ഇനി ഹോക്കി ആവേശം; ലോകകപ്പിന് ഇന്ന് തുടക്കം, കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

ഒഡിഷയിലെ ഭുവനേശ്വർ കലിംഗ സ്‌റ്റേഡിയം, റൂർക്കല ബിർസാ മുണ്ട സ്‌റ്റേഡിയം എന്നിവിടങ്ങളിൽ ഇന്നുമുതൽ മത്സരാവേശം നിറയും
ചിത്രം: പിടിഐ
ചിത്രം: പിടിഐ

റൂർക്കേല: 15-ാം ലോകകപ്പ്‌ ഹോക്കിക്ക് ഇന്ന് തുടക്കം. ഒഡിഷയിലെ ഭുവനേശ്വർ കലിംഗ സ്‌റ്റേഡിയം, റൂർക്കല ബിർസാ മുണ്ട സ്‌റ്റേഡിയം എന്നിവിടങ്ങളിൽ ഇന്നുമുതൽ മത്സരാവേശം നിറയും. ചാമ്പ്യൻമാരായ ബൽജിയം അടക്കം 16 ടീമുകളാണ്‌ അണിനിരക്കുന്നത്‌. ഇന്നുമുതൽ എല്ലാ ദിവസവും നാലു കളികളാണുള്ളത്‌. 

വർണാഭമായ ചടങ്ങുകളോടെ ഇന്നലെ ലോകകപ്പിന്റെ ഉദ്ഘാടനം നടന്നു. കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങുകൾ. ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക് ഉദ്ഘാടനം നിർവഹിച്ചു. കേന്ദ്ര കായികവകുപ്പ് മന്ത്രി അനുരാഗ് ഠാക്കുർ, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രസിഡന്റ് തയ്യിബ് ഇക്രം എന്നിവർ പങ്കെടുത്തു. 

അർജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ആദ്യ പോരാട്ടം. ഉച്ചയ്ക്ക് ഒരുമണിക്കാണ് മത്സരം. മൂന്ന് മണിക്ക് ഓസ്‌ട്രേലിയ ഫ്രാൻസിനെയും അഞ്ച് മണിക്ക് ഇംഗ്ലണ്ട്‌ വെയ്‌ൽസിനെയും നേരിടും. രാത്രി ഏഴ് മണിക്കാണ് ഇന്ത്യ-സ്‌പെയ്‌ൻ പോരാട്ടം. ഇക്കുറി ടീമുകളെ നാലു ഗ്രൂപ്പായി തിരിച്ചാണ്‌ മത്സരങ്ങൾ. ഗ്രൂപ്പ്‌ ചാമ്പ്യൻമാർ ക്വാർട്ടറിലെത്തും. നാലു ഗ്രൂപ്പിലെയും രണ്ടും മൂന്നും സ്ഥാനക്കാർക്ക്‌ നേരിട്ട്‌ ഏറ്റുമുട്ടി വീണ്ടും ക്വാർട്ടറിലെത്താൻ അവസരമുണ്ട്‌. 24നും 25നുമാണ് ക്വാർട്ടർ മത്സരങ്ങൾ. 27ന്‌ സെമിയും 29ന് ഫൈനലും നടക്കും.

1975ൽ നേടിയ കിരീടം പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ന് ടീം ഇന്ത്യ ആദ്യ പോരാട്ടത്തിനിറങ്ങുന്നത്. റൂർക്കേലയിലെ ബിർസ മുണ്ട സ്റ്റേഡിയത്തിലാണ് ഇന്ത്യ-സ്പെയിൻ മത്സരം. നാലാം ലോകകപ്പിനിറങ്ങുന്ന മലയാളി താരം ആർ ശ്രീജേഷ് അടക്കം ഹർമൻപ്രീത് സിങ് നയിക്കുന്ന ഇന്ത്യൻ ടീമിൽ ഇക്കുറി പ്രതീക്ഷകളേറെയാണ്. ഉപനായകൻ അമിത് രോഹിഡാസ്, മൻപ്രീത് സിങ്, ഹാർദിക് സിങ്, മൻദീപ് സിങ്, ആകാഷ്ദീപ് സിങ് എന്നിവരാണ് ആരാധകർ ഉറ്റുനോക്കുന്ന മറ്റുതാരങ്ങൾ. 1948-നുശേഷം ഇന്ത്യ 30 മത്സരങ്ങളാണ് സ്‌പെയിനുമായി കളിച്ചത്. ഇതിൽ 13 എണ്ണത്തിൽ ജയിച്ചു. 11 എണ്ണത്തിൽ സ്‌പെയിൻ ജയം നേടി. ആറെണ്ണം സമനിലയായി. പൂൾ ഡി-യിൽ ഇംഗ്ലണ്ട്, വെയ്ൽസ് ടീമുകളാണ് ഇന്ത്യയുടെ മറ്റ് എതിരാളികൾ. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com