ഹൈദരാബാദ്: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക് സ്വന്തം. മൂന്നാം പോരാട്ടത്തിൽ ഓസീസിനെ ആറ് വിക്കറ്റിന് തകർത്താണ് ഇന്ത്യ പരമ്പര പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 187 റൺസ് വിജയ ലക്ഷ്യം ഒരു പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര 2–1 ന് ഇന്ത്യ സ്വന്തമാക്കി.
സൂര്യകുമാർ യാദവ് (36 പന്തിൽ 69), വിരാട് കോഹ്‌ലി (48 പന്തിൽ 63) എന്നിവരുടെ അർധ സെഞ്ച്വറികളാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്. അവസാന ഓവറുകളിൽ ഹാർദിക് പാണ്ഡ്യയും (16 പന്തിൽ പുറത്താകാതെ 25) മികച്ച ബാറ്റിങ് പുറത്തെടുത്തു. ബൗണ്ടറിയടിച്ച് പാണ്ഡ്യയാണ് ഇന്ത്യൻ ജയം ഉറപ്പിച്ചത്. ഒരു റണ്ണുമായി ദിനേഷ് കാർത്തിക് പുറത്താകാതെ നിന്നു.
അവസാന ഓവറിൽ 11 റൺസാണ് വിജയത്തിനായി ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ സിക്സർ പറത്തി കോഹ്‌ലി
ആവേശമുയർത്തി. പക്ഷേ തൊട്ടടുത്ത പന്തിൽ ഫിഞ്ചിനു ക്യാച്ച് നൽകി കോഹ്‌ലി മടങ്ങി. ജയിക്കാൻ പിന്നെ വേണ്ടത് നാല് പന്തിൽ അഞ്ച് റൺസ്. പിന്നാലെ ക്രീസിലെത്തിയ ദിനേഷ് കാർത്തിക് നേരിട്ട ആദ്യ പന്തിൽ സിംഗിൾ നേടി സ്ട്രൈക് ഹാർദിക്കിന് കൈമാറി. പിന്നെ മൂന്ന് പന്തിൽ നാല് റൺസ് എന്ന നില. തൊട്ടടുത്ത പന്ത് ഡോട് ബോളായതോടെ സമ്മർദമേറി. എന്നാൽ അഞ്ചാം പന്ത് യോർക്കർ എറിയാനുള്ള ഡാനിയൽ സാംസിന്റെ ശ്രമം പാളി പന്ത് ബൗണ്ടറി കടന്നു. ഒപ്പം ഇന്ത്യയുടെ ആവേശ വിജയും.
ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ കെഎൽ രാഹുലിന്റെ (നാല് പന്തിൽ ഒന്ന്) വിക്കറ്റ് നഷ്ടമായി. നാലാം ഓവറിൽ ക്യാപ്റ്റൻ രോഹിത് ശർമയും (14 പന്തിൽ 17) മടങ്ങി. എന്നാൽ മൂന്നാം വിക്കറ്റിൽ കോഹ്‌ലിയും സൂര്യകുമാറും ചേർന്ന് നേടിയ സെഞ്ച്വറി കൂടുകെട്ടാണ് ഇന്ത്യൻ ജയത്തിൽ നിർണായകമായത്.
36 പന്തിൽ അഞ്ച് വീതം സിക്സും ഫോറും സഹിതമാണ് സൂര്യകുമാർ 69 റൺസ് അടിച്ചെടുത്തത്. നാല് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്സ്.
ഓസ്ട്രേലിയയ്ക്കായി ഡാനിയൽ സാംസ് രണ്ട് വിക്കറ്റും ജോഷ് ഹെയ്സൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ലോകകപ്പിനു മുൻപുള്ള പരമ്പര വിജയം ഇന്ത്യൻ ടീമിനു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത ടി20 പരമ്പര. ബുധനാഴ്ച, തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ, നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 186 റൺസ് എടുത്തത്. അർധ സെഞ്ച്വറി നേടിയ ടിം ഡേവിഡ് (27 പന്തിൽ 54), ഓപ്പണർ കാമറൂൺ ഗ്രീൻ (21 പന്തിൽ 52) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസീസ് മികച്ച സ്കോർ നേടിയത്.
മറ്റ് ഓസീസ് ബാറ്റർമാരിൽ ജോഷ് ഇംഗ്ലിസ് (22 പന്തിൽ 24), ഡാനിയർ സാംസ് (20 പന്തിൽ പുറത്താകാതെ 28) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (ആറ് പന്തിൽ ഏഴ്), സ്റ്റീവൻ സ്മിത്ത് (10 പന്തിൽ ഒൻപത്), ഗ്ലെൻ മാക്‌സ്‌വെൽ (11 പന്തിൽ ആറ്), മാത്യു വെയ്ഡ് (മൂന്ന് പന്തിൽ ഒന്ന്), പാറ്റ് കമ്മിൻസ് (പുറത്താകാതെ പൂജ്യം) എന്നിങ്ങനെയാണ് മറ്റു ബാറ്റർമാരുടെ സ്കോറുകൾ.
ഇന്ത്യയ്ക്കായി അക്ഷർ പട്ടേൽ മൂന്ന് വിക്കറ്റും ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ, യുസ്‌വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. ജസ്പ്രിത് ബുമ്ര നാല് ഓവറിൽ 50 റൺസ് വഴങ്ങിയത് ഇന്ത്യയ്ക്ക് പ്രഹരമായി. ബൗളർമാരിൽ ഏറ്റവുമധികം റൺസ് വിട്ടുകൊടുത്ത ബുമ്രയ്ക്ക് വിക്കറ്റൊന്നും നേടാനുമായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates