ഒടുവിൽ ബ്രിജ് ഭൂഷനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്, പോക്സോ അടക്കം വകുപ്പുകൾ; അറസ്റ്റ് അനിവാര്യം

പരാതി നൽകിയിട്ടും കേസെടുക്കാത്തിൽ പ്രതിഷേധിച്ച് താരങ്ങൾ ഡൽഹി ജന്തർ മന്ദറിൽ സമരം തുടരുകയാണ്
ബ്രിജ് ഭൂഷൻ/ ട്വിറ്റര്‍
ബ്രിജ് ഭൂഷൻ/ ട്വിറ്റര്‍

ന്യൂഡൽഹി: ​ഗുസ്തി താരങ്ങളുടെ ലൈം​ഗികാതിക്രമ പരാതിയിൽ ഒടുവിൽ ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. പരാതി നൽകിയ ഏഴ് താരങ്ങളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത താരമായതിനാൽ പോക്സോ നിയമമടക്കം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മറ്റു പരാതികളിൽ സ്ത്രീകൾക്കെതിരായ അതിക്രമത്തിനുമാണ് കേസ്. കേസെടുത്തതിനാൽ ബ്രിജ് ഭൂഷന്റെ അറസ്റ്റ് അനിവാര്യമായി. 

പരാതി നൽകിയിട്ടും കേസെടുക്കാത്തിൽ പ്രതിഷേധിച്ച് താരങ്ങൾ ഡൽഹി ജന്തർ മന്ദറിൽ സമരം തുടരുകയാണ്. സമരം ഒരാഴ്ച പിന്നിട്ടതിന് പിന്നാലെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

പരാതിയിൽ കേസ് ഉടൻ എടുക്കാനാകില്ലെന്നായിരുന്നു ഡൽഹി പൊലീസിന്റെ നിലപാട്. പ്രാഥമിക അന്വേഷണം ആവശ്യമുണ്ടെന്നായിരുന്നു പൊലീസ് ഭാഷ്യം. എന്നാൽ ഇതിനെതിരെ വനിതാ താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. ഹർജി ഇന്നലെ പരി​ഗണനയ്ക്ക് വന്നപ്പോൾ കേസ് രജിസ്റ്റർ ചെയ്യാമെന്ന് പൊലീസ് നിലപാട് തിരുത്തി. പിന്നാലെയാണ് നടപടി. 

അതേസമയം കേസെടുത്തത് കൊണ്ടു മാത്രം കാര്യമില്ലെന്ന് അറസ്റ്റ് ചെയ്യണമെന്നുമാണ് താരങ്ങളുടെ നിലപാട്. കുറ്റവാളി ശിക്ഷിക്കപ്പെടുന്നതു വരെ സമരം തുടരുമെന്ന് ജന്തർ മന്ദറിൽ നിന്നു മാറില്ലെന്ന് താരങ്ങൾ വ്യക്തമാക്കി. വാർത്താസമ്മേളനം വിളിച്ചായിരുന്നു താരങ്ങൾ നിലപാട് വ്യക്തമാക്കിയത്. 

ബ്രിജ് ഭൂഷനെതിരെ നിരവധി എഫ്ഐആർ വേറേയും ഉണ്ട്. അതിലൊന്നും നടപടി സ്വീകരിച്ചിട്ടില്ല, താരങ്ങൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

ആരോപണങ്ങളിൽ ഇന്നു തന്നെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ഡൽഹി പൊലീസിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചിരുന്നു. സോളിസിറ്റർ ജനറലിന്റെ പ്രസ്താവന രേഖപ്പെടുത്തി കേസ് മാറ്റിവയ്ക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അറിയിച്ചു. 
 
പരാതി നൽകിയ, പ്രായപൂർത്തിയാവാത്ത താരത്തിന് സുരക്ഷ ഒരുക്കണമെന്നും കോടതി നിർദേശിച്ചു. ഇതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തി പൊലീസ് സത്യവാങ്മൂലം നൽകണം. മറ്റ് പരാതിക്കാരുടെ പരാതിയിൽ സുരക്ഷാ കമ്മീഷണർ സ്ഥിതി വിലയിരുത്തി തീരുമാനിക്കണം. കോടതി നിലവിൽ അന്വേഷണം നിരീക്ഷിക്കുന്നില്ല. എന്നാൽ എന്തു സംഭവിക്കുന്നുവെന്ന് കൃത്യമായി കോടതിയെ അറിയണമെന്നും ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. അടുത്ത വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com