ഖവാജയെ മടക്കി ജഡേജ; ഓസ്‌ട്രേലിയക്ക് 62 റണ്‍സ് ലീഡ്

39 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും 16 റണ്‍സുമായി മര്‍നെസ് ലബുഷെയ്‌നും ക്രീസില്‍
ഖവാജയെ പുറത്താക്കിയ ജഡേജയെ അഭിനന്ദിക്കുന്ന സഹ താരങ്ങൾ/ ട്വിറ്റർ
ഖവാജയെ പുറത്താക്കിയ ജഡേജയെ അഭിനന്ദിക്കുന്ന സഹ താരങ്ങൾ/ ട്വിറ്റർ

ന്യൂഡല്‍ഹി: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് 62 റണ്‍സ് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 262 റണ്‍സില്‍ അവസാനിപ്പിച്ച് ഒസീസ് രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ അവര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സെന്ന നിലയിലാണ്. ഒറ്റ റണ്‍ ലീഡുമായാണ് അവര്‍ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 263 റണ്‍സാണ് കണ്ടെത്തിയത്. 

രണ്ടാം ഇന്നിങ്‌സില്‍ അവര്‍ക്ക് ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് തുടക്കത്തില്‍ തന്നെ നഷ്ടമായത്. താരം ആറ് റണ്‍സുമായി മടങ്ങി. ഖവാജയെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്. 39 റണ്‍സുമായി ട്രാവിസ് ഹെഡ്ഡും 16 റണ്‍സുമായി മര്‍നെസ് ലബുഷെയ്‌നും ക്രീസില്‍.

നേരത്തെ ഓസീസ് സ്പിന്നര്‍മാരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തത്. അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി നതാന്‍ ലിയോണും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ടോഡ് മര്‍ഫി, മാത്യു കുനെമന്‍ എന്നിവരും തിളങ്ങി. ശേഷിച്ച ഒരു വിക്കറ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് സ്വന്തമാക്കി. 

ഓസീസ് സ്പിന്നിന് മുന്നില്‍ മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്ത് അക്ഷര്‍ പട്ടേല്‍ ആര്‍ അശ്വിന്‍ സഖ്യമാണ് ഇന്ത്യക്ക് തുണയായത്. ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സ് എന്ന നിലയിലാണ് അക്ഷര്‍ അശ്വിന്‍ സഖ്യം ക്രീസില്‍ ഒന്നിച്ചത്. എട്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 114 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തതോടെ ഇന്ത്യ കൂട്ടത്തകര്‍ച്ചയില്‍ നിന്ന് രക്ഷപ്പെട്ടു. അശ്വിനെ മടക്കി കമ്മിന്‍സാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ അധികം വൈകാതെ ഇന്ത്യന്‍ ഇന്നിങ്‌സിനും തിരശ്ശീല വീണു.

അക്ഷര്‍ പട്ടേലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. താരം ഒന്‍പത് ഫോറും മൂന്ന് സിക്‌സും സഹിതം 74 റണ്‍സ് കണ്ടെത്തി. അശ്വിന്‍ 37 റണ്‍സുമായി മടങ്ങി.

മുഹമ്മദ് ഷമി രണ്ട് റണ്‍സില്‍ പുറത്തായി. മുഹമ്മദ് സിറാജ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു. 

അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ നതാന്‍ ലിയോണിന്റെ സ്പിന്നിന് മുന്നിലാണ് പുകള്‍പെറ്റ ഇന്ത്യന്‍ ബാറ്റിങ് നിര തകര്‍ന്നടിഞ്ഞത്. രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, ശ്രേയസ് അയ്യര്‍, ശ്രീകര്‍ ഭരത് എന്നിവര്‍ നതാന്‍ ലിയോണിനു മുന്നില്‍ വീണു. 

വിരാട് കോഹ്‌ലി മികച്ച ബാറ്റിങുമായി കളം നിറയവെയാണ് അരങ്ങേറ്റക്കാരന്‍ മാത്യു കുന്നെമന്‍ ഇന്ത്യന്‍ മുന്‍ നായകനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയത്. കോഹ്‌ലി 44 റണ്‍സെടുത്തു. രവീന്ദ്ര ജഡേജ 26 റണ്‍സുമായി മടങ്ങി. ശ്രീകര്‍ ഭരത് ഇത്തവണയും പരാജയമായി. താരം ആറ് റണ്‍സുമായി മടങ്ങി. 

സ്‌കോര്‍ 46 റണ്‍സ് നില്‍ക്കെ കെ എല്‍ രാഹുല്‍ 17 റണ്‍സില്‍ എല്‍ബിയില്‍ പുറത്തായി. തുടര്‍ന്ന് 32 റണ്‍സെടുത്ത് ക്യാപറ്റന്‍ രോഹിത് ശര്‍മയും പൂജ്യത്തിന് ചേതേശ്വര്‍ പൂജാരയും പുറത്തായി. 

നാല് വിക്കറ്റുകള്‍ നേടിയ പേസര്‍ മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റുകള്‍ വീതം പങ്കുവച്ച സ്പിന്നര്‍മാരായ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരുമാണ് ഓസീസിനെ ആദ്യ ദിനം എറിഞ്ഞിട്ടത്.  ഓപ്പണര്‍ ഉസ്മാന്‍ ഖവാജ, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ്, ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് എന്നിവരുടെ ബാറ്റിങ്ങാണ് ഓസിട്രേലിയയ്ക്ക് തുണയായത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 78.4 ഓവറില്‍ 263 റണ്‍സെടുത്ത് ഓള്‍ഔട്ട് ആയി. 125 പന്തില്‍ 81 റണ്‍സെടുത്ത ഉസ്മാന്‍ ഖവാജ ആണ് ടോപ് സ്‌റ്റോറര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com