'റോയല്‍ സഞ്ജു 3,000'- ഐപിഎല്ലില്‍ മലയാളി താരത്തിന് മറ്റൊരു നേട്ടം

തുടര്‍ച്ചയായി രണ്ട് പൂജ്യങ്ങള്‍ക്ക് ശേഷമായിരുന്നു ഗുജറാത്തിനെതിരെ സഞ്ജുവിന്റെ ഫോമിലേക്കുള്ള മടങ്ങി വരവ്
അർധ സെഞ്ച്വറി നേടിയ സഞ്ജു/ ട്വിറ്റർ
അർധ സെഞ്ച്വറി നേടിയ സഞ്ജു/ ട്വിറ്റർ
Updated on
1 min read

അഹമ്മദാബാദ്: ടീമിനെ ഉജ്ജ്വല വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് ഐപിഎല്ലില്‍ മറ്റൊരു നേട്ടം. ഗുജറാത്ത് ടൈറ്റന്‍സിനെ അവരുടെ തട്ടകത്തില്‍ വീഴ്ത്തിയാണ് സഞ്ജു സംഘവും നാലാം വിജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ടീം പതറിയ ഘട്ടത്തില്‍ ക്രീസിലെത്തിയ സഞ്ജു 32 പന്തില്‍ 60 റണ്‍സെടുത്താണ് രാജസ്ഥാന്റെ പ്രതീക്ഷകള്‍ക്ക് ജീവന്‍ വയ്പ്പിച്ചത്. 

ഇതോടെ രാജസ്ഥാന് വേണ്ടി ഐപിഎല്ലില്‍ 3,000 റണ്‍സ് നേടുന്ന ആദ്യ താരമായി സഞ്ജു മാറി. 115 മത്സരങ്ങളില്‍ നിന്നാണ് സഞ്ജു നേട്ടം തൊട്ടത്. 29.76 ആവറേജില്‍ 3,006 റണ്‍സാണ് ടീമിന് വേണ്ടി ഇതുവരെയായി താരം നേടിയത്. 139.10 ആണ് സ്‌ട്രൈക്ക് റേറ്റ്. രണ്ട് സെഞ്ച്വറികളും 16 അര്‍ധ ശതകങ്ങളും താരം രാജസ്ഥാന് വേണ്ടി നേടി.

തുടര്‍ച്ചയായി രണ്ട് പൂജ്യങ്ങള്‍ക്ക് ശേഷമായിരുന്നു ഗുജറാത്തിനെതിരെ സഞ്ജുവിന്റെ ഫോമിലേക്കുള്ള മടങ്ങി വരവ്. അഫ്ഗാന്റെ സൂപ്പര്‍ സ്പിന്നര്‍ റാഷിദ് ഖാനെതിരെ ഹാട്രിക്ക് സിക്‌സടക്കം പറത്തി സഞ്ജു നരേന്ദ്ര മോദി സ്റ്റേഡിയത്തെ തീ പിടിപ്പിച്ചു. പിന്നാലെയാണ് ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരമെന്ന നേട്ടവും. 

2021ലെ സീസണായിരുന്നു രാജസ്ഥാന് വേണ്ടി സഞ്ജു കത്തിക്കയറിയത്. ആ സീസണില്‍ താരം 14 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സാണ് വാരിയത്. 40.33 ആയിരുന്നു ആവറേജ്. 136.72 ആണ് സ്‌ട്രൈക്ക് റേറ്റ്. 

പട്ടികയില്‍ അജിന്‍ക്യ രഹാനെയാണ് രണ്ടാമത്. താരം 100 മത്സരങ്ങള്‍ കളിച്ച് 2,810 റണ്‍സാണ് രാജസ്ഥാന് വേണ്ടി നേടിയിട്ടുള്ളത്. ജോസ് ബട്‌ലര്‍ 63 മത്സരങ്ങളില്‍ നിന്ന് 2,508 റണ്‍സും ഷെയ്ന്‍ വാട്‌സന്‍ 78 മത്സരങ്ങളില്‍ നിന്ന് 2,372 റണ്‍സും രാഗുല്‍ ദ്രാവിഡ് 46 മത്സരങ്ങളില്‍ നിന്ന് 1,276 റണ്‍സും നേടി. 

മൊത്തം ഐപിഎല്‍ കരിയറില്‍ 3,683 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. 29.23 ശരാശരി. 136.76 സ്‌ട്രൈക്ക് റേറ്റ്. ആകെ മൂന്ന് സെഞ്ച്വറികളും 19 അര്‍ധ സെഞ്ച്വറികളും താരം നേടി. 119 റണ്‍സാണ് മികച്ച സ്‌കോര്‍. 

ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്‌കോര്‍ ചെയ്ത താരങ്ങളുടെ പട്ടികയില്‍ 17ാം സ്ഥാനത്താണ് സഞ്ജു. 227 മത്സരങ്ങള്‍ കളിച്ച് 6,838 റണ്‍സ് നേടി കോഹ്‌ലിയാണ് പട്ടികയില്‍ ഒന്നാമത്. ശിഖര്‍ ധവാന്‍ 210 മത്സരങ്ങളില്‍ നിന്ന് 6,477 റണ്‍സും ഡേവിഡ് വാര്‍ണര്‍ 167 മത്സരങ്ങളില്‍ നിന്ന് 6,109 റണ്‍സും നേടി രണ്ടും മൂന്നും സ്ഥാനത്ത്. 231 മത്സരങ്ങളില്‍ നിന്ന് 5,986 റണ്‍സെടുത്ത രോഹിത് ശര്‍മയാണ് നാലാമത്. 205 മത്സരങ്ങളില്‍ നിന്ന് 5,528 റണ്‍സെടുത്ത സുരേഷ് റെയ്‌ന അഞ്ചാം സ്ഥാനത്ത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com