ലഖ്‌നൗ: ഇന്ത്യന്‍ കൗമാരക്കാരികള്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി പ്രഥമ അണ്ടര്‍ 19 വനിതാ ടി20 ലോക കിരീടം ഉയര്‍ത്തുമ്പോള്‍ ടീമിലെ അംഗമായ അര്‍ച്ചന ദേവിയുടെ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടായിരുന്നു. മിക്ക സമയത്തും അര്‍ച്ചനയുടെ ഗ്രാമമായ ഉത്തര്‍പ്രദേശിലെ രതായ് പൂര്‍വ ഗ്രാമത്തില്‍ പവര്‍ക്കട്ട് പതിവാണ്. കളി തുടങ്ങുമ്പോഴേക്കും കറണ്ട് പോകുമോ എന്ന ഭയമായിരുന്നു വീട്ടുകാര്‍ക്ക്.
അര്‍ച്ചനയുടെ വീട്ടുകാര്‍ക്കും ഒപ്പം ഗ്രാമത്തിലെ മറ്റുള്ളവര്‍ക്കും കളി കാണാനുള്ള അവസരമൊരുക്കി ഒരു പൊലീസുകാരന്‍ ഇവരുടെ രക്ഷക്കെത്തി. തന്റെ കൈയില്‍ നിന്ന് പണം മുടക്കി ആ പൊലീസുകാരന്‍ ഒരു ഇന്‍വര്‍ട്ടര്‍ ഒരുക്കി നല്‍കി. ഇതോടെ കറണ്ടില്ലെങ്കിലും കളി കാണാനുള്ള അവസരം അവര്‍ക്ക് കിട്ടി.
ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കാണ് ഓഫ് സ്പിന്നറായ അര്‍ച്ചന വഹിച്ചത്. ഓല മേഞ്ഞ അര്‍ച്ചനയുടെ വീട്ടില്‍ കളി കാണാനും കിരീട നേട്ടം ആഘോഷിക്കാനും തടിച്ചുകൂടിയവരില്‍ താരം മുന്‍പ് ക്രിക്കറ്റ് കളിക്കാന്‍ തുടങ്ങിയപ്പോള്‍ വിലക്കിയവരുമുണ്ടായിരുന്നു എന്നതും കൗതുകമായി.
കളി തുടങ്ങും മുന്‍പ് തങ്ങള്‍ക്ക് ആശങ്കയുണ്ടായിരുന്നുവെന്ന് അര്‍ച്ചനയുടെ സഹോദരന്‍ പറയുന്നു. കറണ്ട് ഇടക്കിടെ പോകുന്നതായിരുന്നു ആശങ്കയുടെ കാരണം. പൊലീസുകാരന്‍ നല്‍കിയ ഇന്‍വര്‍ട്ടര്‍ വച്ച് തങ്ങളും ഗ്രാമത്തിലെ മറ്റുള്ളവരും തടസമില്ലാതെ കളി കണ്ടുവെന്നും സഹോദരന്‍ വ്യക്തമാക്കി.
തനിക്ക് ക്രിക്കറ്റിനെക്കുറിച്ച് ഒന്നും അറിയില്ലെന്ന് അര്‍ച്ചനയുടെ അമ്മ പറയുന്നു. എന്നാല്‍ തന്റെ മകള്‍ ക്രിക്കറ്റ് കളിക്കുന്നത് ടെലിവിഷനില്‍ കാണുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. ലോകകപ്പ് വിജയിച്ചതിന് പിന്നാലെ ഗ്രാമത്തിലുള്ള എല്ലാവര്‍ക്കും ലഡു വിതരണം ചെയ്തതായും അര്‍ച്ചനയുടെ അമ്മ കൂട്ടിച്ചേര്‍ത്തു.
ഫൈനല്‍ പോരാട്ടത്തില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയ താരം ഉജ്ജ്വലമായൊരു ക്യാച്ചും എടുത്തു. ഒറ്റ കൈ കൊണ്ടുള്ള കിടിലന്‍ ക്യാച്ചാണ് അര്‍ച്ചന എടുത്തത്.
2008ല്‍ അര്‍ച്ചനയുടെ അച്ഛന്‍ കാന്‍സര്‍ ബാധിതനായി മരണത്തിന് കീഴടങ്ങി. 2017ല്‍ ഒരു സഹോദരന്‍ പാമ്പുകടിയേറ്റും മരിച്ചു. ഈ തിരിച്ചടികളെല്ലാം അതിജീവിച്ചാണ് താരം ഇന്ത്യന്‍ ടീം വരെയെത്തിയത്. കോച്ച് കപില്‍ പാണ്ഡെ, ഇന്ത്യന്‍ പുരുഷ സീനിയര്‍ ടീം അംഗം കുല്‍ദീപ് യാദവ് എന്നിവരുടെ ഉപദേശങ്ങളും താരത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായി.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates