'തോല്‍വിയുടെ വേദന അത്രയുണ്ട്, സ്വയം നിയന്ത്രിക്കാന്‍ കഴിയുന്നില്ല'- കടുത്ത നിരാശയില്‍ ഹര്‍മന്‍പ്രീത്

ഒരു ടീമിന്റെ ക്യാപ്റ്റന്‍ അനുഭവിക്കുന്ന വേദന മറ്റൊരാള്‍ക്കുമുണ്ടാകില്ല. എല്ലാം കഴിഞ്ഞ റൂമിലേക്ക് മടങ്ങുമ്പോള്‍ ആ നിരാശ നമുക്ക് അറിയാന്‍ സാധിക്കും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കേപ് ടൗണ്‍: ഓസ്‌ട്രേലിയക്കെതിരായ ടി20 ലോകകപ്പിന്റെ സെമിയില്‍ പൊരുതി വീണതിന് പിന്നാലെ തോല്‍വിയുടെ നിരാശ മറച്ചു വയ്ക്കാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍. അര്‍ധ സെഞ്ച്വറിയുമായി ടീമിനെ വിജയത്തിലേക്ക് നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ഹര്‍മന്‍പ്രീത് അപ്രതീക്ഷിതമായി റണ്ണൗട്ടായത് കളിയിുടെ ഗതി തിരിച്ചു. 

തോല്‍വിയുടെ മനോ വേദനയില്‍ നിന്ന് എപ്പോള്‍ മുക്തമാകുമെന്ന് പറയാന്‍ സാധിക്കില്ലെന്ന് കടുത്ത നിരാശയില്‍ ക്യാപ്റ്റന്‍ പ്രതികരിച്ചു. മത്സര ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവേയാണ് താരം മാനസിക അവസ്ഥയെ കുറിച്ച് പറഞ്ഞത്. 

'ഈ അവസ്ഥയില്‍ എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. ഞാന്‍ ഇവിടെ ഇരിക്കുന്നത് തന്നെ അത്രമേല്‍ ഭാരത്തോടെയാണ്.'

'ഒരു ടീമിന്റെ ക്യാപ്റ്റന്‍ അനുഭവിക്കുന്ന വേദന മറ്റൊരാള്‍ക്കുമുണ്ടാകില്ല. എല്ലാം കഴിഞ്ഞ റൂമിലേക്ക് മടങ്ങുമ്പോള്‍ ആ നിരാശ നമുക്ക് അറിയാന്‍ സാധിക്കും. അതില്‍ നിന്ന് പുറത്തു കടക്കാന്‍ എത്രി ദിവസം വേണ്ടി വരുമെന്ന് പറയാന്‍ സാധിക്കില്ല. ഞങ്ങള്‍ മികച്ച രീതിയില്‍ തന്നെയാണ് കളിച്ചത് എന്ന് എനിക്കുറപ്പുണ്ട്. ഇത്രയെ എനിക്ക് പറയാനുള്ളു.'

മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ നാസര്‍ ഹുസൈന്‍ ഹര്‍മന്‍പ്രീത് റണ്ണൗട്ടായതിനെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വരുത്തുന്ന പിഴവ് എന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇക്കാര്യം ചോദിച്ചപ്പോള്‍ ഹര്‍മന്‍പ്രീതിന്റെ മറുപടി ഇങ്ങനെയായിരുന്നു. 

'അദ്ദേഹം അങ്ങനെ പറഞ്ഞോ, ശരി. അതെല്ലാം അദ്ദേഹത്തിന്റെ ചിന്ത മാത്രമാണ്. എനിക്കറിയില്ല. ബാറ്റര്‍മാര്‍ അത്തരത്തില്‍ സിംഗിള്‍ എടുക്കാന്‍ ശ്രമിക്കുന്നതും ഔട്ടായി പോകുന്നതുമൊക്കെ മുന്‍പ് കണ്ടിട്ടുണ്ട്. അത്തരമൊരു നിര്‍ഭാഗ്യം മാത്രമാണ് ആ റണ്ണൗട്ട്.' 

'ഞാന്‍ പുറത്തായ നിമിഷം ഒരു വഴിത്തിരിവാണ്. കളി ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് മാറിയെന്ന് എനിക്ക് വ്യക്തിപരമായി തോന്നി. ഇങ്ങനെ അവസരം കളയാന്‍ പാടില്ലായിരുന്നു. അങ്ങേയറ്റത്തെ നിരാശയാണ് അപ്പോള്‍ തോന്നിയത്. ജയത്തിന് വളരെ അടുത്തെത്തിയിരുന്നു. ആ ഘട്ടത്തില്‍ കൂറച്ചുകൂടി ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യാമായിരുന്നു'- ഹര്‍മന്‍ പ്രതികരിച്ചു.  

സെമിയില്‍ ഹര്‍മന്‍പ്രീത് ഉജ്ജ്വല അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. താരം 34 പന്തില്‍ 52 റണ്‍സ് കണ്ടെത്തി. ആറ് ഫോറും ഒരു സിക്‌സും സഹിതമാണ് ഹര്‍മന്‍ കളം നിറഞ്ഞത്. 

താരം ക്രീസില്‍ നിന്ന അത്രയും നേരം ഇന്ത്യ വിജയ പ്രതീക്ഷയിലുമായിരുന്നു. എന്നാല്‍ ക്യാപ്റ്റന്റെ റണ്ണൗട്ട് കളിയുടെ ഗതി ഓസീസ് വനിതകള്‍ക്ക് അനുകൂലമാക്കി. അവസാനം വരെ അത് നിലനിര്‍ത്താനും അവര്‍ക്കായതോടെ ഇന്ത്യന്‍ പോരാട്ടം അഞ്ച് റണ്‍സ് അകലെ അവസാനിച്ചു. ഒരിക്കല്‍ കൂടി ലോകകപ്പ് കിരീടമെന്ന സ്വപ്നവും

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 173 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യന്‍ വനിതകള്‍ പൊരുതി വീഴുകയായിരുന്നു. അഞ്ച് റണ്ണിനാണ് ഇന്ത്യയുടെ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് കണ്ടെത്തിയപ്പോള്‍ ഇന്ത്യന്‍ പോരാട്ടം നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സില്‍ അവസാനിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com