'കോഹ്‌ലി കളിയേക്കാള്‍ വലുത് താനെന്ന് വിചാരിച്ചു, സഞ്ജുവിനെ എടുത്തില്ലെങ്കില്‍ വിമര്‍ശനം'; ചേതന്‍ ശര്‍മയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു

ഗാംഗുലിയുടെ പല നിര്‍ദേശങ്ങളും അംഗീകരിക്കാന്‍ കോഹ്‌ലി കൂട്ടാക്കിയില്ല
ചേതന്‍ ശര്‍മ്മ, രോഹിത്, കോഹ്‌ലി/ ട്വിറ്റര്‍ ചിത്രം
ചേതന്‍ ശര്‍മ്മ, രോഹിത്, കോഹ്‌ലി/ ട്വിറ്റര്‍ ചിത്രം

മുംബൈ:  ക്രിക്കറ്റ് താരങ്ങള്‍ പരിക്ക് മറച്ചുവെക്കാന്‍ ഉത്തേജക കുത്തിവെയ്പ് എടുക്കുന്നുവെന്ന ഇന്ത്യന്‍ ചീഫ് സെലക്ടര്‍ ചേതന്‍ ശര്‍മ്മയുടെ വെളിപ്പെടുത്തല്‍ വിവാദമാകുന്നു. സ്വകാര്യ ചാനലിന്റെ സ്റ്റിങ് ഓപ്പറേഷനിലാണ് ( ഒളിക്യാമറ) ചേതന്റെ വെളിപ്പെടുത്തല്‍. ഫിറ്റ്‌നസ് ഇല്ലെങ്കിലും കളിക്കാര്‍ അതു മറച്ചുവെച്ച് മത്സരങ്ങള്‍ക്ക് ഇറങ്ങുന്നത് പതിവാണെന്നാണ് ചേതന്‍ ശര്‍മ്മ പറയുന്നത്. 

80 ശതമാനം ഫിറ്റ്‌നസ് മാത്രമുള്ളവരും ചില കുത്തിവെയ്പുകള്‍ എടുത്ത് ഊര്‍ജ്ജസ്വലരായി കളിക്കാനിറങ്ങും. ഇത് വേദനസംഹാരിയല്ല. ഉത്തേജക പരിശോധനയില്‍ ഇവ പിടിക്കപ്പെടില്ല. പരിശോധനയില്‍ പിടിക്കപ്പെടാത്ത മരുന്നുകള്‍ ഏതൊക്കെയെന്ന് ക്രിക്കറ്റ് താരങ്ങള്‍ക്ക് അറിയാമെന്നും ചേതന്‍ ശര്‍മ്മ പറഞ്ഞു. 

സഞ്ജു സാംസണ്‍

സഞ്ജു സാംസണിനെ ടീമിലെടുത്തില്ലെങ്കില്‍ സമൂഹമാധ്യമങ്ങളില്‍ ബിസിസിഐക്കെതിരെ കടുത്ത വിമര്‍ശനമാകും ഉയരുക. അടുത്തിടെ സഞ്ജുവിനെ തഴഞ്ഞതിനെതിരെ ട്വിറ്ററിലൂടെയും മറ്റുമുണ്ടായ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടി ചേതന്‍ ശര്‍മ്മ പറഞ്ഞു. ബംഗ്ലദേശിനെതിരായ ഇഷാന്‍ കിഷന്റെ ഡബിള്‍ സെഞ്ചറിയും ശുഭ്മന്‍ ഗില്ലിന്റെ മികച്ച ഫോമും സഞ്ജു സാംസണ്‍, കെ എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍ എന്നിവരുടെ കരിയര്‍ പ്രതിസന്ധിയിലാക്കിയെന്നും ചേതന്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു. 

കോഹ് ലി: ഈഗോ പ്രശ്‌നങ്ങള്‍ വഷളാക്കി

വിരാട് കോഹ് ലി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പുറത്തായതിന് പിന്നിലെ സംഗതികളും ചീഫ് സെലക്ടര്‍ വെളിപ്പെടുത്തി. തങ്ങള്‍ രോഹിത് ശര്‍മ്മയ്ക്ക് അനുകൂലമായിരുന്നില്ല. എന്നാല്‍ ബിസിസിഐ കോഹ്‌ലിക്ക് എതിരായിരുന്നു. മോശം ഫോം കണക്കിലെടുത്ത് കോഹ് ലിയെ എത്രയും വേഗം ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്ന് നിര്‍ദേശം ലഭിച്ചിരുന്നു. ബിസിസിഐ പ്രസിഡന്റ് ആയിരുന്ന സൗരവ് ഗാംഗുലിയും വിരാട് കോഹ്‌ലിയും തമ്മിലുള്ള ഈഗോയാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയത്. 

ഗാംഗുലിയുടെ പല നിര്‍ദേശങ്ങളും അംഗീകരിക്കാന്‍ കോഹ്‌ലി കൂട്ടാക്കിയില്ല. സെലക്ടര്‍മാരും ബോര്‍ഡ് മെംബര്‍മാരും ഉള്‍പ്പെടെ പങ്കെടുത്ത ഒരു വിഡിയോ കോണ്‍ഫറന്‍സില്‍ വരെ പ്രശ്‌നമുണ്ടായി. കളിയേക്കാള്‍ വലുതാണ് താനെന്ന് വിരാട് കോഹ്‌ലി ചിന്തിക്കാന്‍ തുടങ്ങി. എന്നിരുന്നാലും ലോകോത്തര ബാറ്ററായ കോഹ്‌ലിയെ ഒഴിവാക്കിയ നടപടി ശരിയായിരുന്നില്ലെന്നും ചീഫ് സെലക്ടര്‍ കൂട്ടിച്ചേര്‍ത്തു. വിരാട് കോഹ്‌ലിയും നിലവിലെ നായകന്‍ രോഹിത് ശര്‍മ്മയും തമ്മില്‍ വലിയ പിണക്കങ്ങളൊന്നുമില്ല. 

'ഒരാള്‍ ബച്ചനും ഒരാള്‍ ധര്‍മേന്ദ്രയും പോലെ'

എന്നാല്‍ ഇവര്‍ തമ്മില്‍ ഈഗോ പ്രശ്‌നമുണ്ട്. ഇരുവരും വലിയ സിനിമാ താരങ്ങളെപ്പോലെയാണ്. ഒരാള്‍ അമിതാഭ് ബച്ചനും ഒരാള്‍ ധര്‍മേന്ദ്രയും എന്ന പോലെ. ഇരുവര്‍ക്കും അവരുടെ ഇഷ്ടക്കാരായി ടീമില്‍ ആളുകളുണ്ട്. അധികം വൈകാതെ ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി പൂര്‍ണമായും ഏറ്റെടുക്കും. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയുടെ പരിക്ക് അതീവ ഗുരുതരമായതിനാലാണ് ഫിറ്റ്‌നസ് തെളിയിച്ച് കളിക്കിറങ്ങാന്‍ കഴിയാത്തതെന്നും ചേതന്‍ ശര്‍മ പറഞ്ഞു. 

ചേതൻ ശർമ തുടരുമോ ?

വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ടീം ചീഫ് സെലക്ടര്‍ സ്ഥാനത്ത് ചേതന്‍ ശര്‍മ തുടരണോ എന്ന കാര്യത്തില്‍ ബിസിസിഐ ഉടന്‍ നിലപാട് സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ട്. ബിസിസിഐ സെക്രട്ടറി ജയ് ഷാ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം പ്രഖ്യാപിക്കും. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ മാധ്യമങ്ങളോട്, ടീമുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തു പറയരുതെന്ന് ബിസിസിഐ കരാറിലുണ്ട്. ഇത് ചേതന്‍ ശര്‍മ ലംഘിച്ചതായി ബിസിസിഐയുടെ ഒരു ഉന്നതന്‍ സൂചിപ്പിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com