'ഒരു വർഷത്തിനുള്ളിൽ ബുമ്രയ്ക്ക് പരിക്കേൽക്കും'- അക്തർ അന്നേ പറഞ്ഞു; അതു തന്നെ സംഭവിച്ചു! (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th September 2022 11:54 AM  |  

Last Updated: 30th September 2022 11:54 AM  |   A+A-   |  

bumrah

ബുമ്ര/ഫോട്ടോ: എഎഫ്പി

 

മുംബൈ: ടി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കെ പേസര്‍ ജസ്പ്രിത് ബുമ്ര പരിക്കിനെത്തുടര്‍ന്ന് പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്. പുറംവേദന അലട്ടുന്ന താരത്തിന് ആറ് മാസത്തെ വിശ്രമമാണ് ബിസിസിഐ മെഡിക്കൽ സംഘം നിർദ്ദേശിച്ചിരിക്കുന്നത്. ഇതോടെ താരത്തിന്റെ ലോകകപ്പ് സാന്നിധ്യവും അനിശ്ചിതത്വത്തിലായി. 

ബുമ്ര ലോകകപ്പില്‍ കളിക്കില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ കളിക്കാനിറങ്ങുമെന്ന ഒരു  പ്രതീക്ഷയും നിലവിലെ സാഹചര്യത്തിൽ ഇല്ല. 

പുറവേദനയെ തുടർന്ന് ഏഷ്യാ കപ്പിൽ നിന്ന് ബുമ്ര വിട്ടുനിന്നിരുന്നു. പിന്നീട് ഓസ്ട്രേലിയക്കെതിരായ പോരാട്ടത്തിൽ തിരിച്ചെത്തി. ഇതിന് പിന്നാലെയാണ് താരം ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്ക് തയ്യാറെടുത്തത്. എന്നാൽ ആദ്യ മത്സരത്തിന് തൊട്ടുമുൻപ് ബുമ്രയ്ക്ക് കടുത്ത പുറം വേദന അനുഭവപ്പെടുകയായിരുന്നു. 

ഇപ്പോഴിതാ താരത്തിന്റെ പരിക്ക് മുൻകൂട്ടി കണ്ട് ഒരു വർഷം മുൻപ് മുന്നറിയിപ്പ് നൽകിയ പാക് പേസ് ഇതിഹാസം ഷൊയ്ബ് അക്തറിന്റെ പ്രവചനമാണ് വയറലായി മാറുന്നത്. ബുമ്രയുടെ നടുവിന് പരിക്കേല്‍ക്കാനുള്ള സാധ്യതയാണ് അക്തർ അന്ന് ചൂണ്ടിക്കാട്ടിയത്. സ്പോര്‍ട്സ് ടാക്കിനോട് സംസാരിക്കുമ്പോഴായിരുന്നു ബുമ്രക്ക് ഒരു വര്‍ഷത്തിനുള്ളില്‍ പരിക്കേല്‍ക്കുമെന്ന് അക്തർ പ്രവചിച്ചത്. 

ബുമ്രയുടെ ഫ്രണ്ട് ഓണ്‍ ആക്ഷന്‍ നടുവിന് കൂടുതല്‍ സമ്മര്‍ദ്ദം കൊടുക്കുന്നതാണെന്നും സൈഡ് ഓണ്‍ ആക്ഷനില്‍ പന്തെറിയുന്ന ബൗളര്‍മാരെക്കാള്‍ പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ  കൂടുതലാണെന്നും അക്തര്‍ പറഞ്ഞിരുന്നു. ന്യൂസിലന്‍ഡ് പേസര്‍ ഷെയ്ന്‍ ബോണ്ട്, വിന്‍ഡീസ് പേസര്‍ ഇയാന്‍ ബിഷപ്പ് എന്നിവരുടെ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബുമ്രക്കും ഇവരെപ്പോലെ പരിക്കേല്‍ക്കാനുള്ള സാധ്യത അക്തര്‍ വിശദീകരിച്ചത്.

ബുമ്രയെ എല്ലാ മത്സരങ്ങളിലും കളിപ്പിച്ചാല്‍ ഒരു വര്‍ഷത്തിനകം അദ്ദേഹത്തിന്‍റെ നടുവിന് പരിക്കേല്‍ക്കുമെന്നും അഞ്ച് മത്സര പരമ്പര കളിക്കുമ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മാത്രം കളിപ്പിച്ച് മറ്റ് രണ്ട് മത്സരങ്ങളില്‍ വിശ്രമം നല്‍കണമെന്നും അക്തര്‍ പറഞ്ഞിരുന്നു.

അക്തറുടെ ദീര്‍ഘവീക്ഷണത്തെ പ്രശംസിച്ചാണ് ആരാധകര്‍ ഇപ്പോള്‍ വീഡിയോ പങ്കുവെക്കുന്നത്. മുന്‍ വിന്‍ഡീസ് പേസര്‍ മൈക്കല്‍ ഹോള്‍ഡിങും സമാന രീതിയിൽ ബുമ്രയുടെ നടുവിന് പരിക്കേല്‍ക്കാനുള്ള സാധ്യത പ്രവചിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

‘കൊമ്പ് വച്ച സഞ്ജു‘ ബീച്ചിൽ- ‘കുറുമ്പൻ ചേട്ട‘ന്റെ വീഡിയോ പങ്കിട്ട് സംവിധായകൻ ബേസിൽ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ