ഇന്ത്യന്‍ വനിത താരങ്ങളുടെ ആഹ്ലാദ പ്രകടനം, image credit: BCCI WOMEN
ഇന്ത്യന്‍ വനിത താരങ്ങളുടെ ആഹ്ലാദ പ്രകടനം, image credit: BCCI WOMEN

ക്യാപ്റ്റന്‍ തിളങ്ങി, പുറത്താകാതെ  35 പന്തില്‍ 54 റണ്‍സ്; ബംഗ്ലാദേശിനെതിരെ ഇന്ത്യന്‍ വനിതകള്‍ക്ക് ജയം 

ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം

ധാക്ക: ബംഗ്ലാദേശിനെതിരായ ആദ്യ ട്വന്റി-20യില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് വിജയം. ബംഗ്ലാദേശ് മുന്നോട്ടുവെച്ച 115 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ ഏഴു വിക്കറ്റ് ബാക്കിനില്‍ക്കേ മറികടന്നു. 16.2 ഓവറിലാണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പുറത്താകാതെ നേടിയ 54 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 

ടോസ് നേടി ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 114 റണ്‍സ് മാത്രമാണ് ബംഗ്ലാദേശിന് അടിച്ചുകൂട്ടാന്‍ കഴിഞ്ഞത്. 28 റണ്‍സ് നേടിയ ഷോര്‍ന അക്തറാണ് ടോപ് സ്‌കോറര്‍. റണ്‍സ് വിട്ടുകൊടുക്കാതെ, ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിമുറുക്കിയതോടെ, ബംഗ്ലാദേശ് ബാറ്റര്‍മാര്‍ റണ്‍സിനായി കഷ്ടപ്പെടുന്ന കാഴ്ചയാണ് കണ്ടത്. 

രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച മിന്നു മണി കേരളത്തിന്റെ അഭിമാനമായി. എറിഞ്ഞ ആദ്യ ഓവറിന്റെ നാലാം പന്തില്‍ തന്നെ താരം വിക്കറ്റു വീഴ്ത്തി. ബംഗ്ലാദേശ് താരം ഷമിമ സുല്‍ത്താനയാണ് മിന്നുവിന്റെ ആദ്യ രാജ്യാന്തര വിക്കറ്റ്. മിന്നുവിന്റെ പന്തില്‍ ജെമിമ റോഡ്രിഗസിനു പിടി നല്‍കിയാണ് ഷമിമ മടങ്ങിയത്. താരം 13 പന്തില്‍ 17 റണ്‍സ് അടിച്ചു മികവിലേക്ക് ഉയരുന്നതിനിടെയാണ് മടങ്ങിയത്. ചരിത്രത്തില്‍ ആദ്യമായി ഒരു മലയാളി വനിതാ ക്രിക്കറ്റ് താരം ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയെന്ന റെക്കോര്‍ഡുമായാണ് താരം ആദ്യ രാജ്യാന്തര മത്സരത്തിനിറങ്ങിയത്. മിന്നു മണിയ്ക്ക് ഓപ്പണര്‍ സ്മൃതി മന്ധാന ഇന്ത്യന്‍ ക്യാപ് കൈമാറി. 

ഇന്ത്യയ്ക്ക് വേണ്ടി ഹര്‍മന്‍പ്രീത് കൗറിന് പുറമേ സ്മൃതി മന്ധാന 38 റണ്‍സ് നേടി. തുടക്കത്തില്‍ തന്നെ ഷഫാലി വര്‍മയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും സ്മൃതി മന്ധാന, ഹര്‍മന്‍പ്രീത് കൗര്‍ കൂട്ടുകെട്ട് ഇന്ത്യന്‍ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com