'ബെൻ സ്റ്റോക്സിന് പരിക്കുണ്ട്, വിശ്രമം വേണം'- ഫ്ലെമിങ്
ചെന്നൈ: ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സ് വൻ പ്രതീക്ഷയോടെ ടീമിലെത്തിച്ച താരമാണ് ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. ആദ്യ രണ്ട് മത്സരങ്ങൾ കളിച്ച ശേഷം പിന്നീട് സ്റ്റോക്സ് ടീമിനായി ഇറങ്ങിയില്ല. രണ്ട് മത്സരങ്ങളിലും താരത്തിന് തിളങ്ങാനും സാധിച്ചില്ല.
താരത്തിന്റെ ടീമിലെ അഭാവം സംബന്ധിച്ച് ഇപ്പോൾ പ്രതകരിച്ചിരിക്കുകയാണ് കോച്ച് സ്റ്റീഫൻ ഫ്ലെമിങ്. ബെൻ സ്റ്റോക്സിന് പരിക്കുണ്ടെന്നും അതിനാലാണ് കളിക്കാൻ ഇറങ്ങാത്തതെന്നും ഫ്ലെമിങ് പ്രതികരിച്ചു. പരിക്കേറ്റാണ് രണ്ട് മത്സരങ്ങൾക്ക് ശേഷം താരം ടീമിൽ നിന്നു വിട്ടുനിന്നത്. മത്സര രംഗത്തേക്ക് തിരിച്ചെത്താനുള്ള ശ്രമത്തിനിടെ താരത്തിന് വീണ്ടും പരിക്കേറ്റതായാണ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പിന്നാലെയാണ് കോച്ചിന്റെ സ്ഥിരീകരണം.
ചെന്നൈയുടെ ഏറ്റവും വില പിടിപ്പുള്ള താരമാണ് സ്റ്റോക്സ്. ആദ്യ രണ്ട് മത്സരങ്ങൾക്ക് പിന്നാലെ താരത്തിന്റെ കാൽവിരലിന് പരിക്കേറ്റിരുന്നു. ഇതോടെ പിന്നീടുള്ള നാല് മത്സരങ്ങളിലും താരത്തിന് പുറത്തിരിക്കേണ്ടി വന്നു. ഒരാഴ്ച കൂടി താരത്തിന് വിശ്രമം വേണ്ടി വരുമെന്ന് ഫ്ലെമിങ് പറഞ്ഞു.
'സ്റ്റോക്സിന് പരിക്കുണ്ട്. കുറച്ചു ദിവസങ്ങൾ കൂടി അദ്ദേഹത്തിന് വിശ്രമം വേണ്ടി വരും. ടീമിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ അഭാവം വെല്ലുവിളി തന്നെയാണ്. എങ്കിലും നിലവിൽ ടീം മികച്ച പ്രകടനം നടത്തുന്നതിനാൽ അത് ബാധിക്കില്ല.'
'അന്തിമ ഇലവനെ തിരഞ്ഞെടുക്കുക എന്നത് ഐപിഎല്ലിൽ എല്ലാ ടീമുകളും നേരിടുന്ന തലവേദനയാണ്. നിലവിൽ ടീം പരിഗണിക്കുന്നത് അദ്ദേഹത്തിന്റെ ഫിറ്റ്നെസ് തിരിച്ചുപിടിക്കുക എന്നതാണ്. പരിക്കു മാറി സ്റ്റോക്സ് തിരിച്ചെത്തുമ്പോൾ ടീം സെലക്ഷൻ വലിയ വെല്ലുവിളിയായി മാറി. അതെല്ലാം സ്വാഭവികമാണ്.'
'ധോനിയുടെ കാൽമുട്ടിനേറ്റ പരിക്ക് അദ്ദേഹം തന്നെ നല്ല രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്. ധോനി നിലവിൽ പൂർണ ആരോഗ്യവാനാണ്. ടീമിനാണ് അദ്ദേഹം മുൻഗണന നൽകുന്നത്. ധോനിയുടെ പരിക്ക് സംബന്ധിച്ച് നിലവിൽ ആശങ്കകളില്ല'- ഫ്ലെമിങ് വ്യക്തമാക്കി.
സീസണിലെ മത്സരങ്ങൾ പുരോഗമിക്കവേ സിഎസ്കെയെ പരിക്കുകൾ വലയ്ക്കുന്നുണ്ട്. സ്റ്റോക്സിന് പുറമെ പേസർമാരായ ദീപക് ചഹർ, സിസൻഡ മഗല, സിമർജീത് സിങ് എന്നിവരും പരിക്കേറ്റ് വിശ്രമത്തിലാണ്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

