36 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട തന്ത്രങ്ങള്‍; അര്‍ജന്റീന കോച്ചായി സ്‌കലോണി തുടരും

2022ലെ മികച്ച പരിശീലകനുള്ള ഫിഫ പുരസ്‌കാരം സ്‌കലോണി സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് കരാര്‍ പുതുക്കിയത്
ഫിഫ ദ ബെസ്റ്റ്, ലോകകപ്പ് ട്രോഫികളുമായി സ്കലോണി/ ട്വിറ്റർ
ഫിഫ ദ ബെസ്റ്റ്, ലോകകപ്പ് ട്രോഫികളുമായി സ്കലോണി/ ട്വിറ്റർ

 
 
ബ്യൂണസ് അയേഴ്‌സ്: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ വീണ്ടും ലോക ചാമ്പ്യന്‍മാരാക്കിയ പരിശീലകന്‍ ലയണല്‍ സ്‌കലോണിയുടെ കരാര്‍ നീട്ടി അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എഎഫ്എ). 2026 വരെയാണ് കരാര്‍ പുതുക്കിയത്. കാനഡയിലും അമേരിക്കയിലും മെക്‌സിക്കോയിലുമായി നടക്കുന്ന ലോകകപ്പിലും സ്‌കലോണിയുടെ തന്ത്രങ്ങളിലായിരിക്കും അര്‍ജന്റീന കളിക്കുക. 

തിങ്കളാഴ്ച പാരിസില്‍ വെച്ച് എഎഫ്എ പ്രസിഡന്റ് ക്ലോഡിയോ ടാപിയയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനമെന്ന് അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. 2022ലെ മികച്ച പരിശീലകനുള്ള ഫിഫ പുരസ്‌കാരം സ്‌കലോണി സ്വന്തമാക്കിയിരുന്നു. പിന്നാലെയാണ് കരാര്‍ പുതുക്കിയത്. 

36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് അര്‍ജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് തോറ്റ് ഞെട്ടിപ്പോയ അവരെ പതറാതെ കളിയിലേക്ക് തിരിച്ചെത്തിക്കാന്‍ സ്‌കലോണിക്ക് സാധിച്ചു. ഓരോ ടീമിനെതിരെയും സവിശേഷമായ രീതിയില്‍ തന്ത്രങ്ങളൊരുക്കി സ്‌കലോണി ടീമിനെ നിരന്തരം ഊര്‍ജ്ജസ്വലമാക്കി മൈതാനത്തിറക്കി. ആദ്യ തോല്‍വിക്ക് ശേഷം പിന്നീട് അര്‍ജന്റീന നടത്തിയ കുതിപ്പ് ലോക കിരീടത്തിലാണ് അവസാനിച്ചത്. 

2018ല്‍ ജോര്‍ജ് സംപോളിയുടെ പരിശീലക സംഘത്തില്‍ അംഗമാണ് സ്‌കലോണി അര്‍ജന്റീന ടീമിലെത്തുന്നത്. 2018ലെ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായതോടെ സംപോളിയുടെ കസേര തെറിച്ചു. 

പിന്നാലെ സ്‌കലോണിയെ മുഖ്യ പരീശകനാക്കി. 2021ല്‍ അര്‍ജന്റീനയെ കോപ്പ അമേരിക്ക കിരീടത്തിലേക്ക് നയിച്ചതോടെ സ്‌കലോണിയുടെ തന്ത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. പിന്നാലെ യൂറോ കപ്പ് ചാമ്പ്യന്‍മാരായ ഇറ്റലിയെ വീഴ്ത്തി ഫൈനല്‍സിമ കിരീടം. അതിന്റെ തുടര്‍ച്ചയില്‍ ലോകകപ്പ് കിരീടത്തിലും മുത്തം. പിന്നാലെ മികച്ച കോച്ചിനുള്ള ഫിഫ പുരസ്‌കാരവും. 

57 മത്സരങ്ങളാണ് സ്‌കലോണിക്ക് കീഴില്‍ ഇതുവരെയായി അര്‍ജന്റീന കളിച്ചത്. അതില്‍ 37 മത്സരങ്ങള്‍ വിജയിച്ചു. 15 മത്സരങ്ങള്‍ സമനിലയില്‍. അഞ്ച് മത്സരങ്ങള്‍ മാത്രമാണ് ടീം പരാജയപ്പെട്ടത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com