'ക്രിക്കറ്റ് മതിയാക്കുന്നു'- വിരമിക്കല്‍ പ്രഖ്യാപിച്ച് മുരളി വിജയ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th January 2023 05:46 PM |
Last Updated: 30th January 2023 07:50 PM | A+A A- |

മുരളി വിജയ്/ ട്വിറ്റർ
ചെന്നൈ: മുന്‍ ഇന്ത്യന്‍ താരവും ഓപ്പണറുമായ മുരളി വിജയ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് താരം വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. 2008ല്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ആദ്യമായി താരം ഇന്ത്യക്കായി കളിക്കാനിറങ്ങിയത്. അവസാനമായി ഇന്ത്യന്‍ കുപ്പായം അണിഞ്ഞതും ഓസ്‌ട്രേലിയക്കെതിരെ തന്നെ. 2018ലെ ഓസീസ് പര്യടനത്തിലായിരുന്നു താരം ഇന്ത്യക്കായി കളിച്ചത്. എന്നാല്‍ ഫോം നിലനിര്‍ത്താന്‍ പാടുപെട്ടതോടെ പുറത്താകുകയും ചെയ്തു.
ഇന്ത്യയ്ക്ക് വേണ്ടി വിവിധ ഫോര്‍മാറ്റുകളിലായി 87 മത്സരങ്ങള്‍ കളിച്ച മുരളി 4490 റണ്‍സ് നേടിയിട്ടുണ്ട്. ഇന്ത്യക്കായി ടെസ്റ്റിലാണ് ഏറ്റവുമധികം തവണ ജഴ്‌സിയണിഞ്ഞത്. 61 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 3982 റണ്‍സാണ് താരം അടിച്ചെടുത്തത്. 38.29 ആണ് ശരാശരി. 12 സെഞ്ച്വറികളും നേടി. 17 ഏകദിന മത്സരങ്ങള്‍ കളിച്ച താരം 339 റണ്‍സും ഒന്‍പത് ടി20 മത്സരങ്ങളില്‍ നിന്ന് 154 റണ്‍സും നേടി.
ഐപിഎല്ലിലെ സ്ഥിര സാന്നിധ്യമായ മുരളി വിജയ് 106 മത്സരങ്ങളില്‍ കളിച്ചു. ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ് തുടങ്ങിയ ടീമുകള്‍ക്കായാണ് താരം കളിക്കാനിറങ്ങിയത്.
'ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുകയാണ്. 2002 മുതല്‍ 2018 വരെയുള്ള എന്റെ കരിയര്‍ ജീവിതത്തിലെ ഏറ്റവും മികച്ച കാലഘട്ടമാണ്. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നു. എനിക്ക് അവസരം തന്ന ബിസിസിഐക്കും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷനും നന്ദി പറയുന്നു. എന്റെ സ്വപ്‌നം പൂവണിയാന്‍ എന്നെ സഹായിച്ച ഏവര്‍ക്കും നന്ദി'- മുരളി വിജയ് കുറിച്ചു. 38 കാരനായ താരം നിലവില്‍ തമിഴ്‌നാട് ടീമിനു വേണ്ടിയാണ് കളിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
മകളുടെ ലോകകപ്പ് ഫൈനല്‍ കാണണം; വില്ലനായി പവര്‍ കട്ട്; ഇന്‍വര്‍ട്ടര്‍ എത്തിച്ച് പൊലീസുകാരന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ