'പിച്ചിലെ ഭൂതം'- ഇന്ത്യയെ മാത്രമല്ല, ഓസീസിന് ഓവലിനേയും മെരുക്കണം!

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഓസ്‌ട്രേലിയ എക്കാലത്തും വിയര്‍ത്ത ഗ്രൗണ്ടാണ് ഓവലിലേത്. ഓസ്‌ട്രേലിയയുടെ സുവര്‍ണ സംഘമായ മൈറ്റി ഓസീസിന് പോലും ആ മൈതാനത്തു വിജയിക്കാന്‍ സാധിച്ചില്ല
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

ലണ്ടന്‍: ഇന്ത്യയും ഓസ്‌ട്രേലിയയും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തിന് ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഈ മാസം ഏഴ് മുതല്‍ 11 വരെ ഇംഗ്ലണ്ടിലെ ഓവലിലാണ് പോരാട്ടം. 

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഓസ്‌ട്രേലിയ എക്കാലത്തും വിയര്‍ത്ത ഗ്രൗണ്ടാണ് ഓവലിലേത്. ഓസ്‌ട്രേലിയയുടെ സുവര്‍ണ സംഘമായ മൈറ്റി ഓസീസിന് പോലും ആ മൈതാനത്തു വിജയിക്കാന്‍ സാധിച്ചില്ല. 

1880ല്‍ ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും ഏറ്റുമുട്ടിയത് ഈ മണ്ണിലാണ്. അന്ന് കനത്ത തോല്‍വിയാണ് ഓസീസ് ഏറ്റുവാങ്ങിയത്. അവിടെ തുടങ്ങുന്നു ഈ മണ്ണിലെ അവരുടെ വീഴ്ചകള്‍. ഇന്ത്യക്കൊപ്പം ഓവലിലെ പിച്ചിനെയും ഓസീസിന് മെരുക്കണം. 

അര നൂറ്റാണ്ടിനിടെ ഓവലില്‍ രണ്ട് ടെസ്റ്റുകള്‍ മാത്രമാണ് ഓസ്‌ട്രേലിയ വിജയിച്ചത്. 2001ലും 2015ലുമായിരുന്നു വിജയങ്ങള്‍.

ഓവലില്‍ ഇതുവരെയായി ഓസീസ് ആകെ കളിച്ചത് 38 ടെസ്റ്റുകള്‍. അതില്‍ 17 പോരാട്ടവും തോറ്റു. ഏഴെണ്ണത്തില്‍ വിജയിച്ചു. 18.42 ആണ് വിജയ ശതമാനം. ഇംഗ്ലണ്ടിലെ മറ്റെല്ലാ വേദികളിലും ഓസ്‌ട്രേലിയയുടെ വിജയ ശതമാനം 30ന് മുകളിലാണ്. വിഖ്യാതമായ ലോര്‍ഡ്‌സ് മൈതാനത്ത് ആതിഥേയരായ ഇംഗ്ലണ്ടിനേക്കാള്‍ വിജയ ശതമാനം പോലും ഓസ്‌ട്രേലിയക്കാണ് കൂടുതല്‍. 39.72 ശതമാനമാണ് ഇംഗ്ലണ്ടിന്റെ നിരക്കെങ്കില്‍ അസ്‌ട്രേലിയയുടെ വിജയ ശതമാനം 43.59 ആണ്. 

ഇന്ത്യയെ സംബന്ധിച്ചും അധിക വിജയങ്ങളുടെ പെരുമ അവകാശപ്പെടാനൊന്നുമില്ല. ഇവിടെ 14 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. വിജയിച്ചത് രണ്ടെണ്ണം മാത്രം. ഏഴ് സമനിലയും അഞ്ച് തോല്‍വികളും ഓവലില്‍ ഇന്ത്യയുടെ പേരിലുണ്ട്. ഓസ്‌ട്രേലിയയെ അപേക്ഷിച്ച് ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകം സമീപ കാലത്ത് ഇവിടെ ടെസ്റ്റ് പോരാട്ടം വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടുണ്ട് എന്നതാണ്. 2021ല്‍ ഇന്ത്യ ഇംഗ്ലണ്ടിനെ ഓവലില്‍ വീഴ്ത്തിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com