

ഇസ്ലാമബാദ്: ഐപിഎല്ലിന്റെ പ്രഥമ സീസണിൽ ഷാഹീദ് അഫ്രീദി അടക്കമുള്ള പാകിസ്ഥാൻ താരങ്ങൾ ഐപിഎൽ കളിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ- പാക് ക്രിക്കറ്റ് പോരാട്ടങ്ങൾ അനിശ്ചിതത്വത്തിലായതോടെ പാക് താരങ്ങൾക്ക് പിന്നീട് ഒരു സീസണിലും ഐപിഎല്ലിന്റെ ഭാഗമാകാൻ സാധിച്ചിട്ടില്ല. എന്നാൽ ഇക്കാര്യത്തിൽ പാക് താരങ്ങൾ നിരാശപ്പെടേണ്ട ആവശ്യമില്ലെന്നും ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ സമീപനം ധിക്കാരം കലർന്നതാണെന്നും മുൻ പാക് നായകനും പ്രധാനമന്ത്രിയുമായിരുന്ന ഇമ്രാൻ ഖാൻ.
'ഐപിഎൽ കളിക്കാൻ സാധിക്കാത്തതിൽ പാക് താരങ്ങൾക്ക് നിരാശ ഉണ്ടാകേണ്ട കാര്യമൊന്നുമില്ല. വിചിത്രവും ധിക്കാരപരവുമായി നിലപാടുകളാണ് ഇക്കാര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്നത്. കുറേ പണം സ്വരൂപിക്കാൻ ശേഷിയുള്ളതിനാൽ ബിസിസിഐക്ക് അതിന്റെ അഹങ്കാരമാണ്. '
'മറ്റ് ടീമുകളെ അപേക്ഷിച്ച് ധാരാളം ഫണ്ട് സ്വരൂപിക്കുന്നതിനാൽ ക്രിക്കറ്റ് ലോകത്തെ സൂപ്പർ പവറായാണ് ഇന്ത്യയുടെ പെരുമാറ്റം. ആരോടൊക്കെ മത്സരിക്കണം, മത്സരിക്കണ്ട എന്ന കാര്യത്തിലൊക്കെ ഏകാധിപത്യമാണ് ഇന്ത്യ പുലർത്തുന്നത്. ഇന്ത്യ- പാക് ബന്ധം ഇത്തരത്തിലായത് വളരെ ദൗർഭാഗ്യകരമാണ്'- ഇമ്രാൻ പറഞ്ഞു.
2008ൽ പാക് താരങ്ങളിൽ ചിലർ ഐപിഎൽ കളിച്ചെങ്കിലും പിന്നീട് മുംബൈ ഭീകരാക്രമണത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെയാണ് പാക് താരങ്ങൾക്ക് ക്രിക്കറ്റ് ലോകത്തെ പണമൊഴുകും ടൂർണമെന്റ് അപ്രാപ്യമായത്. മുൻ പാക് താരം അസ്ഹർ മഹമൂദ് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതിനാൽ അദ്ദേഹത്തിന് ഇടക്കാലത്ത് ഐപിഎൽ കളിക്കാൻ സാധിച്ചു.
ഏഷ്യാ കപ്പിൽ പങ്കെടുക്കാൻ ഇന്ത്യ പാകിസ്ഥാനിലേക്ക് വരില്ലെന്ന് കടുത്ത നിലപാടെടുത്തതോടെ ഐസിസി ഇന്ത്യയുടെ ഏഷ്യാ കപ്പ് മത്സരങ്ങൾ മറ്റൊരു വേദിയിൽ നടത്താൻ സമീപ ദിവസങ്ങളിൽ തീരുമാനിച്ചിരുന്നു. പിന്നാലെ ലോകകപ്പ് കളിക്കാൻ ഇന്ത്യയിലേക്ക് വരില്ലെന്ന നിലപാടിൽ നിൽക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ്. തങ്ങളുടെ ലോകകപ്പ് മത്സരങ്ങൾ ബംഗ്ലാദേശിലോ, ശ്രീലങ്കയിലോ നടത്തണമെന്നാണ് പാക് നിലപാട്. ഇക്കാര്യത്തിൽ പക്ഷേ ഐസിസി തീരുമാനമൊന്നും എടുത്തിട്ടില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates