

ലണ്ടൻ: മറ്റൊരു ക്ലാസിക്ക് പോരാട്ടത്തിന്റെ ആരവങ്ങളിലേക്ക് ഫുട്ബോൾ ലോകം. യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടറിലെ ആദ്യ പാദത്തിൽ ഇന്ന് മുൻ ചാമ്പ്യൻമാരായ ലിവർപൂളും നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡും നേർക്കുനേർ. ലിവർപൂളിന്റെ തട്ടകമായ ആൻഫീൽഡിലാണ് ഇന്നത്തെ ക്ലാസിക്ക് പോരാട്ടം. ഇന്ത്യൻ സമയം രാത്രി 1.30നാണ് പോരാട്ടം.
ചാമ്പ്യൻസ് ലീഗിൽ 14 കിരീടങ്ങളുമായി കരുത്തോടെ നിൽക്കുന്ന സംഘമാണ് റയൽ. 15ാം കിരീടമാണ് അവർ ലക്ഷ്യമിടുന്നത്. ലിവർപൂളിനെ അവരുടെ തട്ടകത്തിൽ വീഴ്ത്തി ആത്മവിശ്വാസത്തോടെ രണ്ടാം പാദത്തിൽ സ്വന്തം തട്ടകത്തിൽ ഇറങ്ങാനുള്ള കണക്കുകൂട്ടലുമായിട്ടായിരിക്കും ആൻസലോട്ടി ടീമിനെ ഇറക്കുന്നത്.
കഴിഞ്ഞ സീസണിന്റെ ഫൈനലിന്റെ ആവർത്തനമാണ് ഇന്നത്തെ പോരാട്ടം. നിലവിലെ കിരീട ജേതാക്കളും നിലവിലെ രണ്ടാം സ്ഥാനക്കാരും പ്രീ ക്വാർട്ടറിൽ വരുമ്പോൾ ഇതിൽ ഒരാൾക്ക് അവസാന 16ൽ പോരാട്ടം അവസാനിപ്പിക്കേണ്ടി വരും.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രണ്ട് തവണ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഏറ്റു മുട്ടിയ ടീമുകകളാണ് ലിവർപൂളും മാഡ്രിഡും. റയലിന്റെ സർവാധിപത്യമുള്ള ടൂർണമെന്റിൽ രണ്ട് തവണയും യുർഗൻ ക്ലോപും സംഘവും അടിയറവ് പറഞ്ഞു. ഇതിനെല്ലാം കണക്കു തീർത്ത് റയലിനെ പ്രീ ക്വാർട്ടറിൽ പുറത്താക്കി തങ്ങളുടെ നില ഭദ്രമാക്കുക ലക്ഷ്യമിട്ടാണ് ലിവർപൂളും കച്ച മുറുക്കുന്നത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ അത്ര സുഖകരമല്ല ലിവർപൂളിന്റെ സ്ഥിതി. തുടർച്ചയായി ഫോം ഇല്ലാതെ താരങ്ങൾ കഷ്ടപ്പെടുകയാണ്. എങ്കിലും തിരിച്ചു വരവിന്റെ പാതയിലാണ് അവരിപ്പോൾ. അതിനിടെ കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ ന്യൂകാസിൽ, എവർടൻ ടീമുകളെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസം അവർക്കുണ്ട്.
ഗാക്പോയും ന്യൂനസുമൊക്കെ ഗോളടി തുടങ്ങിയതോടെ ലിവർപൂളിന്റെ ആത്മവിശ്വാസം ഉയർന്നിട്ടുണ്ട്. പരിക്കു മാറി ജോട്ടയും വാൻ ഡെയ്കും ടീമിൽ തിരിച്ചെത്തിയത് കരുത്താണ്. റയൽ മധ്യനിരയുടെ തന്ത്രങ്ങൾക്ക് എന്ത് മറുതന്ത്രമായിരിക്കും ക്ലോപ് ഒരുക്കുക എന്നതാണ് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത്.
വിനിഷ്യസ് ജൂനിയർ, കരിം ബെൻസെമ എന്നിവരായിരിക്കും റയലിന്റെ മുന്നേറ്റത്തിലെ കുന്തമുന. ടോണി ക്രൂസ്, ചൗമേനി എന്നിവർ അസുഖത്തെ തുടർന്ന് ടീമിന് പുറത്താണ്. കമവിംഗ, സെബയ്യോസ് എന്നിവരായിരിക്കും മോഡ്രിചിനൊപ്പം മധ്യനിരയിലേക്ക് വരിക. സ്വന്തം തട്ടകത്തിൽ കൂടുതൽ ഗോളുകൾ ലക്ഷ്യം വെച്ചു തന്നെ ആവും ലിവർപൂൾ ഇറങ്ങുന്നത്. അന്റോണിയോ റൂഡിഗറടക്കമുള്ള കരുത്തർ അണിനിരക്കുന്ന പ്രതിരോധത്തെ അവർക്ക് പൊളിക്കാൻ സാധിക്കുമോ എന്നതും കണ്ടറിയേണ്ടതുണ്ട്.
ഇന്ന് മറ്റൊരു പ്രീ ക്വാർട്ടറിൽ ഇറ്റലിയിൽ കിരീടത്തിലേക്ക് കുതിക്കുന്ന നാപോളി നിലവിലെ യൂറോപ്പ ചാമ്പ്യൻമാരായ ഐൻഡ്രാറ്റ് ഫ്രാങ്ക്ഫർട്ടിനെ നേരിടും.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates