'ആദ്യം ഒളിംപിക്‌സ് സ്വര്‍ണം, ഇപ്പോള്‍ മൂന്ന് വിക്കറ്റുകള്‍, കൊള്ളാം'- നീരജ് ചോപ്ര കെകെആര്‍ ടീമില്‍! 

കൊല്‍ക്കത്തയുടെ മിസ്റ്ററി സ്പിന്‍ പട്ടികയിലേക്ക് തന്റെ പേരും എഴുതിയിട്ടാണ് താരം കളം വിട്ടത്. അതും ആര്‍സിബിയുടെ മൂന്ന് വിക്കറ്റുകള്‍ പോക്കറ്റിലാക്കി
സുയഷ് ശർമ, നീരജ് ചോപ്ര/ ട്വിറ്റർ
സുയഷ് ശർമ, നീരജ് ചോപ്ര/ ട്വിറ്റർ

കൊല്‍ക്കത്ത: 19 കാരനായ സുയഷ് ശര്‍മയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ഇന്നലെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഐപിഎല്‍ പോരാട്ടത്തിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കളത്തിലിറങ്ങിയപ്പോള്‍ ഇംപാക്ട് പ്ലയറായി ബൗള്‍ ചെയ്യാനെത്തിയ താരത്തെ കണ്ട് ക്രിക്കറ്റ് ലോകം അത്ഭുതപ്പെട്ടു. 

താരത്തിന്റെ ഐപിഎല്‍ അരങ്ങേറ്റമായിരുന്നു ഇന്നലെ. ഐപിഎല്‍ മാത്രമല്ല വലിയ വേദിയിലെ കന്നി ടി20 പോരാട്ടം കൂടിയായിരുന്നു അത്. കൊല്‍ക്കത്തയുടെ മിസ്റ്ററി സ്പിന്‍ പട്ടികയിലേക്ക് തന്റെ പേരും എഴുതിയിട്ടാണ് താരം കളം വിട്ടത്. അതും ആര്‍സിബിയുടെ മൂന്ന് വിക്കറ്റുകള്‍ പോക്കറ്റിലാക്കി. ശരിക്കും ഇംപാക്ട് പ്ലയറായി തന്നെ താരം മാറി. മൂന്നോവറില്‍ 30 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഈ നിഗൂഢ സ്പിന്നര്‍ അരങ്ങേറ്റ പോരാട്ടം അവിസ്മരണീയമാക്കിയത്. 

19കാരനായ താരത്തിന്റെ ബൗളിങ് മികവ് മാത്രമായിരുന്നില്ല, അത്‌ലറ്റിക്‌സിലെ ഇന്ത്യയുടെ ഏക വ്യക്തിഗത ഒളിംപിക്‌സ് സ്വര്‍ണ ജേതാവായ നീരജ് ചോപ്രയുമായുള്ള താരത്തിന്റെ സാമ്യവും ആരാധകരെ വണ്ടറടിപ്പിച്ചു.  നീരജിനെപ്പോലെ മുടി നീട്ടി വളർത്തി റിബൺ കൊണ്ട് സമാനമായ രീതിയിൽ തലയിൽ കെട്ടുമായാണ് സുയഷ് കളത്തിലെത്തിയത്. ഇതും ആരാധകര്‍ പ്രത്യേകം നോട്ട് ചെയ്ത കാര്യങ്ങളാണ്. 

നിമിഷങ്ങള്‍ക്കുള്ളിലാണ് ഈ കാര്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി മാറിയത്. ഇരുവരും തമ്മിലുള്ള സാമ്യത്തെ ആഘോഷമാക്കി മാറ്റാനും ആരാധകര്‍ മറന്നില്ല. 

'ഈ നീരജ് ചോപ്ര എന്തൊക്കെയാണ് ചെയ്യുന്നത്. ആദ്യം ഒളിംപിക്‌സ് സ്വര്‍ണം, ഇപ്പോള്‍ മൂന്ന് വിക്കറ്റുകള്‍, കൊള്ളാം. എന്നായിരുന്നു ഒരു ആരാധകന്റെ ട്വീറ്റ്.' 

'കെകെആര്‍ ഇംപാക്ട് പ്ലയറായി നീരജ് ചോപ്രയെ കൊണ്ടു വന്നു.' മറ്റൊരാള്‍ കുറിച്ചു. 

'ആക്രമിക്കാന്‍ തിരിച്ചെത്തി നീരജ് ചോപ്ര.' എന്നായിരുന്നു മറ്റൊരു ആരാധകന്‍ കുറിച്ചത്. 

'ഒളിംപിക്‌സ് സ്വര്‍ണം നേടി ഒന്നര വര്‍ഷം കഴിഞ്ഞപ്പോള്‍ നീരജ് ചോപ്ര ഐപിഎല്ലിലും അരങ്ങേറി.' മറ്റൊരു കുറിപ്പ്. 

'നാലോവറില്‍ 30 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍. മഹത്തായ സ്‌പെല്‍. നിഗൂഢ സ്പിന്‍ ബൗളിങുമായി ഒളിംപിക്‌സ് സ്വര്‍ണ ജേതാവ് നീരജ് ചോപ്രയുടെ ഐപിഎല്‍ അരങ്ങേറ്റം.' 

'നീരജ് ചോപ്ര കെകെആറില്‍...'- ഇങ്ങനെ പോകുന്നു ഇരുവരേയും താരതമ്യപ്പെടുത്തിയുള്ള രസകരമായ ട്വീറ്റുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com