'ക്യാപ്റ്റൻ സാന്റ്നറുടെ ഓള്‍ റൗണ്ട് ഷോ'- പരമ്പര നഷ്ടം ഒഴിവാക്കി കിവികൾ

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ പോരാട്ടം 19.2 ഓവറില്‍ 110 റണ്‍സില്‍ അവസാനിച്ചു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മൗണ്ട് മൗന്‍ഗനുയി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പര സമനിലയിലാക്കി ന്യൂസിലന്‍ഡ്. മൂന്നാം ടി20യില്‍ വിജയം സ്വന്തമാക്കിയാണ് ന്യൂസിലന്‍ഡ് സമനില പിടിച്ചത്. ഒന്നാം ടി20യില്‍ ബംഗ്ലാദേശ് വിജയിച്ചപ്പോള്‍ രണ്ടാം ടി20 മഴയെ തുടര്‍ന്നു ഉപേക്ഷിച്ചു. ഇതോടെ മൂന്നാം പോരാട്ടത്തില്‍ പരമ്പര ഉറപ്പിക്കാന്‍ ബംഗ്ലാദേശിനു ജയം അനിവാര്യമായി. മഴ തടസപ്പെടുത്തിയ കളിയാണ് കിവികള്‍ പിടിച്ചെടുത്തത്. 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിന്റെ പോരാട്ടം 19.2 ഓവറില്‍ 110 റണ്‍സില്‍ അവസാനിച്ചു. പിന്നീട് മഴ തടസപ്പെടുത്തിയതോടെ ന്യൂസിലന്‍ഡിന്റെ ലക്ഷ്യം 14.4 ഓവറില്‍ 79 റണ്‍സാക്കി പുനര്‍നിശ്ചയിച്ചു. ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 95 റണ്‍സെടുത്തു വിജയം സ്വന്തമാക്കി. 

ഓപ്പണര്‍ ഫിന്‍ അല്ലന്‍ ടോപ് സ്‌കോററായി. താരം 31 പന്തില്‍ 38 റണ്‍സെടുത്തു. നാല് ഫോറും രണ്ട് സിക്‌സും അല്ലന്‍ പറത്തി. എന്നാല്‍ പിന്നീട് കിവികള്‍ക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. ടിം സിഫെര്‍ട്, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, മാര്‍ക് ചാപ്മാന്‍ എന്നിവര്‍ ഒറ്റ റണ്‍ വീതമെടുത്തു മടങ്ങി. അവര്‍ അഞ്ചിനു 49ലേക്ക് വീണു. 

എന്നാല്‍ ആറാം വിക്കറ്റില്‍ ജെയിംസ് നീഷം- ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നര്‍ സഖ്യം കൂടുതല്‍ നഷ്ടമില്ലാതെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നീഷം രണ്ട് സിക്‌സും ഒരു ഫോറും സഹിതം 20 പന്തില്‍ 28 റണ്‍സെടുത്തു. സാന്റ്‌നര്‍ 20 പന്തില്‍ 18 റണ്‍സും സ്വന്തമാക്കി. 

ബംഗ്ലാദേശിനായി മെഹ്ദി ഹസന്‍, ഷൊരിഫുള്‍ ഇസ്ലാം എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളെടുത്തു. 

നേരത്തെ മിച്ചല്‍ സാന്റ്‌നറുടെ മിന്നും ബൗളിങാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ക്യാപ്റ്റന്‍ നാലോവറില്‍ വെറും 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ടിം സൗത്തി, ആദം മില്‍നെ, ബെന്‍ സീര്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളുമെടുത്തു. 

17 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോയാണ് ടോപ് സ്‌കോറര്‍. തൗഹിത് ഹൃദോയ് 16 റണ്‍സെടുത്തു. അഫിഫ് ഹുസൈന്‍ 14 റണ്‍സും കണ്ടെത്തി. പത്ത് റണ്‍സ് വീതമെടുത്ത റോണി തലുക്ദര്‍, റിഷാദ് ഹുസൈന്‍ എന്നിവരാണ് രണ്ടക്കം കടന്ന് മറ്റ് രണ്ട് പേര്‍. ഇന്നിങ്‌സില്‍ ഒരാള്‍ പോലും സിക്‌സറടിച്ചില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com