ആവേശം അവസാന പന്ത് വരെ; ചെപ്പോക്കിൽ ലഖ്നൗവിനെ തകർത്ത് ധോനിപ്പട

22 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം മേയേഴ്സ് 53 റൺസുമായി മടങ്ങി. ക്യാപ്റ്റൻ കെഎൽ രാഹുലുമൊത്തുള്ള ഓപ്പണിങ് സഖ്യത്തിൽ 5.3 ഓവറിൽ 79 റൺസ് ബോർഡിൽ ചേർത്താണ് താരം മടങ്ങിയത്
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന മൊയീൻ അലി/ പിടിഐ
സഹ താരങ്ങൾക്കൊപ്പം വിക്കറ്റ് നേട്ടമാഘോഷിക്കുന്ന മൊയീൻ അലി/ പിടിഐ

ചെന്നൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈയിലെ ചെപ്പോക്ക് എംഎ ചിദംബരം സ്റ്റേഡിയത്തിൽ കളിക്കാനിറങ്ങിയ ചെന്നൈ സൂപ്പർ കിങ്സ് പതിവ് തെറ്റിച്ചില്ല. ഐപിഎല്ലിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട അവർ സ്വന്തം തട്ടകത്തിൽ അതിശക്തമായി തിരിച്ചെത്തി. രണ്ടാം മത്സരത്തിൽ അവർ ലഖ്നൗ സൂപ്പർ ജയ്ന്റ്സിനെ വീഴ്ത്തി. ഈ സീസണിലെ ആദ്യ വിജയവും അവർ സ്വന്തം തട്ടകത്തിൽ കുറിച്ചു. 12 റൺസിനാണ് ചെന്നൈ വിജയിച്ചത്.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 217 റൺസെന്ന കൂറ്റൻ ലക്ഷ്യമാണ് മുന്നിൽ വച്ചത്. മറുപടി പറയാനിറങ്ങിയ ലഖ്നൗ തുടക്കത്തിൽ അതേ നാണയത്തിൽ തിരിച്ചടിച്ചെങ്കിലും പിന്നീട് വിക്കറ്റുകൾ നഷ്ടമായത് അവരെ പിന്നോട്ടടിച്ചു. ലഖ്നൗവിന്റെ പോരാട്ടം നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസിൽ അവസാനിച്ചു. 

ആദ്യ കളിയിൽ അർധ സെഞ്ച്വറി നേടി ലഖ്നൗവിന്റെ വിജയത്തിൽ നിർണായക പങ്കു വഹിച്ച ഓപ്പണറും വിൻഡീസ് താരവുമായ കെയ്ൽ മേയേഴ്സ് കൂറ്റനടികളുമായി തുടക്കം മുതൽ കത്തിക്കയറി. തുടർച്ചയായി രണ്ടാം മത്സരത്തിലും താരം അർധ ശതകം നേടി. എന്നാൽ താരം മടങ്ങിയതോടെ ലഖ്നൗവിന്റെ തകർച്ചയും തുടങ്ങി. 

22 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും സഹിതം മേയേഴ്സ് 53 റൺസുമായി മടങ്ങി. ക്യാപ്റ്റൻ കെഎൽ രാഹുലുമൊത്തുള്ള ഓപ്പണിങ് സഖ്യത്തിൽ 5.3 ഓവറിൽ 79 റൺസ് ബോർഡിൽ ചേർത്താണ് താരം മടങ്ങിയത്. പിന്നാലെ ക്രീസിലെത്തിയ ദീപക് ഹൂഡ ആറ് പന്തിൽ രണ്ട് റൺസ് മാത്രമെടുത്ത് പുറത്തായി. പിന്നാലെ രാഹുലും പുറത്തായതോടെ മൂന്നിന് 82 എന്ന നിലയിലായി ലഖ്നൗ. ഹൂഡയ്ക്കു ശേഷമെത്തിയ ക്രുണാൽ പാണ്ഡ്യയും കാര്യമായി ക്രീസിൽ നിന്നില്ല. താരം ഒൻപത് റൺസെടുത്ത് മടങ്ങി.

പിന്നീട് മാര്‍ക്കസ് സ്റ്റോയിനിസ് (18 പന്തില്‍ 21), നിക്കോളാസ് പുരന്‍ (18 പന്തില്‍ 32), ആയുഷ് ബദോനി (18 പന്തില്‍ 23), കെ ഗൗതം (പുറത്താകാതെ 11 പന്തില്‍ 17), മാര്‍ക് വുഡ് (പുറത്താകാതെ മൂന്ന് പന്തില്‍ 10) എന്നിവര്‍ ശ്രമിച്ചെങ്കിലും വിജയത്തിലെത്തിക്കാനായില്ല. പുരന്‍ മൂന്ന് സിക്‌സും രണ്ട് ഫോറും പറത്തി.

ചെന്നൈയ്ക്കായി മൊയീൻ അലി നാല് വിക്കറ്റുകൾ വീഴ്ത്തി. തുഷാർ ദേശ്പാണ്ഡെ രണ്ടും മിച്ചൽ സാന്റ്നർ ഒരു വിക്കറ്റും വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈക്കായി ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദും ഡെവോൺ കോൺവെയും ചേർന്ന് മിന്നും തുടക്കം നൽകി. ഇരുവരും സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയർത്തി. ആദ്യ വിക്കറ്റിൽ 110 റൺസ് കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് ബോർഡിൽ ചേർത്തത്. 31 പന്തിൽ നാല് സിക്സും മൂന്നു ഫോറും സഹിതം 57 റൺസാണ് ഗെയ്ക്‌വാദ് അടിച്ചെടുത്തത്. ഗെയ്ക്‌വാദിന് മികച്ച പിന്തുണയുമായി ക്രീസിൽ നിലയുറപ്പിച്ച കോൺവെ 29 പന്തിൽ 47 റൺസെടുത്തു. താരം അഞ്ച് ഫോറും രണ്ട് സിക്സും പറത്തി. ​ഗെയ്ക്‌വാദിന്റെ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയാണിത്.  

സ്കോർ 110ൽ നിൽക്കെ രവി ബിഷ്ണോയിയുടെ പന്തിൽ മാർക് വുഡ് ക്യാച്ചെടുത്ത് ഗെയ്‌ക്‌വാദ് പുറത്തായി. പിന്നീട് ക്രീസിലെത്തിയ ശിവം ഡുബെയുമായി ചേർന്ന് കോൺവെ സ്കോർ ചലിപ്പിക്കാൻ നോക്കിയെങ്കിലും സ്കോർ 118ൽ നിൽക്കെ മാർക് വുഡിന്റെ പന്തിൽ ക്രുണാൽ പാണ്ഡ്യ ക്യാച്ചെടുത്ത് കോൺവെയും മടങ്ങി. 

പിന്നാലെ ക്രീസിലെത്തിയ ആർക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായില്ല. സ്കോർ 150ൽ നിൽക്കെ രവി ബിഷ്ണോയിയുടെ പന്തിൽ ശിവം ഡുബെ ( 16 പന്തിൽ 27) പുറത്തായി. മൊയീൻ അലി(13 പന്തിൽ 19)യും ബെൻ സ്റ്റോക്സും( എട്ട് പന്തിൽ എട്ട്) കാര്യമായ ചലനം സൃഷ്ടിക്കാതെ മടങ്ങിയപ്പോൾ അറാം വിക്കറ്റിൽ ക്രീസിലെത്തിയ അമ്പാട്ടി റായിഡുവാണ് സ്കോർ 200 കടത്തിയത്. 14 പന്തിൽ പുറത്താകാതെ 27 റൺസാണ് റായിഡു അടിച്ചത്. രണ്ട് വീതം സിക്സും ഫോറും താരം പറത്തി. 

ആറ് പന്തിൽ മൂന്ന് റൺസുമായി രവീന്ദ്ര ജഡേജ മടങ്ങിയപ്പോൾ അവസാന ഓവറിൽ ക്രീസിലെത്തിയ ക്യാപ്റ്റൻ‌ മഹേന്ദ്ര സിങ് ധോനി ആദ്യ രണ്ട് പന്തുകൾ സിക്സറിടിച്ച് മൈതാനം ഇളക്കിമറിച്ചെങ്കിലും മൂന്നാം പന്തിൽ പുറത്തായി. തല നേടിയ 12 റൺസ് പക്ഷേ കളിയിൽ നിർണായകമായി. മാർക് വുഡിനെ സിക്സർ പറത്താൻ ശ്രമിച്ചപ്പോൾ രവി ബിഷ്ണോയിയുടെ കൈകളിൽ ഒതുങ്ങുകയായിരുന്നു ധോനി. പിന്നാലെ എത്തിയ മിച്ചൽ സാന്റ്നർ ഒരു പന്തിൽ ഒരു റണ്ണെടുത്ത് പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com