'ഫാഷന്‍ ഷോയില്‍ നിന്ന് മോഡലുകളെ തിരഞ്ഞെടുത്ത് ബാറ്റും പന്തും കൊടുത്ത് കളിപ്പിക്കു'- പൊട്ടിത്തെറിച്ച് ഗാവസ്‌കര്‍

സെലക്ടര്‍മാര്‍ ക്രിക്കറ്റ് കളിക്കാരെ തിരഞ്ഞെടുക്കേണ്ടത് അവരുടെ ശരീര പ്രകൃതിയുടെ അടിസ്ഥാനത്തിലല്ല അവരുടെ കളി നോക്കിയാകണമെന്ന് ഗാവസ്‌കര്‍ തുറന്നടിച്ചു
സർഫറാസ്, ​ഗാവസ്കർ/ ട്വിറ്റർ
സർഫറാസ്, ​ഗാവസ്കർ/ ട്വിറ്റർ

മുംബൈ: രഞ്ജി ട്രോഫിയില്‍ മാരക ഫോമില്‍ ബാറ്റ് വീശുമ്പോഴും നിരന്തരം തഴയപ്പെടുന്ന യുവ താരം സര്‍ഫറാസ് ഖാനെ പിന്തുണച്ച് ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. ഇത്രയൊക്കെ തെളിയിച്ചിട്ടും താരത്തെ തിരഞ്ഞെടുക്കാത്ത ബിസിസിഐ സെലക്ഷന്‍ കമ്മിറ്റിയുടെ സമീപനത്തെ ഗാവസ്‌കര്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. 

രഞ്ജിയില്‍ മിന്നും ഫോമില്‍ കളിക്കുന്ന താരത്തെ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ പരിഗണിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാല്‍ അതുണ്ടായില്ല. പിന്നാലെ സെലക്ഷന്‍ കമ്മിറ്റിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. മുന്‍ താരങ്ങളടക്കമുള്ളവരെ അനീതി ചൂണ്ടിക്കാട്ടി. സര്‍ഫറാസും പരോക്ഷ വിമര്‍ശനവുമായി രംഗത്തെത്തി. തഴഞ്ഞതിന്റെ തൊട്ടടുത്ത ദിവസം ഡല്‍ഹിക്കെതിരെ മുംബൈയ്ക്ക് വേണ്ടി താരം സെഞ്ച്വറി നേടുകയും ചെയ്തു. 

സെലക്ടര്‍മാര്‍ ക്രിക്കറ്റ് കളിക്കാരെ തിരഞ്ഞെടുക്കേണ്ടത് അവരുടെ ശരീര പ്രകൃതിയുടെ അടിസ്ഥാനത്തിലല്ല അവരുടെ കളി നോക്കിയാകണമെന്ന് ഗാവസ്‌കര്‍ തുറന്നടിച്ചു. സ്ലിം ആയ ആളുകളാണ് വേണ്ടതെങ്കില്‍ 
ഒരു ഫാഷന്‍ ഷോയ്ക്ക് പോയി മോഡലുകളെ തിരഞ്ഞെടുത്താല്‍ മതിയെന്നും ഗാവസ്‌കര്‍ പരിഹസിച്ചു. 

'സെഞ്ച്വറികള്‍ നേടിയതിന് ശേഷം ഫീല്‍ഡിന് പുറത്ത് നില്‍ക്കുകയല്ല. വീണ്ടും കളത്തില്‍ ഇറങ്ങുകയാണ്. ആ മനുഷ്യന്‍ ക്രിക്കറ്റിന് യോഗ്യനാണെന്ന് നിങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നു. മെലിഞ്ഞവരെയും ഒതുക്കമുള്ളവരെയുമാണ് നിങ്ങള്‍ തിരയുന്നതെങ്കില്‍ വിരോധമില്ല. ഒരു ഫാഷന്‍ ഷോയില്‍ പോയി ചില മോഡലുകളെ തിരഞ്ഞെടുത്ത് കൈയില്‍ ബാറ്റും പന്തും കൊടുത്ത് അവരെ കളിപ്പിക്കുക. പല രൂപത്തിലും വലിപ്പത്തിലുമുള്ള ക്രിക്കറ്റ് താരങ്ങളുണ്ടാകും. അവരുടെ വലിപ്പമല്ല നോക്കേണ്ടത്. റണ്‍സും വിക്കറ്റുമായിരിക്കണം ടീമിലേക്ക് എടുക്കുന്നതിന്റെ മാനദണ്ഡം. അക്കാര്യങ്ങള്‍ അനുസരിച്ച് മുന്നോട്ടു പോകുകയാണ് വേണ്ടത്'- ഗാവസ്‌കര്‍ പ്രതികരിച്ചു.

കഴിഞ്ഞ മൂന്ന് ആഭ്യന്തര സീസണുകളിലായി സര്‍ഫറാസ് 2441 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടും സര്‍ഫറാസ് ഫിറ്റ് അല്ല എന്ന് പറഞ്ഞ് സെലക്ഷന്‍ കമ്മറ്റി അദ്ദേഹത്തെ തഴഞ്ഞത് ആണ് ഗാവസ്‌കറിനെ രോഷാകുലനാക്കിയത്. 

ഒരാള്‍ അണ്‍ഫിറ്റ് ആണെങ്കില്‍ അയാള്‍ സെഞ്ച്വറി സ്‌കോര്‍ ചെയ്യാന്‍ പോകുന്നില്ല. അതുകൊണ്ട് ക്രിക്കറ്റില്‍ ഫിറ്റ്‌നസ് ആണ് ഏറ്റവും പ്രധാനമെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com