യുവതാരങ്ങള്‍ കസറി, ലോകകപ്പ് ടീമില്‍ പ്രതീക്ഷ നിലനിര്‍ത്തി സഞ്ജു; വിന്‍ഡീസിനെതിരെ 200 റണ്‍സ് ജയം, ഇന്ത്യക്ക് പരമ്പര 

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീം, image credit: BCCI
ഏകദിന പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീം, image credit: BCCI

ടറൗബ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ വിന്‍ഡീസിനെ 200 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഗില്ലിന്റെയും കിഷന്റെയും സഞ്ജുവിന്റെയും ഹാര്‍ദിക്കിന്റെയും മികച്ച ബാറ്റിങ്ങില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 351 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോറാണ് കണ്ടെത്തിയത്. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസ് 35.3 ഓവറില്‍ 151 റണ്ണിന് പുറത്തായി. 

ടോസ് നേടിയ വിന്‍ഡീസ് ഒരിക്കല്‍ക്കൂടി ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഗില്ലും (92 പന്തില്‍ 85) കിഷനും (64 പന്തില്‍ 77) മികച്ച തുടക്കമാണ് നല്‍കിയത്. നാലാമനായെത്തിയ സഞ്ജുവും (41 പന്തില്‍ 51) മികച്ച കളി പുറത്തെടുത്തു. അവസാന ഓവറുകളില്‍ ഹാര്‍ദിക് വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. പുറത്താകാതെ 52 പന്തില്‍ 70 റണ്‍സാണ് ഹാര്‍ദിക് നേടിയത്.  കിഷന്‍ പരമ്പരയില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധ സെഞ്ച്വറിയാണ് തികച്ചത്. 

സ്‌കോര്‍ 143ല്‍വച്ച് കിഷന്‍ പുറത്തായി. യാന്നിക് കരിയയുടെ പന്തില്‍  ഷായ് ഹോപ് സ്റ്റമ്പ് ചെയ്യുകയായിരുന്നു. മൂന്നാമനായെത്തിയ ഋതുരാജിന് (8) തിളങ്ങാനായില്ല.തുടര്‍ന്നെത്തിയ സഞ്ജു അവസാന കളിയിലെ നിരാശ മായ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഏഷ്യാ കപ്പും ലോകകപ്പും മുന്നില്‍നില്‍ക്കെ കിട്ടിയ അവസാന അവസരമായിരുന്നു മലയാളി താരത്തിന്. രണ്ടാം ഏകദിനത്തില്‍ പുറത്താക്കിയ കരിയായെ രണ്ട് സിക്സറുകള്‍ പറത്തിയാണ് സഞ്ജു തുടങ്ങിയത്. ആകെ നാല് സിക്സറുകളും രണ്ട് ഫോറും ആ ഇന്നിങ്സില്‍ ഉള്‍പ്പെട്ടു. ഏകദിനത്തിലെ മൂന്നാം അര്‍ധ സെഞ്ച്വറിയാണ് സഞ്ജു കുറിച്ചത്. 13 മത്സരത്തിലാണ് ഈ നേട്ടം. 55.71 ആണ് ബാറ്റിങ് ശരാശരി.

മികച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് പ്രതീക്ഷ നല്‍കിയെങ്കിലും റൊമാരിയോ ഷെപേര്‍ഡിന്റെ പന്തില്‍ അനാവശ്യ ഷോട്ടിന് ശ്രമിച്ച് ഷിംറോണ്‍ ഹെറ്റ്മെയറിന്റെ കൈകളിലൊതുങ്ങുകയായിരുന്നു.ഹാര്‍ദിക്കിന്റെ ഇന്നിങ്സില്‍ അഞ്ച് സിക്സറും നാല് ഫോറും ഉള്‍പ്പെട്ടു. സൂര്യകുമാര്‍ യാദവ് 30 പന്തില്‍ 35 റണ്ണെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിനായി വാലറ്റത്ത് ഗുദകേഷ് മോട്ടി മാത്രമാണ് പൊരുതി.34 പന്തില്‍ 39 റണ്‍സുമായി പുറത്താകാതെ നിന്നു.  ഇന്ത്യക്കായി ശാര്‍ദുല്‍ ഠാക്കൂര്‍ നാല് വിക്കറ്റെടുത്തു.  മുകേഷ് കുമാര്‍ മൂന്നും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com