റണ്‍സും വിക്കറ്റും; രണ്ടാം ഇന്ത്യന്‍ താരം ഹര്‍ദിക് പാണ്ഡ്യ; ഐപിഎല്ലില്‍ നേട്ടം

രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ നേട്ടം
ഹർദിക് പാണ്ഡ്യ/ ട്വിറ്റർ
ഹർദിക് പാണ്ഡ്യ/ ട്വിറ്റർ

അഹമ്മദാബാദ്: ഐപിഎല്ലില്‍ പുതിയ നേട്ടം തൊട്ട് ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ ഹര്‍ദിക് പാണ്ഡ്യ. ഐപിഎല്ലില്‍ 2000ത്തിന് മുകളില്‍ റണ്‍സും 50നു മുകളില്‍ വിക്കറ്റും നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമെന്ന അപൂര്‍വ നേട്ടമാണ് താരം സ്വന്തമാക്കിയത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് നേട്ടം ആദ്യം സ്വന്തമാക്കിയ താരം. 

രാജസ്ഥാന്‍ റോയല്‍സിനെതിരായ പോരാട്ടത്തിലാണ് താരത്തിന്റെ നേട്ടം. മത്സരത്തില്‍ 19 പന്തില്‍ നിന്ന് 28 റണ്‍സാണ് ഹര്‍ദിക് നേടിയത്. മൂന്ന് ഫോറും ഒരു സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. നാലോവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി ഹര്‍ദിക് ഒരു വിക്കറ്റും സ്വന്തമാക്കി. പിന്നാലെയാണ് പുതിയ നേട്ടം. 

111 മത്സരങ്ങളില്‍ നിന്ന് 2,012 റണ്‍സാണ് താരം ഇതുവരെ ഐപിഎല്ലില്‍ നേടിയത്. ആവറേജ് 29.16. സ്‌ട്രൈക്ക് റേറ്റ് 146.33. എട്ട് അര്‍ധ സെഞ്ച്വറികള്‍. 91 റണ്‍സാണ് മികച്ച സ്‌കോര്‍. 51 വിക്കറ്റുകളും താരം നേടി. 17 റണ്‍സിന് മൂന്ന് വിക്കറ്റുകള്‍ നേടിയതാണ് മികച്ച പ്രകടനം. 

ഹര്‍ദിക് നീണ്ട കാലം മുംബൈ ഇന്ത്യന്‍സിന്റെ നിര്‍ണായക താരമായിരുന്നു. 2015ലാണ് താരം ഐപിഎല്ലില്‍ അരങ്ങേറിയത്. കഴിഞ്ഞ സീസണില്‍ റെക്കോര്‍ഡ് തുകയ്ക്ക് ഗുജറാത്തിലെത്തിയ താരം ടീമിന്റെ ക്യാപ്റ്റനായി കന്നി വരവില്‍ തന്നെ കിരീടം ഉയര്‍ത്തി ചരിത്രമെഴുതി. 

2000 റണ്‍സും 50ന് മുകളില്‍ വിക്കറ്റുമുള്ള ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ആറാം സ്ഥാനത്താണ് ഹര്‍ദിക്. 145 കളിയില്‍ നിന്ന് 3,874 റണ്‍സും 92 വിക്കറ്റുകളുമായി ഷെയ്ന്‍ വാട്‌സനാണ് ഒന്നാം സ്ഥാനത്ത്. 189 മത്സരങ്ങള്‍ കളിച്ച് 3,412 റണ്‍സും 69 വിക്കറ്റുകളുമായി കെയ്‌റോണ്‍ പൊള്ളാര്‍ഡ് രണ്ടാമതു നില്‍ക്കുന്നു. 

മൂന്നാമതുള്ള ജഡേജ 2,531 റണ്‍സും 138 വിക്കറ്റുകളുമാണ് നേടിയത്. 214 മത്സരങ്ങളാണ് താരം കളിച്ചത്. ജാക്വിസ് കാലിസാണ് നാലാം സ്ഥാനത്ത്. 2,427 റണ്‍സും 65 വിക്കറ്റുകളുമാണ് താരത്തിന്റെ ഐപിഎല്‍ സമ്പാദ്യം. 98 മത്സരങ്ങളാണ് കാലിസ് കളിച്ചത്. ആന്ദ്രെ റസ്സലാണ് അഞ്ചാമത്. 2,095 റണ്‍സും 92 വിക്കറ്റുകളും 103 മത്സരങ്ങളില്‍ നിന്ന് താരം നേടി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com