സ്മൃതിയും റിച്ചയും പൊരുതിയിട്ടും തോറ്റു; ടി20 ലോകകപ്പിൽ ഇന്ത്യയെ വീഴ്ത്തി ഇം​ഗ്ലണ്ട് വനിതകൾ

ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് 151 റൺസെടുത്തപ്പോൾ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസിൽ അവസാനിപ്പിച്ചാണ് ഇം​ഗ്ലണ്ട് വിജയം പിടിച്ചത്
സ്മൃതി മന്ധാന/ ട്വിറ്റർ
സ്മൃതി മന്ധാന/ ട്വിറ്റർ

കേപ്ടൗൺ: വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് തോൽവി. ഇം​ഗ്ലണ്ട് വനിതകളാണ് ഇന്ത്യയെ വീഴ്ത്തിയത്. 11 റൺസിനാണ് ഇന്ത്യയുടെ പരാജയം. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് 151 റൺസെടുത്തപ്പോൾ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 140 റൺസിൽ അവസാനിപ്പിച്ചാണ് ഇം​ഗ്ലണ്ട് വിജയം പിടിച്ചത്. 

ഇംഗ്ലണ്ട് ഉയര്‍ത്തിയ 152റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് ഓപ്പണര്‍ ഷെഫാലി വര്‍മയെ തുടക്കത്തില്‍ തന്നെ നഷ്ടപ്പെട്ടു. എട്ട് റണ്‍സെടുത്ത ഷെഫാലിയെ ലോറന്‍ ബെല്ലാണ് പുറത്താക്കിയത്. സ്മൃതി മന്ധാന മറുവശത്ത് നിലയുറപ്പിച്ച് ബാറ്റേന്തിയതോടെ ഇന്ത്യന്‍ സകോര്‍ പത്താം ഓവറില്‍ അമ്പത് കടന്നു. എന്നാല്‍ ജെമീമ റോഡ്രിഗസും (13), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും (4) ക്ഷണത്തിൽ മടങ്ങിയതോടെ ഇന്ത്യ പ്രതിരോധത്തിലായി. 

പിന്നീട് റിച്ച ഘോഷുമൊത്ത് മന്ധാന സ്‌കോറിങ്ങിന് വേഗത കൂട്ടി. സ്‌കോര്‍ 105ല്‍ നില്‍ക്കേ മന്ധാനയെ പുറത്താക്കി സാറ ഗ്ലെന്‍ ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. 41 പന്തിൽ ഏഴ് ഫോറും ഒരു സിക്സും സഹിതം മന്ധാന 52 റൺസെടുത്തു. പിന്നാലെ ദീപ്തി ശര്‍മ ഏഴ് റണ്ണെടുത്ത് പുറത്തായി. 34പന്തില്‍ നിന്ന് 47 റണ്‍സെടുത്ത റിച്ച ഘോഷ് പുറത്താവാതെ പോരാടിയെങ്കിലും ഇന്ത്യയെ വിജയത്തിലെത്തിക്കാനായില്ല. 

ഇംഗ്ലണ്ടിനായി സാറ ഗ്ലെന്‍ രണ്ടുവിക്കറ്റെടുത്തപ്പോള്‍ എക്ലസ്‌റ്റോണ്‍, ലോറന്‍ ബെല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ടോസ് നേടി ഇംഗ്ലണ്ടിനെ ബാറ്റിങ്ങിനയച്ച ഇന്ത്യ തുടക്കത്തില്‍ തന്നെ ഇംഗ്ലീഷ് ബാറ്റര്‍മാരെ കൂടാരം കയറ്റി. ഓപ്പണര്‍മാരായ ഡങ്ക്‌ലി (10), ഡാനിയെല്ല വ്യാറ്റ് (0), ആലിസ് കാപ്‌സി (3) എന്നിവര്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ല. മൂന്ന് വിക്കറ്റുകളുമെടുത്ത രേണുക സിങ്ങാണ് ഇംഗ്ലീഷ് നിരയെ പ്രതിരോധത്തിലാക്കിയത്.

പിന്നീടിറങ്ങിയ നതാലി സീവര്‍ ബ്രണ്ടും ഹെതര്‍ നൈറ്റും ഇംഗ്ലണ്ടിനായി രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. ബ്രണ്ട് 42പന്തില്‍ 50 റണ്‍സും ഹെതര്‍ നൈറ്റ് 23 പന്തില്‍ 28-റണ്‍സുമെടുത്തു പുറത്തായി. നതാലി ബ്രണ്ടിനെ ദീപ്തി ശര്‍മയും ഹെതര്‍ നൈറ്റിനെ ശിഖ പാണ്ഡെയുമാണ് മടക്കിയത്.

വിക്കറ്റ് കീപ്പര്‍ ആമി ജോണ്‍സ് 27പന്തില്‍ നിന്ന് 40റണ്‍സെടുത്ത് ഇംഗ്ലീഷ് സ്‌കോറിങ്ങിന് വേഗം കൂട്ടി. രേണുക സിങ്ങ് ആമിയേയും പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151റണ്‍സിന് അവസാനിച്ചു.

നാല് ഓവറില്‍ 15റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റെടുത്ത രേണുക സിങ്ങാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. ശിഖ പാണ്ഡെ, ദീപ്തി ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. 

ഗ്രൂപ്പ് ബിയില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് മൂന്ന് ജയത്തോടെ ആറ് പോയിന്റുമായി ഇംഗ്ലണ്ടാണ് ഒന്നാമത്. ഇത്രയും മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള ഇന്ത്യ രണ്ടാം സ്ഥാനത്താണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com