81 ഫോര്‍, 18 സിക്‌സ്; 178 പന്തില്‍ 508 റണ്‍സ്! അമ്പരപ്പിക്കുന്ന ബാറ്റിങ്; റെക്കോര്‍ഡുകളുടെ പെരുമഴ തീര്‍ത്ത് 13കാരന്‍

ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിലെ പരിമിത ഓവര്‍ പോരാട്ടത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തികത സ്‌കോറെന്ന ഇന്ത്യന്‍ റെക്കോര്‍ഡും യഷ് സ്വന്തം പേരിലാക്കി
യഷ് ചൗഡെ/ ട്വിറ്റർ
യഷ് ചൗഡെ/ ട്വിറ്റർ

മുംബൈ: 13കാരന്റെ വിസ്മയ ബാറ്റിങില്‍ അമ്പരന്ന് ക്രിക്കറ്റ് ലോകം. 40 ഓവര്‍ മത്സരത്തില്‍ ഓപ്പണറായി എത്തി പുറത്താകാതെ 508 റണ്‍സ് അടിച്ചെടുത്ത് യഷ് ചൗഡെയാണ് താരമായി മാറിയത്. സ്‌കേറ്റിങ് താരമായിരുന്ന യഷ് വെറും മൂന്ന് വര്‍ഷം മുന്‍പാണ് അച്ഛന്റെ ഉപദേശത്തില്‍ ക്രിക്കറ്റിലേക്ക് എത്തിയത്. തന്റെ തീരുമാനം ശരിയായിരുന്നുവെന്ന് യഷിന്റെ അച്ഛന്‍ ശ്രാവണിന് അഭിമാനിക്കാം. 

മുംബൈ ഇന്ത്യന്‍സ് ജൂനിയര്‍ ഇന്റര്‍ സ്‌കൂള്‍ (അണ്ടര്‍ 14) ടൂര്‍ണമെന്റില്‍ സരസ്വതി വിദ്യാലയക്ക് വേണ്ടിയാണ് താരത്തിന്റെ അമ്പരപ്പിച്ച ബാറ്റിങ്. ഇന്റര്‍ സ്‌കൂള്‍ ടൂര്‍ണമെന്റിലെ പരിമിത ഓവര്‍ പോരാട്ടത്തില്‍ ഒരു താരം നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തികത സ്‌കോറെന്ന ഇന്ത്യന്‍ റെക്കോര്‍ഡും യഷ് സ്വന്തം പേരിലാക്കി. ഇതടക്കം നിരവധി റെക്കോര്‍ഡുകളാണ് മത്സരത്തില്‍ പിറന്നത്.

വെറും 178 പന്തുകളില്‍ നിന്ന് 81 ഫോറും 18 സിക്‌സും അടങ്ങുന്നതായിരുന്നു യഷിന്റെ സ്വപ്‌നതുല്ല്യ ഇന്നിങ്‌സ്. സഹ ഓപ്പണര്‍ തിലക് വകോഡെ 97 പന്തില്‍ 127 റണ്‍സുമായി പുറത്താകാതെ നിന്നു. ഇരുവരും ചേര്‍ന്ന് വിക്കറ്റ് നഷ്ടപ്പെടുത്താതെ ടീമിന് സമ്മാനിച്ചത് 714 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍. ഇരുവരും ചേര്‍ന്നുള്ള സഖ്യം ഏറ്റവും മികച്ച ഓപ്പണിങ് കൂട്ടുകെട്ടെന്ന റെക്കോര്‍ഡും സ്ഥാപിച്ചു. 

മത്സരത്തില്‍ സിദ്ധേശ്വര്‍ വിദ്യാലയക്കെതിരെയായിരുന്നു യഷിന്റേയും സംഘത്തിന്റേയും താണ്ഡവം. മറുപടി ബാറ്റിങിന് ഇറങ്ങി സിദ്ധേശ്വര്‍ വിദ്യാലയ അഞ്ച് ഓവറില്‍ വെറും ഒന്‍പത് റണ്‍സിന് എല്ലാവരും പുറത്തായി. 705 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് സരസ്വതി വിദ്യാലയ എഴുതി ചേര്‍ത്തത്. 

നിലവില്‍ ഈ വിഭാഗത്തിലെ ലോക റെക്കോര്‍ഡ് ശ്രീലങ്കന്‍ താരമായ ചിരത് സെല്ലെപെരുമയുടെ പേരിലാണ്. അണ്ടര്‍ 15 ഇന്റര്‍ സ്‌കൂള്‍ പോരില്‍ കഴിഞ്ഞ ഓഗസ്റ്റില്‍ ചിരത് 553 റണ്‍സ് അടിച്ചെടുത്ത് റെക്കോര്‍ഡ് തീര്‍ത്തിരുന്നു. ഈ പട്ടികയില്‍ യഷ് രണ്ടാം സ്ഥാനത്ത് എത്തി. 

വിവിധ വയസിലുള്ള ടൂര്‍ണമെന്റുകളും വിവിധ ഫോര്‍മാറ്റുകളും പരിഗണിക്കുമ്പോള്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടുന്ന പത്ത് ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ യഷും ഇടം പിടിച്ചു. പ്രണവ് ധന്‍വാഡെ  (1009), പ്രിയാന്‍ഷു മൊലിയ (556), പൃഥ്വി ഷാ (546), ദാദി ഹവേവാല (515), യഷ് ചൗഡെ  (508) എന്നിവരാണ് പട്ടികയിലെ ആദ്യ സ്ഥാനക്കാര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com