'എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ സ്‌ക്രീനില്‍ കാണുന്നു'- മഞ്ജരേക്കറുടെ ചിത്രവുമായി ജഡേജ; പന്തികേട് മണത്ത് ആരാധകരും
By സമകാലിക മലയാളം ഡെസ്ക് | Published: 30th September 2022 10:51 AM |
Last Updated: 30th September 2022 10:51 AM | A+A A- |

ഫോട്ടോ: ട്വിറ്റർ
കൊല്‍ക്കത്ത: ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജയും മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കറും തമ്മിലുള്ള സൗന്ദര്യ പിണക്കം ആരാധകര്‍ അത്ര പെട്ടെന്ന് മറക്കാത്ത കാര്യമാണ്. പിന്നീട് ഈ അടുത്ത കാലത്ത് ഏഷ്യാ കപ്പിലെ പുരസ്‌കാര ചടങ്ങിനിടെയാണ് ഇരുവര്‍ക്കുമിടയില്‍ മഞ്ഞുരുക്കം ഉണ്ടായത്.
ഇപ്പോഴിതാ ശ്രദ്ധേയമായൊരു ട്വീറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ജഡേജ. പരിക്കേറ്റ് വിശ്രമിക്കുന്ന താരം സഞ്ജയ് മഞ്ജരേക്കറിന്റെ ടെലിവിഷന്‍ ദൃശ്യമാണ് ട്വിറ്ററിലൂടെ പങ്കിട്ടത്. 'എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനെ സ്‌ക്രീനില്‍ കാണുന്നു'- എന്ന ക്യാപ്ഷനോടെയാണ് മഞ്ജരേക്കറുടെ പടം ജഡേജ ട്വീറ്റ് ചെയ്തത്. മഞ്ജരേക്കറിനെ ടാഗ് ചെയ്യാനും ജഡ്ഡു മറന്നില്ല. പക്ഷേ ഈ ഫോട്ടോയ്ക്ക് പിന്നില്‍ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നാണ് ആരാധകര്‍ തിരക്കുന്നത്.
Watching my dear friend on screen @sanjaymanjrekar pic.twitter.com/gU9CnxC9Mx
— Ravindrasinh jadeja (@imjadeja) September 29, 2022
ലെജന്റ്‌സ് ലീഗ് ക്രിക്കറ്റിന്റെ കമന്ററ്റേറാണ് നിലവില്‍ മഞ്ജരേക്കര്‍. ഇതിന്റെ വീഡിയോ ദൃശ്യമാണ് ജഡേജ പങ്കിട്ടത്.
ജഡേജ ടെസ്റ്റ് മത്സരങ്ങളില്‍ പരാജയപ്പെട്ട ബൗളറാണെന്നതടക്കമുള്ള കടുത്ത ആരോപണങ്ങള്‍ മഞ്ജരേക്കര്‍ നേരത്തെ ഉന്നയിച്ചിരുന്നു. ഇതിന് ബാറ്റിങിലൂടെയും മറ്റും മറുപടി പറഞ്ഞും കമന്ററി ബോക്‌സിലേക്ക് ബാറ്റ് ചൂണ്ടിയും ജഡേജയും പ്രതികരിച്ചിരുന്നു.
അതിനിടെയാണ് ഏഷ്യാ കപ്പിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാര സമര്‍പ്പണത്തിനിടെ ഇരുവരും വീണ്ടും സംസാരിച്ചത്. എന്നോട് സംസാരിക്കുന്നതിന് താങ്കള്‍ക്ക് ബുദ്ധിമുട്ടുണ്ടോ എന്ന് ചോദിച്ചായിരുന്നു അന്ന് മഞ്ജരേക്കര്‍ ചോദ്യങ്ങള്‍ തുടങ്ങിയത്. തീര്‍ച്ചയായും താങ്കളോട് സംസാരിക്കുന്നതിന് ഒരു ബുദ്ധിമുട്ടും ഇല്ല എന്നായിരുന്നു ജഡേജയുടെ ചിരിച്ചുള്ള മറുപടി.
ഈ വാർത്ത കൂടി വായിക്കൂ
ബുമ്രയ്ക്ക് പകരം മുഹമ്മദ് സിറാജ്; ദക്ഷിണാഫ്രിക്കക്കെതിരെ കളിക്കും
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ