തന്ത്രങ്ങൾ 2024 കോപ്പ മുതൽ! കാര്‍ലോ ആന്‍സലോട്ടി ബ്രസീൽ പരിശീലകൻ

2024 ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്ക പോരാട്ടത്തില്‍ ആന്‍സലോട്ടിയായിരിക്കും ഡഗൗട്ടില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് സെല്‍ക്കാവോകള്‍ക്കൊപ്പം ഉണ്ടാകുക
കാര്‍ലോ ആന്‍സലോട്ടി/ എഎഫ്പി
കാര്‍ലോ ആന്‍സലോട്ടി/ എഎഫ്പി

റിയോ ഡി ജനീറോ: നീണ്ട അഭ്യൂഹങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ഒടുവില്‍ വിരാമം. ബ്രസീല്‍ ഫുട്ബോള്‍ ടീമിനെ പരിശീലിപ്പിക്കാന്‍ ഇതിഹാസ ഇറ്റാലിയന്‍ കോച്ച് കാര്‍ലോ ആന്‍സലോട്ടി എത്തും. റയല്‍ മാഡ്രിഡിനൊപ്പം ഈ സീസണ്‍ കൂടി കരാര്‍ അവശേഷിക്കുന്നുണ്ട് ആന്‍സലോട്ടിക്ക്. ഇതിനു ശേഷമായിരിക്കും അദ്ദേഹം ബ്രസീല്‍ ദേശീയ ടീമിന്റെ ചുമതല എല്‍ക്കുക. 

2024 ജൂണില്‍ നടക്കുന്ന കോപ്പ അമേരിക്ക പോരാട്ടത്തില്‍ ആന്‍സലോട്ടിയായിരിക്കും ഡഗൗട്ടില്‍ തന്ത്രങ്ങള്‍ മെനഞ്ഞ് സെല്‍ക്കാവോകള്‍ക്കൊപ്പം ഉണ്ടാകുക. ആന്‍സലോട്ടി എത്തും വരെ മുന്‍ ഫ്ലുമിനെന്‍സ് പരിശീലകന്‍ ഫെര്‍ണാണ്ടോ ഡിനിസ് ബ്രസീല്‍ ടീമിന്റെ താത്കാലിക പരിശീലകനായിരിക്കും. 

ഖത്തര്‍ ലോകകപ്പിലെ മോശം പ്രകടനത്തിനു പിന്നാലെ ദീര്‍ഘ നാള്‍ ടീമിനെ പരിശീലിപ്പിച്ച ടിറ്റെ സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നാലെ ആന്‍സലോട്ടിയുടെ പേര് ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയായി മാറുകയും ചെയ്തു. എന്നാല്‍ സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും പുറത്തു വന്നില്ല. അതോടെ അഭ്യൂഹമായി അതു നിലനിന്നു. ബ്രസീലിന് വിദേശ പരിശീലകന്‍ വേണമെന്നു ഇതിഹാസ താരം റൊണാള്‍ഡോ അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു.  

ബ്രസീല്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ സവിശേഷമായൊരു അധ്യായത്തിനായിരിക്കും അടുത്ത വര്‍ഷം ആന്‍സലോട്ടി എത്തിയാല്‍ തുടക്കമാകുക. നീണ്ട 60 വര്‍ഷത്തിനു ശേഷമാണ് ഒരു വിദേശ പരിശീലകന്‍ ബ്രസീല്‍ ടീമിന്റെ കോച്ചാകുന്നത്. 1965ല്‍ അര്‍ജന്റീനയുടെ ഫിലിപോ നൂനസ് ബ്രസീല്‍ ടീമിനെ ഒരൊറ്റ മത്സരത്തില്‍ പരിശീലിപ്പിച്ചിട്ടുണ്ട്. 

ക്ലബ് ഫുട്ബോളിൽ നിരവധി നേട്ടങ്ങള്‍ ഉള്ള പരിശീലകനാണ് ആന്‍സലോട്ടി. എസി മിലാന്‍, റയല്‍ മാഡ്രിഡ് ടീമുകള്‍ക്കൊപ്പം രണ്ട് വീതം ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങളുണ്ട് ആന്‍സലോട്ടിക്ക്. മാത്രമല്ല യൂറോപ്പിലെ വമ്പന്‍ ലീഗുകളിലെല്ലാം വിജയവും അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. 

ചെല്‍സിക്കൊപ്പം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ബയേണ്‍ മ്യൂണിക്കിനൊപ്പം ബുണ്ടസ് ലീഗ, പാരിസ് സെന്റ് ജെര്‍മെയ്‌നൊപ്പം ഫ്രഞ്ച് ലീഗ് വണ്‍, റയലിനൊപ്പം സ്പാനിഷ് ലാ ലിഗ, മിലാനൊപ്പം ഇറ്റാലിയന്‍ സീരി എ കിരീടങ്ങള്‍ ആന്‍സലോട്ടി സ്വന്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com