'ഇന്ത്യന്‍ പിച്ചുകളെ കുറിച്ച് പറയാന്‍ എന്തിരിക്കുന്നു, ചര്‍ച്ചകള്‍ അനാവശ്യം'- മുന്‍ ഓസീസ് പേസര്‍ 

ആദ്യ രണ്ട് ടെസ്റ്റുകള്‍ നടന്ന നഗ്പുര്‍, ഡല്‍ഹി പിച്ചുകള്‍ക്ക് ഐസിസി ആവറേജ് റേറ്റിങാണ് നല്‍കിയത്. മൂന്നാം ടെസ്റ്റ് നടന്ന ഇന്‍ഡോര്‍ പിച്ചിന് ഐസിസി മോശം എന്ന റേറ്റിങുമാണ് നല്‍കിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി പരമ്പരയിലെ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോഴും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ പിച്ചിനെ സംബന്ധിച്ചാണ്. മൂന്ന് പിച്ചുകളും സ്പിന്നിന് അനുകൂലമായാണ് ഒരുക്കിയത്. ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഇന്ത്യയും മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയും വിജയിച്ചത് സ്പിന്നര്‍മാരുടെ കരുത്തിലാണ്. പിച്ചിനെ സംബന്ധിച്ച് ഇത്രയധികം ചര്‍ച്ച നടത്തേണ്ട കാര്യമുണ്ടോ എന്ന ചോദ്യവുമായി എത്തുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ മൈക്കല്‍ കാസ്പറോവിച്. 

'പിച്ചിനെ സംബന്ധിച്ച് ഇത്രയധികം പറയാന്‍ എന്തിരിക്കുന്നു. എല്ലാ കാലത്തും ഇന്ത്യയില്‍ ഇത്തരത്തില്‍ തന്നെയാണ് പിച്ചുകള്‍ ഒരുക്കാറുള്ളത്. അത്തരം പിച്ചുകളുമായി പൊരുത്തപ്പെട്ട് കളിക്കുകയും അതിനനുസരിച്ച് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുകയുമാണ് എതിര്‍ ടീമുകള്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത്'- കാസ്പറോവിച് പറഞ്ഞു.  

ആദ്യ രണ്ട് ടെസ്റ്റുകള്‍ നടന്ന നഗ്പുര്‍, ഡല്‍ഹി പിച്ചുകള്‍ക്ക് ഐസിസി ആവറേജ് റേറ്റിങാണ് നല്‍കിയത്. മൂന്നാം ടെസ്റ്റ് നടന്ന ഇന്‍ഡോര്‍ പിച്ചിന് ഐസിസി മോശം എന്ന റേറ്റിങുമാണ് നല്‍കിയത്. ഇന്‍ഡോറില്‍ ഓസ്‌ട്രേലിയ വിജയിച്ചപ്പോഴും പിച്ചിന്റെ നിലവാരം ചോദ്യം ചെയ്ത് മുന്‍ ഓസീസ് ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലര്‍, മുന്‍ ഓസീസ് ഓപ്പണര്‍ മാര്‍ക്ക് വോ എന്നിവര്‍ രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് കാസ്പറോവിചിന്റെ നിരീക്ഷണങ്ങള്‍. 

'ഏതുതരം പിച്ചിലും കളിക്കുക എന്നതാണ്, അതിനനുസരിച്ച് കളി പരുവപ്പെടുത്തുക എന്നതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ സൗന്ദര്യം. ഡല്‍ഹിയിലെ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മികച്ച രീതിയില്‍ തുടങ്ങിയിരുന്നു. സാഹചര്യത്തിന് യോജിച്ച രീതിയിലേക്ക് ബാറ്റിങ് പരിവര്‍ത്തിക്കാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചു. ട്രാവിസ് ഹെഡ്ഡും മര്‍നസ് ലബുഷെയ്‌നും മികച്ച രീതിയിലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്'- കാസ്പറോവിച് വ്യക്തമാക്കി.

2004ല്‍ ഇന്ത്യയില്‍ അവസാനമായി ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ നേടിയപ്പോള്‍ ടീമിലെ സുപ്രധാന താരമായിരുന്നു കാസ്പറോവിച്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com