'മെസി, ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താന്‍ അതിയായി ആഗ്രഹിക്കുന്നു'

എന്നാല്‍ മെസിയുടെ തിരിച്ചെത്തല്‍ അത്ര എളുപ്പമല്ല. താരത്തെ തിരിച്ചെത്തിക്കണമെങ്കില്‍ ലാ ലിഗ പച്ചക്കൊടി വീശേണ്ടതുണ്ട്. സാമ്പത്തിക വിഷയമാണ് ക്ലബിന് തിരിച്ചടിയായി നില്‍ക്കുന്നത്
ലയണല്‍ മെസി/ എഎഫ്പി
ലയണല്‍ മെസി/ എഎഫ്പി

പാരിസ്: അര്‍ജന്റീന ഇതിഹാസ നായകനും പിഎസ്ജിയില്‍ നിന്നു പടിയിറങ്ങുകയും ചെയ്ത ലയണല്‍ മെസിക്ക് സ്പാനിഷ് അതികായരായ ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹത്തിന്റെ പിതാവും ഏജന്റുമായ ജോര്‍ജ് മെസി. ബാഴ്‌സലോണ പ്രസിഡന്റ് യോവന്‍ ലപോര്‍ടയുമായുള്ള ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 

'മെസിക്ക് ബാഴ്‌സലോണയിലേക്ക് തിരിച്ചെത്താന്‍ അതിയായ ആഗ്രഹമുണ്ട്. ലിയോ ബാഴ്‌സയിലേക്ക് തിരിച്ചു വരുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ട്. എന്റെയും ആഗ്രഹം അതുതന്നെയാണ്'- ചര്‍ച്ചയ്ക്ക് പിന്നാലെ ജോര്‍ജ് മെസി പറഞ്ഞു. 

എന്നാല്‍ മെസിയുടെ തിരിച്ചെത്തല്‍ അത്ര എളുപ്പമല്ല. താരത്തെ തിരിച്ചെത്തിക്കണമെങ്കില്‍ ലാ ലിഗ പച്ചക്കൊടി വീശേണ്ടതുണ്ട്. സാമ്പത്തിക വിഷയമാണ് ക്ലബിന് തിരിച്ചടിയായി നില്‍ക്കുന്നത്. 

നിലവില്‍ ബാഴ്‌സലോണ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ ഘട്ടത്തില്‍ താരത്തെ തിരിച്ചെത്തിക്കണമെങ്കില്‍ ടീം അധിക പണം സ്വരൂപിക്കേണ്ടി വരും. 

കരാര്‍ നീട്ടാതെ കഴിഞ്ഞ ദിവസമാണ് മെസി പിഎസ്ജിയുടെ പടിയിറങ്ങിയത്. താരം നിലവില്‍ ഫ്രീ ഏജന്റാണ്. രണ്ട് സീസണുകളാണ് താരം പിഎസ്ജിക്കായി കളിച്ചത്. എന്നാല്‍ വലിയ ചലനങ്ങള്‍ സൂപ്പര്‍ താരത്തിന് ക്ലബിലുണ്ടാക്കാന്‍ സാധിച്ചില്ല. ഈ സീസണില്‍ 21 ഗോളുകളും 20 അസിസ്റ്റുമായി താരം കളം നിറഞ്ഞു. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ രണ്ട് സീസണിലും കാര്യമായ ചലനങ്ങളുണ്ടാക്കാന്‍ പിഎസ്ജിക്ക് സാധിച്ചില്ല. ഇത്തവണ പ്രീ ക്വാര്‍ട്ടറില്‍ പിഎസ്ജിയുടെ പോരാട്ടം അവസാനിച്ചിരുന്നു. 

അതിനിടെ താരത്തെ റാഞ്ചാന്‍ സൗദി പ്രൊ ലീഗ് ക്ലബ് അല്‍ ഹിലാല്‍ രംഗത്തുള്ളതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. താരത്തിന് ശതകോടികള്‍ പ്രതിഫലമാണ് സൗദി ക്ലബ് വാഗ്ദാനം ചെയ്തത്. സൗദി ക്ലബിനൊപ്പം തന്നെ മെസി അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com