കൊൽക്കത്തയിലും ബ്ലാസ്റ്റേഴ്സ് വീണു; പ്ലേ ഓഫ് ഉറപ്പിച്ച് എടികെ മോഹൻ ബ​ഗാൻ

പ്ലേ ഓഫ് പ്രതീക്ഷകളുമായി സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങിയ മോഹന്‍ ബഗാന്‍ തുടക്കത്തില്‍ തന്നെ ഞെട്ടി
ബ്ലാസ്റ്റേഴ്സ്- എടികെ മത്സരത്തിൽ നിന്ന്/ ട്വിറ്റർ
ബ്ലാസ്റ്റേഴ്സ്- എടികെ മത്സരത്തിൽ നിന്ന്/ ട്വിറ്റർ

കൊൽക്കത്ത: ഐഎസ്എല്ലിൽ എവേ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി. എടികെ മോഹൻ ബ​ഗാനെ കൊൽക്കത്ത സാൾട്ട് ലേക് സ്റ്റേഡിയത്തിൽ നേരിടാനിറങ്ങിയ ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് തോൽവി വഴങ്ങി. ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി മോഹൻ ബ​ഗാൻ മൂന്നാം സ്ഥാനത്തേക്ക് കയറുകയും പ്ലേ ഓഫ് ഉറപ്പിക്കുകയും ചെയ്തു. ബ്ലാസ്‌റ്റേഴ്‌സ് നേരത്തേ തന്നെ പ്ലേ ഓഫിലേക്ക് യോഗ്യത നേടിയിരുന്നു. കൊച്ചിയിലും ബ്ലാസ്റ്റേഴ്സ് എടികെക്ക് മുന്നിൽ വീണിരുന്നു.

പ്ലേ ഓഫ് പ്രതീക്ഷകളുമായി സ്വന്തം തട്ടകത്തിൽ കളിക്കാനിറങ്ങിയ മോഹന്‍ ബഗാന്‍ തുടക്കത്തില്‍ തന്നെ ഞെട്ടി. മത്സരത്തിന്റെ 16ാം മിനിറ്റില്‍ തന്നെ ബ്ലാസ്‌റ്റേഴ്‌സ് എടികെ വല കുലുക്കി. മനോഹരമായ നീക്കത്തിനൊടുവില്‍ മോഹന്‍ ബഗാന്റെ പെനാല്‍റ്റി ബോക്‌സിനുള്ളില്‍ നിന്ന് അപോസ്തലസ് ജിയാന്നു നല്‍കിയ പാസില്‍ നിന്ന് ഡയമന്റകോസ് മികച്ചൊരു ഷോട്ടിലൂടെ ലക്ഷ്യം കണ്ടു.

ബ്ലാസ്‌റ്റേഴ്‌സിന്റെ ആഹ്ലാദത്തിന് അല്‍പ്പ സമയം മാത്രമേ ആയുസുണ്ടായിയുള്ളൂ. 23ാം മിനിറ്റില്‍ കാള്‍ മക്ഹ്യൂയിലൂടെ എടികെ തിരിച്ചടിച്ചു. ആദ്യ പകുതി ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ച് സമനിലയിലാണ് പിരിഞ്ഞത്.

രണ്ടാം പകുതി തുടങ്ങി 64ാം മിനിറ്റില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് രാഹുല്‍ കെപി പുറത്തു പോയത് ബ്ലാസ്‌റ്റേഴ്‌സിന് കനത്ത തിരിച്ചടിയായി. പിന്നീടങ്ങോട്ട് എടികെ വിജയഗോളിനായി നിരന്തരം ആക്രമണമഴിച്ചുവിട്ടു.

71ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം കാള്‍ മക്ഹ്യൂ ഒരിക്കല്‍ കൂടി ഭേദിച്ച് വല കുലുക്കിയതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തിലായി. ഗോള്‍ വീണതിന് ശേഷവും മോഹന്‍ ബഗാന്‍ ആക്രമണങ്ങള്‍ തുടര്‍ന്നു. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പിടിപ്പത് പണിയായിരുന്നു ഫൈനൽ വിസിൽ വരെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com