കരുതലോടെ ബാറ്റ് വീശി രാഹുല്‍; ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് പരമ്പര

ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്
കെ എല്‍ രാഹുലിന്റെ ബാറ്റിങ്, image credit: BCCI
കെ എല്‍ രാഹുലിന്റെ ബാറ്റിങ്, image credit: BCCI

കൊല്‍ക്കത്ത:  ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു ഏകദിനം ജയിച്ചാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ശ്രീലങ്ക മുന്നോട്ടുവെച്ച 216 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 43.2 ഓവറില്‍ മറികടന്നു. ഇന്ത്യ നാലുവിക്കറ്റിനാണ് ജയിച്ചത്. 

തുടക്കത്തില്‍ തന്നെ ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയെയും ശുഭ്മാന്‍ ഗില്ലിനെയും ഫസ്റ്റ്ഡൗണ്‍ ആയ വിരാട് കോഹ് ലിയെയും നഷ്ടപ്പെട്ടെങ്കിലും ഒരു വശത്ത് വിക്കറ്റ് കാത്ത് കരുതലോടെ കളിച്ച കെ എല്‍ രാഹുലാണ് ജയിക്കുമെന്ന പ്രതീക്ഷ നല്‍കിയത്. 62 റണ്‍സിനിടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായ ഘട്ടത്തിലാണ് കെ എല്‍ രാഹുല്‍ ക്രീസില്‍ എത്തിയത്. അര്‍ധ സെഞ്ചുറി തികച്ച കെ എല്‍ രാഹുലാണ് ടോപ് സ്‌കോറര്‍. 103 പന്തില്‍ 64 റണ്‍സ് നേടിയ രാഹുല്‍ പുറത്താകാതെ നിന്നു.36 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയും 28 റണ്‍സ് നേടിയ ശ്രേയസ് അയ്യരും 21 റണ്‍സ് നേടിയ അക്‌സര്‍ പട്ടേലും രാഹുലിന് മികച്ച  പിന്തുണ നല്‍കി.

ആദ്യം ബാറ്റുചെയ്ത ശ്രീലങ്ക 39.4 ഓവറില്‍ 215 റണ്‍സിന് ഓള്‍ ഔട്ടായി. അര്‍ധസെഞ്ചുറി നേടിയ അരങ്ങേറ്റതാരം നുവനിഡു ഫെര്‍ണാണ്ടോയാണ് ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. 63 പന്തില്‍ 50 റണ്‍സാണ് സമ്പാദ്യം. ദുനിത് വെല്ലാലാഗെ വാലറ്റത്ത് പൊരുതിയില്ലായിരുന്നുവെങ്കില്‍ ടീം സ്‌കോര്‍ 200 കടക്കുമായിരുന്നില്ല. 32 റണ്‍സാണ് വെല്ലാലാംഗ നേടിയത്.

ടോസ് നേടി ബാറ്റിങ് ആരംഭിച്ച ശ്രീലങ്കയ്ക്ക് വേണ്ടി ആവിഷ്‌ക ഫെര്‍ണാണ്ടോയ്‌ക്കൊപ്പം പുതുതായി ടീമിലിടം നേടിയ നുവാനിന്‍ഡു ഫെര്‍ണാണ്ടോയാണ് ഓപ്പണ്‍ ചെയ്തത്. ആദ്യ വിക്കറ്റില്‍ ഇരുവരും 29 റണ്‍സാണ് ചേര്‍ത്തത്. എന്നാല്‍ ആറാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് സിറാജ് ഈ കൂട്ടുകെട്ട് പൊളിച്ചു. 

അതിമനോഹരമായ ഇന്‍സ്വിങ്ങറിലൂടെ സിറാജ് ആവിഷ്‌ക ഫെര്‍ണാണ്ടോയുടെ വിക്കറ്റ് പിഴുതെടുത്തു. 17 പന്തില്‍ നിന്ന് 20 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ആവിഷ്‌കയ്ക്ക് പകരം കുശാല്‍ മെന്‍ഡിസ് ക്രീസിലെത്തി.

കുശാല്‍ മെന്‍ഡിസും ഫെര്‍ണാണ്ടോയും ക്രീസിലൊന്നിച്ചതോടെ ശ്രീലങ്കന്‍ ഇന്നിങ്‌സിന് ജീവന്‍വെച്ചു. ഇരുവരും അനായാസം ഇന്ത്യന്‍ ബൗളര്‍മാരെ നേരിട്ടു. അരങ്ങേറ്റ മത്സരം കളിച്ച ഫെര്‍ണാണ്ടോ മനോഹരമായാണ് ബാറ്റുവീശിയത്. ഇരുവരും രണ്ടാം വിക്കറ്റില്‍ 73 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഈ കൂട്ടുകെട്ടിന്റെ ബലത്തില്‍ ശ്രീലങ്ക 17ാം ഓവറില്‍ തന്നെ 100 കടന്നു. പിന്നീട് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുന്നതാണ് കണ്ടത്. മുഹമ്മദ് സിറാജും കുല്‍ദീപ് യാദവും മൂന്ന് വിക്കറ്റുകള്‍ വീതം നേടി. ഉമ്രാന്‍ മാലിക്കിന് രണ്ടു വിക്കറ്റുകള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com