

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തോല്‍വിക്ക് പിന്നാലെ ഇന്ത്യക്ക് മറ്റൊരു തിരിച്ചടി കൂടി. ഇന്ത്യക്ക് 100 ശതമാനം പിഴ ചുമത്തി ഐസിസി. മാച്ച് ഫീയുടെ മുഴുവന്‍ തുകയും പിഴയായി ഒടുക്കണം. കുറഞ്ഞ ഓവര്‍ നിരക്കിനാണ് ശിക്ഷ. ഓസ്‌ട്രേലിയക്കും സ്ലോ ഓവര്‍ റേറ്റിന് ശിക്ഷയുണ്ട്. അവര്‍ മാച്ച് ഫീയുടെ 80 ശതമാനം പിഴയൊടുക്കണം.
ഇന്ത്യന്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന് അധികമായും പിഴ ശിക്ഷയുണ്ട്. ടീം നല്‍കുന്ന പിഴയ്‌ക്കൊപ്പം ഗില്‍ 15 ശതമാനം തുക കൂടി അധികം പിഴയടക്കണം. ഔട്ട് വിളിച്ച അമ്പയറുടെ തീരുമാനം ചോദ്യം ചെയ്തതാണ് താരത്തിന് വിനയായത്.
അനുവദിച്ച സമയത്തിനുള്ള ഓവര്‍ എറിഞ്ഞു തീര്‍ക്കാന്‍ ടീമുകള്‍ക്ക് സാധിച്ചില്ലെങ്കില്‍ പിന്നീട് എറിയുന്ന ഓരോ ഓവറിനും ടീമിലെ അംഗങ്ങള്‍ക്ക് 20 ശതമാനം പിഴ ചുമത്തും. അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും ഇന്ത്യ അഞ്ച് ഓവര്‍ കൂടി എറിഞ്ഞു തീര്‍ക്കാനുണ്ടായിരുന്നു. ഓസ്‌ട്രേലിയ നാല് ഓവറുകളും.
പ്ലെയിങ് ഇലവനിലുള്ള ഇന്ത്യന്‍ താരങ്ങള്‍ക്ക് 15 ലക്ഷമാണ് പ്രതിഫലം. ശേഷിക്കുന്ന താരങ്ങള്‍ക്ക് ഏഴ്, അഞ്ച് ലക്ഷം എന്ന നിരക്കിലാണ് പ്രതിഫലം.
മത്സരത്തില്‍ ഗില്ലിന്റെ പുറത്താകല്‍ വിവാദമായിരുന്നു. കാമറൂണ്‍ ഗ്രീന്‍ ക്യാച്ചെടുത്താണ് രണ്ടാം ഇന്നിങ്‌സില്‍ ഗില്‍ പുറത്തായത്. എന്നാല്‍ ഗ്രീന്‍ പിടിച്ചപ്പോള്‍ പന്ത് ഗ്രൗണ്ടില്‍ തട്ടിയതായി റിപ്ലേയില്‍ വ്യക്തമായിരുന്നു. എന്നാല്‍ മൂന്നാം അമ്പയര്‍ക്ക് ഉചിതമായ തീരുമാനം എടുക്കാന്‍ സാധിക്കാതെ വന്നതോടെ ഔട്ട് വിധിക്കുകയായിരുന്നു.
പിന്നാലെ അമ്പയറെ പരോക്ഷമായി വിമര്‍ശിച്ച് താരം ട്വിറ്ററില്‍ പോസ്റ്റിട്ടു. ഗ്രീന്‍ ക്യാച്ചെടുക്കുന്ന ചിത്രത്തിനൊപ്പം രണ്ട് ലെന്‍സുകളുടേയും തലയില്‍ കൈവച്ചു നില്‍ക്കുന്ന ഒരു ഇമോജിയും ചേര്‍ത്തായിരുന്നു പോസ്റ്റ്. ഇതാണ് ശിക്ഷക്ക് വഴിയൊരുക്കിയത്.
ആവേശപ്പോരാട്ടത്തില്‍ ഓസ്‌ട്രേലിയ 209 റണ്‍സിന്റെ മിന്നും ജയം പിടിച്ചാണ് തങ്ങളുടെ കന്നി ടെസ്റ്റ് ലോക കിരീടം സ്വന്തമാക്കിയത്. 444 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ പോരാട്ടം വെറും 234 റണ്‍സില്‍ അവസാനിച്ചു. ഇതോടെ മൂന്ന് ഫോര്‍മാറ്റിലും ലോക കിരീടം നേടുന്ന ആദ്യ ടീമും ഐസിസിയുടെ എല്ലാ കിരീടങ്ങളും സ്വന്തമാക്കുന്ന ആദ്യ ടീമായും ഓസ്‌ട്രേലിയ മാറി.
ഈ വാർത്ത കൂടി വായിക്കൂ
'എന്ത് ഷോട്ടാണ് അത്? എന്നോടല്ല, കോഹ്‌ലിയോട് ചോദിക്കു'- ഇന്ത്യയുടെ പ്രകടനം പരിഹാസ്യമെന്ന് ഗാവസ്‌കര്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates