നാഗ്പുര്‍: ഒസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ സന്ദര്‍ശകരെ 177 റണ്‍സിന് പുറത്താക്കിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി. ആദ്യ ദിനത്തിലെ കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 77 റണ്‍സെന്ന നിലയില്‍. നാല് ദിവസവും ഒന്‍പത് വിക്കറ്റും കൈയിലിരിക്കെ ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് വേണ്ടത് 100 റണ്‍സ് കൂടി.
കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറിയുമായും രാത്രി കാവല്‍ക്കാരന്‍ ആര്‍ അശ്വിന്‍ റണ്ണൊന്നുമെടുക്കാതെയും ക്രീസില്‍. കെഎല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്.
രോഹിത് തച്ചു തകര്‍ക്കാനുള്ള മൂഡിലായിരുന്നു. ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ ആദ്യ ഓവറില്‍ തന്നെ 13 റണ്‍സ് വാരിയാണ് രോഹിത് നയം വ്യക്തമാക്കിയത്. തുടക്കം മുതല്‍ ടോപ് ഗിയറിലായ രോഹിത് 69 പന്തില്‍ 56 റണ്‍സുമായാണ് ക്രീസില്‍ തുടരുന്നത്. ഒന്‍പത് ഫോറും ഒരു സിക്‌സും സഹിതമാണ് രോഹിതിന്റെ അര്‍ധ സെഞ്ച്വറി.
സ്പിന്‍ കെണിയൊരുക്കി ഓസീസിനെ 200 കടക്കാന്‍ സമ്മതിക്കാതെ ഇന്ത്യ ഓള്‍ ഔട്ടാക്കി. മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യക്കായി രോഹിത്- രാഹുല്‍ സഖ്യം മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 76 റണ്‍സ് ചേര്‍ത്തു. ടോഡ് മര്‍ഫിയാണ് രാഹുലിനെ സ്വന്തം ബൗളിങില്‍ പിടിച്ച് പുറത്താക്കിയത്. താരം 71 പന്തുകള്‍ നേരിട്ട് 20 റണ്‍സെടുത്തു.
നേരത്തെ ആദ്യം ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ ഇന്ത്യ ഒരുക്കിയ സ്പിന്‍ കെണിയില്‍ വീണു മൂന്നാം സെഷനില്‍ തന്നെ മുട്ടുമടക്കി. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ആര്‍ അശ്വിനും ഓസീസ് പതനം പൂര്‍ത്തിയാക്കി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
നാല് ഓസ്‌ട്രേലിയന്‍ ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 49 റണ്‍സെടുത്ത മര്‍നസ് ലബുഷെയ്‌നാണ് ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് (37), അലക്‌സ് കാരി (36), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (31) എന്നിവര്‍ മാത്രമാണ് പിടിച്ചുനിന്നത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയക്ക് തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരെ നഷ്ടമായി. സ്‌കോര്‍ രണ്ടില്‍ നില്‍ക്കേ ഓരോ റണ്ണുമായി ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ഉസ്മാന്‍ ഖവാജയും മടങ്ങി. പിന്നീട് ക്രീസില്‍ ഒന്നിച്ച മാര്‍നസ് ലബുഷെയ്ന്‍ (49), സ്റ്റീവ് സ്മിത്ത് (37) എന്നിവര്‍ ഇന്നിങ്‌സ് നേരെയാക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 82 റണ്‍സ് കൂട്ടുകെട്ടുമായി മുന്നേറിയ ഇരുവരേയും ജഡേജ മടക്കി.
മാറ്റ് റെന്‍ഷോയെ ജഡേജ ഗോള്‍ഡന്‍ ഡക്കാക്കി. പിന്നീട് ക്രീസില്‍ ഒന്നിച്ച പീറ്റര്‍ ഹാന്‍കോംപ് അല്‍ക്‌സ് കാരി സഖ്യവും പൊരുതാനുള്ള ശ്രമം നടത്തി. അശ്വിന്‍ എത്തി ഈ കൂട്ടുകെട്ട് പൊളിച്ചു. 36 റണ്‍സുമായി കാരി മടങ്ങി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (6), ടോഡ് മര്‍ഫി (പൂജ്യം), സ്‌കോട്ട് ബോളണ്ട് (ഒന്ന്) എ
ന്നിവരും അധികം ക്രീസില്‍ നിന്നില്ല. നതാന്‍ ലിയോണ്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക