'ഞാനും മക്കളും മരിക്കേണ്ടവര്‍'- വധ ഭീഷണിയെന്ന് ചെല്‍സി പരിശീലകന്‍

ഇ മെയില്‍ വഴിയാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്. താനും മക്കളുമടക്കം എല്ലാവരും മരിക്കണമെന്ന് സന്ദേശത്തില്‍ പറയുന്നുണ്ടെന്നും പോട്ടര്‍ വെളിപ്പെടുത്തി
ഗ്രഹാം പോട്ടർ/ ട്വിറ്റർ
ഗ്രഹാം പോട്ടർ/ ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കടുത്ത പ്രതിസന്ധിയിലൂടെ നീങ്ങുകയാണ് ചെല്‍സി. പ്രീമിയര്‍ ലീഗില്‍ നിലവില്‍ പത്താം സ്ഥാനത്താണ് അവര്‍. തോമസ് ടുക്കലിനെ പുറത്താക്കി പകരം ഗ്രഹാം പോട്ടറിനെ പരിശീലകനായി നിയമിച്ചെങ്കിലും ക്ലബ് തുടര്‍ തോല്‍വികളും സമനിലകളുമായി കഷ്ടപ്പെടുന്നു. 

അവസാന പത്ത് മത്സരങ്ങളില്‍ ആകെ ഒരു വിജയം മാത്രമെ ചെല്‍സിയില്‍ പോട്ടറിന് ഉള്ളൂ. അതുകൊണ്ടു തന്നെ കടുത്ത സമ്മര്‍ദ്ദത്തിലാണ് പോട്ടര്‍. പോട്ടറിന്റെ രാജിക്കായി ആരാധകര്‍ മുറവിളിയും തുടങ്ങിയിട്ടുണ്ട്. 

അതിനിടെ തനിക്കും കുടുംബത്തിനും ഇപ്പോള്‍ വധ ഭീഷണികള്‍ വരുന്നതായി വെളിപ്പെടുത്തിയിരിക്കുകയാണ് പരിശീലകന്‍ പോട്ടര്‍. ഇ മെയില്‍ വഴിയാണ് സന്ദേശങ്ങള്‍ ലഭിക്കുന്നത്. താനും മക്കളുമടക്കം എല്ലാവരും മരിക്കണമെന്ന് സന്ദേശത്തില്‍ പറയുന്നുണ്ടെന്നും പോട്ടര്‍ വെളിപ്പെടുത്തി. സ്‌കൈ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് കോച്ചിന്റെ വെളിപ്പെടുത്തല്‍. 

'എനിക്ക് പിന്തുണ ലഭിച്ചതു പോലെ, ഞാന്‍ മരിക്കണമെന്നും എന്റെ കുട്ടികള്‍ മരിക്കണമെന്നും ആഗ്രഹിക്കുന്ന ചില ഇ മെയിലുകളും എനിക്കു ലഭിച്ചിട്ടുണ്ട്. അത്ര സന്തോഷകരമായ കാര്യമല്ല ഇതൊന്നും. കുടുംബത്തെ സംബന്ധിച്ചു അത്ര സുഖകരമായ അവസ്ഥയല്ല.' 

'ഞാന്‍ വിമര്‍ശനങ്ങള്‍ സ്വീകരിക്കുന്നു, ഒരു കളിയില്‍ തോറ്റാല്‍ ആളുകള്‍ രോഷം കൊള്ളുന്നതും മനസിലാക്കാം. പക്ഷേ എന്തിനും ഒരു പരിധിയുണ്ട്. ഇത്തരം അവസ്ഥകളിലൂടെ കടന്നു പോകുക എന്നത് എളുപ്പമുള്ള കാര്യമല്ല.' 

'എന്നെ സംബന്ധിച്ച് മുന്നില്‍ കടുത്ത വെല്ലുവിളികള്‍ നില്‍ക്കുന്നു. ഓകെ, ഞാന്‍ അതു ഉള്‍ക്കൊള്ളുന്നു.' 

'ഫുട്‌ബോള്‍ താരങ്ങളും പരിശീലകരുമെല്ലാം സമൂഹവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവര്‍ തന്നെയാണ്. നിങ്ങള്‍ ജോലിക്ക് പോകുമ്പോള്‍ ചിലര്‍ നിങ്ങളെ അസഭ്യം വിളിക്കുന്നത് അത്ര നല്ല അനുഭവമല്ല. രണ്ട് തരത്തില്‍ ഇതിനോടെല്ലാം പ്രതികരിക്കാം. ഒന്ന് തിരികെ മറുപടി നല്‍കുക എന്നതാണ്. രണ്ട് കാര്യമാക്കാതിരിക്കുക എന്നതും.' 

'നിലവിലെ സംഭവം എന്നെ ഞെട്ടിക്കുന്നില്ല. ഞാനത് കാര്യവുമാക്കുന്നില്ല. ഒറ്റപ്പെട്ട ഇത്തരം കാര്യങ്ങള്‍ എവിടെയാണെങ്കിലും സംഭവിക്കും. അതിലൊന്നു മാത്രമാണ് ഇപ്പോഴത്തെ ഭീഷണികള്‍. എങ്കിലും എല്ലാത്തിനും പരിധിയുണ്ട്. ആ പരിധി കടക്കുന്ന ആദ്യ വ്യക്തി ഞാനായിരിക്കില്ല. ചിലപ്പോള്‍ എനിക്കും നിയന്ത്രണം നഷ്ടപ്പെട്ടു പോയേക്കാം.'

'ദേഷ്യം പിടിക്കുന്നവരോട് വിരോധമൊന്നുമില്ല. പക്ഷേ ആ വികാരം ശരിയായ സന്ദര്‍ഭത്തില്‍ വേണമെന്നെ ഉള്ളു. ഇത്തരം അസ്ഥാനത്തുള്ള വികാര പ്രകടനങ്ങള്‍ ടീമിനെ സംബന്ധിച്ച് ഒട്ടും അനുയോജ്യമായിരിക്കില്ല. ഞാന്‍ അല്‍പ്പം അഹങ്കാരവും സ്വാര്‍ഥതയുമുള്ള ആളാണെങ്കില്‍ പ്രതികരണം ഇതായിരിക്കില്ല. വ്യക്തിപരമായ വിഷയങ്ങളേക്കാള്‍ എനിക്ക് പ്രാധാന്യം ക്ലബ് തന്നെയാണ്'- പോട്ടര്‍ വ്യക്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com