'വീഴ്ചകൾ സംഭവിച്ചു, അവസാനം വരെ പോരാടി, പക്ഷേ...'- ഇന്ത്യൻ തോൽവിയിൽ രോഹിത്

By സമകാലിക മലയാളം ഡെസ്ക്   |   Published: 11th June 2023 07:57 PM  |  

Last Updated: 11th June 2023 07:57 PM  |   A+A-   |  

rohith

രോ​ഹിത് ശർമ/ പിടിഐ

 

ഓവലിൽ: അവസാന നിമിഷം വരെ പോരാടിയാണ് കീഴടങ്ങിയതെന്ന് വ്യക്തമാക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്ട്രേലിയക്ക് മുന്നിൽ പരാജയപ്പെട്ടതിന് പിന്നാലെയാണ് ടീമിന്റെ തോൽവിയെക്കുറിച്ച് നായകൻ പ്രതികരിച്ചത്. ടീമിന് സംഭവിച്ച വീഴ്ചകൾ ഏറ്റുപറയുന്നതായും രോഹിത് വ്യക്തമാക്കി. 

മത്സരത്തിൽ 209 റൺസിന്റെ കൂറ്റൻ വിജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയത്. തുടർച്ചയായി രണ്ടാം തവണയാണ് ഇന്ത്യ ഫൈനലിൽ വീഴുന്നത്. കഴിഞ്ഞ വർഷം ന്യൂസിലൻഡിന് മുന്നിലാണ് ഇന്ത്യ ടെസ്റ്റ് ലോകകിരീടം അടിയറ വച്ചത്.  

'മികച്ച രീതിയിൽ തന്നെയാണ് നമ്മൾ തുടങ്ങിയത്. ആദ്യ സെഷനിൽ നന്നായി പന്തെറിഞ്ഞു. എന്നാൽ പിന്നീട് നിയന്ത്രണം നഷ്ടപ്പെട്ടു. എല്ലാ ക്രെ‍ഡിറ്റും ഓസ്ട്രേലിയൻ ബാറ്റർമാർക്ക് നൽകണം. സ്റ്റീവ് സ്മിത്തിനൊപ്പം ട്രാവിഡ് ഹെഡ്ഡ് മികച്ച രീതിയിൽ ബാറ്റ് വീശി. പിന്നീടൊരു തിരിച്ചുവരവ് എന്നത് കഠിനമായിരിക്കും.' 

'ടീം ഇന്ത്യ മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. അവസാന ഘട്ടം വരെ പോരാടി. ടീം നന്നായി കഠിനാധ്വാനം ചെയ്തു. നാല് വർഷത്തിനിടെ രണ്ട് ഫൈനൽ കളിച്ച ടീം എന്നത് അഭിമാനകരം തന്നെയാണ്. എന്നാൽ ഒരു മൈൽ ദൂരം കൂടി അധികം സഞ്ചരിക്കേണ്ടതുണ്ട്. ഇവിടെ വരെ എത്താൻ ടീം കഷ്ടപ്പെട്ടത് തള്ളിക്കളയാൻ സാധിക്കുന്നതല്ല. നിർഭാ​ഗ്യത്തിന് ഫൈനലിൽ ജയിക്കാൻ സാധിച്ചില്ല. തലയുയർത്തിപ്പിടിച്ചു ഞങ്ങൾ ഇനിയും പോരാടും'- നായകൻ വ്യക്തമാക്കി. 

ഓവലിൽ കാണികളുടെ ഭാ​ഗത്തു നിന്നു മികച്ച പിന്തുണ ലഭിച്ചതായി രോഹിത് പറഞ്ഞു. അവർക്ക് നന്ദി പറയുന്നു. എല്ലാ റണ്ണിനും വിക്കറ്റിനും ആർത്തുവിളിച്ചു അവർ ടീമിനെ പ്രോത്സാഹിപ്പിച്ചു. ബാറ്റ് കൊണ്ടാണ് ടീം പരാജയപ്പെട്ടതെന്നും ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞു ടീമിനെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. എന്നാൽ സാഹചര്യങ്ങൾ പ്രയോജനപ്പെടുത്താൻ ബാറ്റിങ് നിരയ്ക്ക് സാധിച്ചില്ല. ഓസ്ട്രേലിയ മികച്ച രീതിയിൽ കളിച്ചെന്നും അവർക്ക് എല്ലാവിധ അഭിനന്ദനങ്ങളും നൽകുന്നതായും രോഹിത് മത്സര ശേഷം പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

ടെസ്റ്റ്, ഏകദിനം, ടി20 ഫോര്‍മാറ്റുകളില്‍ ലോക കിരീടം; ഓവലില്‍ പുതു ചരിത്രം രചിച്ച് ഓസ്‌ട്രേലിയ; ഒപ്പം എല്ലാ ഐസിസി ട്രോഫികളും

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ