കരുത്തോടെ തുടങ്ങി ദയനീയമായി തകര്‍ന്ന് പാകിസ്ഥാന്‍; പെർത്തിൽ ഓസ്‌ട്രേലിയക്ക് നിര്‍ണായക ലീഡ്

രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നാം ദിനത്തിൽ ശേഷിച്ച എട്ട് വിക്കറ്റുകള്‍ വെറും 139 റണ്‍സില്‍ അവര്‍ക്ക് നഷ്ടമായി
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

പെര്‍ത്ത്: പാകിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് ലീഡ്. പാകിസ്ഥാന്റെ ഒന്നാം ഇന്നിങ്‌സ് 271 റണ്‍സില്‍ അവസാനിച്ചു. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. 487 റണ്‍സാണ് അവര്‍ നേടിയത്. 216 റണ്‍സിന്റെ നിര്‍ണായക ലീഡാണ് മൂന്നാം ദിനത്തിന്റെ രണ്ടാം സെഷനില്‍ ഓസീസ് സ്വന്തമാക്കിയത്. 

മികച്ച രീതിയില്‍ മുന്നേറിയ പാക് തകര്‍ച്ച ക്ഷണത്തിലായിരുന്നു. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ പാകിസ്ഥാന്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെന്ന നിലയിലായിരുന്നു. മൂന്നാം ദിനത്തിൽ ശേഷിച്ച എട്ട് വിക്കറ്റുകള്‍ വെറും 139 റണ്‍സില്‍ അവര്‍ക്ക് നഷ്ടമായി. 

ഇമാം ഉള്‍ ഹഖ് (62) ആണ് അവരുടെ ടോപ് സ്‌കോറര്‍. അബ്ദുല്‍ ഷഫീഖ് (42), ക്യാപ്റ്റന്‍ ഷാന്‍ മസൂദ് (30) എന്നിവരും പിടിച്ചു നിന്നു. സൗദ് ഷക്കീല്‍ (28), അഘ സല്‍മാന്‍ (പുറത്താകാതെ 28), മുന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം (21) എന്നിവരും പൊരുതാനുള്ള ശ്രമം നടത്തി. മറ്റൊരാളും തിളങ്ങിയില്ല.

നതാന്‍ ലിയോണ്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജോഷ് ഹെയ്‌സല്‍വുഡ്, മിച്ചല്‍ മാര്‍ഷ്, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. പന്തെറിഞ്ഞ എല്ലാവരും ഓസീസിനായി വിക്കറ്റുകള്‍ വീഴ്ത്തി. 

നേരത്തെ ആദ്യം ബാറ്റിങിന് ഇറങ്ങിയ ഓസ്‌ട്രേലിയക്കായി അവസാന ടെസ്റ്റ് മത്സരം കളിക്കുന്ന ഡേവിഡ് വാര്‍ണര്‍ മിന്നും ഫോമില്‍ ബാറ്റ് വീശി. താരം 164 റണ്‍സെടുത്തു. 16 ഫോറും നാല് സിക്‌സും സഹിതമാണ് വാര്‍ണറുടെ ഇന്നിങ്‌സ്. 

മിച്ചല്‍ മാര്‍ഷ് (90), ഉസ്മാന്‍ ഖവാജ (41), ട്രാവിസ് ഹെഡ്ഡ് (40), അലക്‌സ് കാരി (34), സ്റ്റീവ് സ്മിത്ത് (31) എന്നിവരും തിളങ്ങി. പാകിസ്ഥാന് വേണ്ടി ആമിര്‍ ജമാല്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ഖുറം ഷഹ്‌സാദ് രണ്ട് വിക്കറ്റുകളും ഷഹീന്‍ അഫ്രീദി, ഫഹീം അഷ്‌റഫ് എന്നിവര്‍ ഓരോ വിക്കറ്റും എടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്കോ. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com