'ഡല്‍ഹി ടെസ്റ്റും രാഹുല്‍ കളിക്കും'- ടീമില്‍ തുടരുന്നതില്‍ ന്യായമുണ്ടെന്ന് ഗാവസ്‌കര്‍

ശുഭ്മാന്‍ ഗില്‍ ഫോമില്‍ നില്‍ക്കെ ബഞ്ചിലിരിക്കുന്ന സാഹചര്യത്തില്‍ കെഎല്‍ രാഹുലിനെ വീണ്ടും കളിപ്പിക്കുക എന്നത് ടീമിനെ സംബന്ധിച്ച് വെല്ലുവിളിയാണ്
ഓസ്ട്രേലിയക്കെതിരെ കെഎൽ രാഹുലിന്റെ ബാറ്റിങ്/ എഎഫ്പി
ഓസ്ട്രേലിയക്കെതിരെ കെഎൽ രാഹുലിന്റെ ബാറ്റിങ്/ എഎഫ്പി

മുംബൈ: ഇന്ത്യന്‍ ഓപ്പണറും വൈസ് ക്യാപ്റ്റനുമായ കെഎല്‍ രാഹുല്‍ ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റില്‍ ബാറ്റിങില്‍ പരാജയപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍ പേസറും ഇതിഹാസ താരവുമായ വെങ്കിടേഷ് പ്രസാദ് രംഗത്തെത്തിയിരുന്നു. പ്രകടന മികവല്ല വേണ്ടപ്പെട്ടവനായതിനാലാണ് രാഹുല്‍ ഫോം ഔട്ടായിട്ടും ടീമില്‍ തുടരുന്നതിന്റെ കാരണമെന്ന് പ്രസാദ് തുറന്നടിച്ചു. ഫോമിലുള്ള ശുഭ്മാന്‍ ഗില്‍ അടക്കമുള്ള താരങ്ങള്‍ അവസരം കാത്ത് നില്‍ക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു പ്രസാദിന്റെ വിമര്‍ശനം. 

രാഹുലിന്റെ ഫോം സംബന്ധിച്ച് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് മറ്റൊരു ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. ഫോം ഔട്ടാണെങ്കിലും ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും രാഹുല്‍ ടീമിലുണ്ടാകുമെന്ന പ്രതീക്ഷയാണ് ഗാവസ്‌കര്‍ പങ്കിടുന്നത്.

'ശുഭ്മാന്‍ ഗില്‍ ഫോമില്‍ നില്‍ക്കെ ബഞ്ചിലിരിക്കുന്ന സാഹചര്യത്തില്‍ കെഎല്‍ രാഹുലിനെ വീണ്ടും കളിപ്പിക്കുക എന്നത് ടീമിനെ സംബന്ധിച്ച് വെല്ലുവിളിയാണ്. അക്ഷര്‍ പട്ടേലില്‍ നിന്ന് എന്താണ് നമ്മള്‍ കണ്ടത്. അദ്ദേഹം ബ്രില്ല്യന്റായി ബാറ്റ് ചെയ്തു. ഇത്തരത്തില്‍ അവസരം കാത്ത് മികച്ച താരങ്ങള്‍ ബഞ്ചില്‍ മികവോടെ നില്‍ക്കുന്നു.' 

'സാഹചര്യം ഇങ്ങനെയാണെങ്കിലും ഡല്‍ഹിയില്‍ നടക്കുന്ന അടുത്ത ടെസ്റ്റില്‍ രാഹുലിന് കളിക്കാനാകുമെന്നാണ് എന്റെ തോന്നല്‍. രണ്ടാം ടെസ്റ്റിലെ പ്രകടനം കൂടി നോക്കിയായിരിക്കും രാഹുലിന്റെ കാര്യത്തില്‍ ടീം തീരുമാനം എടുക്കുക. ടെസ്റ്റ് ഇലവനിലെ സ്ഥിരാംഗമായ ഒരാള്‍ക്ക് അവസരം വീണ്ടും നല്‍കുന്നതില്‍ അന്യായമുണ്ടെന്ന് കരുതുന്നില്ല'- ഗാവസ്‌കര്‍ നിലപാട് വ്യക്തമാക്കി. 

അതേസമയം രാഹുലിന്റെ കാര്യത്തില്‍ ടീമിന്റെ കാഴ്ചപ്പാട് ബാറ്റിങ് കോച്ച് വിക്രം റാത്തോഡ് വ്യക്തമാക്കുന്നു. രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് അദ്ദേഹം ഇക്കാര്യത്തില്‍ എടുക്കുന്നത്. 

'രാഹുലിന്റെ അവസാന പത്ത് ഇന്നിങ്‌സുകള്‍ നോക്കു. രണ്ട് വീതം സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറി ദക്ഷിണാഫ്രിക്കയിലും മറ്റൊന്ന് ഇംഗ്ലണ്ടിലും'- രാഹുലിനെ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തേണ്ട ഒരു അവസ്ഥയും നിലവിലില്ലെന്ന് റാത്തോഡ് പരോക്ഷമായി പറഞ്ഞു വയ്ക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com