ഓസ്ട്രേലിയക്കെതിരെ ത്രില്ലർ ജയം; ടീം ഇന്ത്യക്ക് റെക്കോർഡ് തിളക്കം; പിന്തള്ളിയത് പാകിസ്ഥാനെ

By സമകാലിക മലയാളം ഡെസ്‌ക്   |   Published: 26th September 2022 10:03 AM  |  

Last Updated: 26th September 2022 10:03 AM  |   A+A-   |  

india

ഫോട്ടോ: പിടിഐ

 

ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര നേട്ടത്തിന് പിന്നാലെ ഒരു അപൂർവ റെക്കോർഡും ഇന്ത്യ സ്വന്തമാക്കി. ചിരവൈരികളായ പാകിസ്ഥാനെ പിന്തള്ളിയാണ് നേട്ടമെന്നതും ഇരട്ടി മധുരമായി. 

മൂന്നാം ടി20യിൽ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയ ഇന്ത്യ ഒരു കലണ്ടർ വർഷം ഏറ്റവും കൂടുതൽ ടി20 വിജയങ്ങൾ സ്വന്തമാക്കുന്ന ടീമെന്ന റെക്കോർഡാണ് സ്വന്തം പേരിലേക്ക് മാറ്റിയത്. പാകിസ്ഥാന്റെ പേരിലുണ്ടായിരുന്ന 20 ടി20 വിജയങ്ങളെന്ന റെക്കോർഡ് 21 വിജയങ്ങളാക്കി മാറ്റിയാണ് ഇന്ത്യയുടെ കുതിപ്പ്. 

ഹൈദരാബാദിലെ മൂന്നാം ടി20യില്‍ വിജയിച്ച് രോഹിത് ട്രോഫി ഉയര്‍ത്തിയതിന് പിന്നാലെയാണ് റെക്കോർഡ് നേട്ടം. പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം 2021ല്‍ സ്ഥാപിച്ച റെക്കോര്‍‍ഡാണ് ഹൈദരാബാദിലെ വിജയത്തോടെ ഇന്ത്യ പഴങ്കഥയാക്കിയത്. 

2022ല്‍ ഇന്ത്യക്ക് 21 ടി20 ജയങ്ങളായി. നേരത്തെ നാഗ്‌പൂരില്‍ നടന്ന രണ്ടാം ടി20യില്‍ ത്രില്ലര്‍ ജയവുമായി ടീം ഇന്ത്യ റെക്കോര്‍ഡ് ബുക്കില്‍ പാകിസ്ഥാന് ഒപ്പമെത്തിയിരുന്നു. 

2021ലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം 20 രാജ്യാന്തര ടി20കള്‍ വിജയിച്ചത്. ഇനി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ മൂന്ന് ടി20കളുടെ പരമ്പരയും പിന്നാലെ ടി20 ലോകകപ്പും നടക്കാനുള്ളതിനാല്‍ റെക്കോര്‍ഡ് ബുക്കില്‍ പാകിസ്ഥാനെ ബഹുദൂരം പിന്നിലാക്കാന്‍ ടീം ഇന്ത്യക്ക് സാധിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

തലങ്ങും വിലങ്ങും സിക്സും ഫോറും; വെട്ടിത്തിളങ്ങി സൂര്യകുമാർ, കോഹ്‌ലി; ഓസീസിനെ തകർത്ത് ഇന്ത്യ; ജയം, പരമ്പര

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ