'ഓൾഡ് ട്രഫോർഡിലെ മാഞ്ചസ്റ്റർ'- ബാഴ്സലോണ യൂറോപ്പ ലീ​ഗിൽ നിന്ന് പുറത്ത് 

യൂറോപ്പ ലീ​ഗിൽ നിന്ന് സ്പാനിഷ് കരുത്തരായ ബാഴ്സലോണയെ മടക്കി പ്രീ ക്വാർട്ടറിലേക്ക് മുന്നേറി എറിക് ടെൻ ഹാ​ഗും സംഘവും
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടൻ: പഴയ പ്രതാപത്തിലേക്ക് തങ്ങൾ മടങ്ങുന്നതായി പ്രഖ്യാപിച്ച് ഓൾഡ് ട്രഫോർഡിൽ മാഞ്ചസ്റ്റർ യുനൈറ്റഡിന്റെ തിരിച്ചു വരവ്. യൂറോപ്പ ലീ​ഗിൽ നിന്ന് സ്പാനിഷ് കരുത്തരായ ബാഴ്സലോണയെ മടക്കി പ്രീ ക്വാർട്ടറിലേക്ക് മുന്നേറി എറിക് ടെൻ ഹാ​ഗും സംഘവും. പ്രീ ക്വാർട്ടർ പ്ലേ ഓഫിന്റെ രണ്ടാം പാദത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് വിജയം സ്വന്തമാക്കിയാണ് ചുവന്ന ചെകുത്താൻമാരുടെ മുന്നേറ്റം. 

ആദ്യ പാദത്തിൽ നൗ കാംപിൽ ബാഴ്സലോണയെ 2-2ന് സമനിലയിൽ പിടിച്ച മാഞ്ചസ്റ്റർ ഇരു പാദങ്ങളിലായി 4-3ന്റെ വിജയം സ്വന്തമാക്കിയാണ് അവസാന പതിനാറിലേക്ക് മുന്നേറിയത്. ബാഴ്സലോണ യൂറോപ്പ ലീ​ഗിൽ നിന്ന് പുറത്തായി. 

തുടക്കത്തിൽ തന്നെ ബാഴ്സലോണ ലീഡെടുത്തു. പന്തടക്കത്തിലും പാസിങിലുമൊക്കെ നേരിയ മുൻതൂക്കം ബാഴ്സലോണയ്ക്കായിരുന്നു. എന്നാൽ ലക്ഷ്യത്തിലേക്ക് കൂടുതൽ ഷോട്ട് വന്നത് മാഞ്ചസ്റ്ററിന്റെ ഭാ​ഗത്തു നിന്നായിരുന്നു. ആദ്യ പകുതിയിൽ ഒരു ​ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്റർ രണ്ട് ​ഗോളുകൾ വലയിലിട്ടത്. 

18ാം മിനിറ്റിലാണ് ബാഴ്സലോണ ലീഡ് സ്വന്തമാക്കിയത്. പെനാൽറ്റിയിൽ നിന്ന് റോബർട്ട് ലെവൻഡോസ്കിയാണ് കറ്റാലൻമാർക്കായി വല ചലിപ്പിച്ചത്. ബ്രൂണോ ഫെർണാണ്ടസ് ബാൾഡെയെ ബോക്സിൽ വീഴ്ത്തിയതിനാണ് തുടക്കത്തിൽ തന്നെ ബാഴ്സലോണയ്ക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചത്. ലെവൻഡോസ്കി ലക്ഷ്യം കാണുകയും ചെയ്തു. 

​ഗോൾ വഴങ്ങിയതോടെ മാഞ്ചസ്റ്റർ പ്രതിരോധത്തിലായി. ബാഴ്സ മധ്യനിര കേന്ദ്രീകരിച്ച് കളിയിൽ അധിപാത്യവും സ്ഥാപിച്ചു. ആദ്യ പകുതി തീരാൻ നിമിഷങ്ങൾ മാത്രമുള്ളപ്പോൾ ​ഗോൾ കീപ്പർ ഡേവിഡ് ഡി ഹെയയുടെ ഒരു പിഴവിൽ നിന്ന് ​ഗോൾ നേടാനുള്ള അവസരം ബാഴ്സയ്ക്ക് ലഭിച്ചെങ്കിലും അവസരം മുതലാക്കാൻ സാധിക്കാതെ പോയി. 

രണ്ടാം പകുതി തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ മാഞ്ചസ്റ്റർ സമനില പിടിച്ചു. 47ാം മിനിറ്റിൽ ഫ്രെഡാണ് മാഞ്ചസ്റ്ററിന് സമനില സമ്മാനിച്ചത്. ബ്രൂണോ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ചായിരുന്നു താരം വല ചലിപ്പിച്ചത്. കളി സമനിലയിലായതോടെ അ​ഗ്രെ​ഗേറ്റ് സ്കോറും ഒപ്പമായി. പിന്നീട് രണ്ട് ഭാ​ഗത്തും ആക്രമണം കണ്ടു. 

രണ്ടാം ​ഗോളിന് കിണഞ്ഞു ശ്രമിക്കുന്നതിനിടെ ടെൻ ഹാ​ഗ് ഡലോട്ടിനേയും ​ഗർനാചോയേയും കളത്തിലെത്തിച്ചു. ഒടുവിൽ 72ാം മിനിറ്റിൽ ആന്റണിയുടെ നിർണായക ​ഗോൾ ​കളി മാഞ്ചസ്റ്ററിന് അമുകൂലമാക്കി. ഗർനാചോയുടെയും ഫ്രെഡിന്റെയും ഷോട്ടുകൾ ബാഴ്സലോണ ഡിഫൻസ് ബ്ലോക്ക് ചെയ്തെങ്കിലും പിന്നാലെ വന്ന ആന്റണിയുടെ ഷോട്ട് ടെർ സ്റ്റിഗനെ കീഴ്പ്പെടുത്തി. 

പിന്നിലായതോടെ ബാഴ്സ അൻസു ഫതിയെ കളത്തിൽ ഇറക്കി. സമനില ഗോളിനായി സകല കളിയും പുറത്തെടുത്തെങ്കിലും. യുനൈറ്റഡ് പ്രതിരോധം പാറ പോലെ ഉറച്ചു നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com