം. ആവറേജ് 55.95. പരിമിത ഓവര്‍ ക്രിക്കറ്റില്‍ 44 സെഞ്ച്വറികളും 97 അര്‍ധ സെഞ്ച്വറികളും അടിച്ചെടുത്തു. 

262 ഏകദിന മത്സരങ്ങളില്‍ നിന്ന് 12,344 റണ്‍സാണ് നേടിയത്. ആവറേജ് 57.68. 43 സെഞ്ച്വറികളും 64 അര്‍ധ സെഞ്ച്വറികളും. മികച്ച വ്യക്തിഗത സ്‌കോര്‍ 183 റണ്‍സ്. 

107 ടി20 മത്സരങ്ങളില്‍ നിന്ന് 3,660 റണ്‍സാണ് നേട്ടം. ഒരു സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറികളും. മികച്ച സ്‌കോര്‍ 122 റണ്‍സ്. ആവറേജ് 50.83.   

463 ഏകദിന പോരാട്ടങ്ങളില്‍ നിന്നായി സച്ചിന്‍ 18,426 റണ്‍സാണ് സ്‌കോര്‍ ചെയ്തിട്ടുള്ളത്. 49 സെഞ്ച്വറികളും 96 അര്‍ധ ശതകങ്ങളും. 44.83 ആണ് ആവറേജ്. മികച്ച സ്‌കോര്‍ 200 റണ്‍സ്. ഒരു ടി20 മത്സരം മാത്രമാണ് സച്ചിന്‍ കളിച്ചിട്ടുള്ളത്. പത്ത് റണ്‍സ് നേടി. ഇതും ഉള്‍പ്പെടുത്തുമ്പോള്‍ സച്ചിന്റെ ആകെ റണ്‍സ് നേട്ടം 18,436 ആകും.

ഈ വാര്‍ത്ത കൂടി വായിക്കൂ

ഓസ്ട്രേലിയക്കെതിരെ ത്രില്ലർ ജയം; ടീം ഇന്ത്യക്ക് റെക്കോർഡ് തിളക്കം; പിന്തള്ളിയത് പാകിസ്ഥാനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ