സൗദിയിൽ ക്രിസ്റ്റ്യാനോ- ബെൻസിമ സൂപ്പർ പോരാട്ടം! റയൽ ഇതിഹാസം അൽ ഇത്തിഹാദിൽ

അത്‌ലറ്റിക് ക്ലബുമായുള്ള ലാ ലി​ഗയിലെ അവസാന പോരാട്ടം ബെന്‍സിമയുടേയും ടീമിനായുള്ള അവസാന മത്സരമായിരുന്നു. പിന്നാലെ താരം പിടിയറങ്ങുകയാണെന്ന് റയല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു
കരിം ബെൻസിമ/ എഎഫ്പി
കരിം ബെൻസിമ/ എഎഫ്പി

റിയാദ്: റയൽ മാഡ്രിഡിന്റെ പടിയിറങ്ങിയ ഇതിഹാസ ഫ്രഞ്ച് താരം കരിം ബെൻസിമ സൗദി പ്രൊ ലീ​ഗ് ക്ലബായ എൽ ഇത്തിഹാദിൽ. താരം സൗദി ക്ലബുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടു. താരം റയൽ വിട്ടാൽ സൗദിയിലേക്ക് ചേക്കോറുമെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ​​ദിവസമാണ് ബെൻസിമ റയൽ ജേഴ്സിയിലെ അവസാന മത്സരം കളിച്ചത്. പിന്നാലെ ക്ലബ് വിടുമെന്ന ടീമിന്റെ സ്ഥിരീകരണവും വന്നു. 

882 കോടി രൂപയാണ് താരത്തിന് ക്ലബ് വാ​ഗ്ദാനം ചെയ്ത പ്രതിഫലം. നിലവിൽ സൗദി പ്രൊ ലീ​ഗിലെ ചാമ്പ്യൻമാരാണ് അൽ ഇത്തിഹാദ്. ലോക ഫുട്ബോളിലെ സൂപ്പർ താരവും പോർച്ചു​ഗൽ നായകനുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രൊ ലീ​ഗ് ടീം അൽ നസറിന്റെ താരമാണ്. ബെൻസിമ വരുന്നതോടെ റയലിൽ ഒന്നിച്ചു പന്തു തട്ടിയ ക്രിസ്റ്റ്യാനോ എതിരാളിയായി എത്തും. ആരാധകർക്ക് ഇരു സൂപ്പർ താരങ്ങളും ഏറ്റുമുട്ടുന്ന കാഴ്ചയും ഇനി കാണാം. 

അത്‌ലറ്റിക് ക്ലബുമായുള്ള ലാ ലി​ഗയിലെ അവസാന പോരാട്ടം ബെന്‍സിമയുടേയും ടീമിനായുള്ള അവസാന മത്സരമായിരുന്നു. പിന്നാലെ താരം പിടിയറങ്ങുകയാണെന്ന് റയല്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. 

2009ല്‍ തന്റെ 21ാം വയസിലാണ് ബെന്‍സിമ സ്പാനിഷ് അതികായരുടെ ക്യാമ്പിലെത്തിയത്. തങ്ങളുടെ ക്ലബിന്റെ സുവര്‍ണ കാലത്തിന്റെ പ്രതിനിധിയാണ് ബെന്‍സിമയെന്ന് ക്ലബിന്റെ സ്ഥിരീകരണ കുറിപ്പില്‍ പറയുന്നു. 

ക്ലബിനായി 25 കിരീട നേട്ടങ്ങളില്‍ താരം പങ്കാളിയായി. അഞ്ച് ചാമ്പ്യന്‍സ് ലീഗ്, അഞ്ച് ക്ലബ് ലോകകപ്പ്, നാല് യൂറോപ്യന്‍ സൂപ്പര്‍ കപ്പ്, നാല് ലാ ലിഗ, മൂന്ന് കിങ്സ് കപ്പ്, നാല് സ്പനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങളാണ് ബെന്‍സിമ റയല്‍ കുപ്പായത്തില്‍ നേടിയത്. 

നിലവിലെ ബാലണ്‍ ഡി ഓര്‍, യുവേഫയുടെ പ്ലെയര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര ജേതാവാണ് കരിം ബെന്‍സിമ. 2022ലെ പിചിചി പുരസ്‌കാരവും ബെന്‍സിമയ്ക്കാണ്. 

കഴിഞ്ഞ വര്‍ഷം ടീമിനെ വീണ്ടും ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായകമായത് ക്യാപ്റ്റന്‍ കൂടിയായ ബെന്‍സിമയുടെ തകര്‍പ്പന്‍ ഫോമായിരുന്നുവെന്ന് കുറിപ്പില്‍ റയല്‍ പറയുന്നു. 14ാം ചാമ്പ്യന്‍സ് ലീഗ് കിരീടം ടീം ഏറ്റുവാങ്ങുമ്പോള്‍ ആ സീസണില്‍ ചാമ്പ്യന്‍സ് ലീഗില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമായി 15 ഗോളുകളുമായി ബെന്‍സിമ മാറി.

റയലിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച അഞ്ചാമത്തെ താരമാണ് ബെന്‍സിമ. റയലിന്റെ എക്കാലത്തേയും മികച്ച ഗോള്‍ സ്‌കോറര്‍മാരുടെ എലൈറ്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തന്റെ പേരെഴുതി ചേര്‍ത്താണ് താരം പടിയിറങ്ങുന്നത്. 353 ഗോളുകളാണ് റയലിനായി ബെന്‍സിമ വലയില്‍ എത്തിച്ചത്. ലാ ലിഗയിലും ചാമ്പ്യന്‍സ് ലീഗിലും ടീമിനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയിലും രണ്ടാം സ്ഥാനത്ത് ബെന്‍സിമ നില്‍ക്കുന്നു. ക്ലബിനായി 647 മത്സരങ്ങള്‍ ബെന്‍സിമ കളിച്ചു. 

ക്ലബും ഒരു താരവും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളതയും പ്രൊഫഷണലിസവും താരവുമായുള്ള ക്ലബിന്റെ ആത്മബന്ധവും റയലിന്റെ ചരിത്രത്തിലെ തിളങ്ങുന്ന അധ്യമായമാണ്. ബെന്‍സിമയിലെ മാന്ത്രികവും അതുല്യവുമായി ഫുട്‌ബോള്‍ അദ്ദേഹം റയലിന്റെ ആരാധകര്‍ക്കായി കാഴ്ചവച്ചു. ലോക ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച ഇതിഹാസമായ ബെന്‍സിമ ക്ലബിന്റെ എക്കാലത്തേയും മികച്ച അടയാളമാണെന്നും റയല്‍ വ്യക്തമാക്കി. 

അദ്ദേഹത്തിന് തീരുമാനമെടുക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. ക്ലബ് വിടാനുള്ള തീരുമാനത്തെ അംഗീകരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു അധ്യായത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അദ്ദേഹത്തിന് സ്വന്തം വീടു പോലെ ക്ലബിനെ കരുതാം. ബെന്‍സിമയ്ക്കും കുടുംബത്തിനും എല്ലാ ആശംസകളും. 

ഈ മാസം ആറാം തീയതി കരിം ബെന്‍സിമയ്ക്ക് ഉചിതമായ യാത്രയയപ്പ് നല്‍കുമെന്ന് ക്ലബ് വ്യക്തമാക്കി. പ്രസിഡന്റ് ഫ്‌ലോറെന്റിനോ പെരസിന്റെ സാന്നിധ്യത്തിലായിരിക്കും അദ്ദേഹത്തിന് ആദരം. ക്ലബിന്റെ കുറിപ്പില്‍ വ്യക്തമാക്കുന്നു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com