

അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക്. നാലമത്തേയും അവസാനത്തേയും ടെസ്റ്റ് പോരാട്ടം സമനിലയില്‍ അവസാനിപ്പിച്ചു. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഇന്ത്യ മൂന്നാം ടെസ്റ്റില്‍ ഓസീസിന് മുന്നില്‍ പരാജയപ്പെട്ടിരുന്നു.
നാലാം ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞതോടെ ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫി ഇന്ത്യ 2-1ന് നിലനിര്‍ത്തി. തുടർച്ചയായി നാലാം തവണയാണ് ഇന്ത്യ കിരീടം സ്വന്തമാക്കുന്നത്.
91 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഓസ്‌ട്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. പിന്നാലെ അമ്പയര്‍ ഇരു ക്യാപ്റ്റന്‍മാരുമായി ചര്‍ച്ച നടത്തി മത്സരം സമനിലയില്‍ പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
ഓപ്പണര്‍ ട്രാവിസ് ഹെഡ്ഡ് (90), വണ്‍ഡൗണ്‍ ബാറ്റര്‍ മര്‍നസ് ലബുഷെയ്ന്‍ (പുറത്താകാതെ 63) എന്നിവരുടെ അര്‍ധ സെഞ്ച്വറിയാണ് രണ്ടാം ഇന്നിങ്‌സിലെ ഓസീസ് ബാറ്റിങിന്റെ സവിശേഷത. 10 ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ഹെഡ്ഡിന്റെ ഇന്നിങ്‌സ്. ലബുഷെയ്ന്‍ ഏഴ് ഫോറുകള്‍ അടിച്ചു.
മാത്യു കുനെമന്‍ (ആറ്), ഹെഡ്ഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. പത്ത് റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ക്രീസില്‍ തുടര്‍ന്നു.
ഇന്ത്യക്കായി ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. അഞ്ചാം ദിനത്തിന്റെ തുടക്കത്തില്‍ രാത്രി കാവല്‍ക്കാരന്‍ മാത്യു കുനെമാനെ ഓസീസിന് നഷ്ടമായി. താരത്തെ ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് മടക്കിയത്. ഹെഡ്ഡിനെ അക്ഷര്‍ പട്ടേല്‍ ക്ലീന്‍ ബൗള്‍ഡാക്കി.
ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 480 റണ്‍സെടുത്തപ്പോള്‍ ഇന്ത്യയുടെ മറുപടി 571 റണ്‍സായിരുന്നു. 91 റണ്‍സ് ലീഡ് വഴങ്ങിയാണ് ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്.
നേരത്തെ മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ എന്നിവരുടെ സെഞ്ച്വറിയും അക്ഷര്‍ പട്ടേല്‍ നേടിയ അര്‍ധ ശതകവുമായി ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. കോഹ്‌ലി 364 പന്തുകള്‍ നേരിട്ട് 186 റണ്‍സെടുത്തു. 15 ഫോറുകള്‍ ആ ബാറ്റില്‍ നിന്നു പിറന്നു. നേരത്തെ ശുഭ്മാന്‍ ഗില്ലും സെഞ്ച്വറി നേടിയിരുന്നു. ഗില്‍ 128 റണ്‍സെടുത്തു.
ഇന്ത്യക്കായി മുന്‍നിര ബാറ്റര്‍മാരെല്ലാം തിളങ്ങി. അക്ഷര്‍ പട്ടേല്‍ 79 റണ്‍സെടുത്ത് മടങ്ങി. ശ്രീകര്‍ ഭരത് (44), ചേതേശ്വര്‍ പൂജാര (42), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (35), ജഡേജ (28) എന്നിവരും രണ്ടക്കം കടന്നു. വാലറ്റം ക്ഷണത്തില്‍ മടങ്ങി. അശ്വിന്‍ ഏഴ് റണ്‍സിലും ഉമേഷ് യാദവ് റണ്ണൊന്നുമെടുക്കാതെയും മടങ്ങി. മുഹമ്മദ് ഷമി റണ്ണൊന്നുമില്ലാതെ പുറത്താകാതെ നിന്നു. അക്ഷര്‍ പട്ടേല്‍ അഞ്ച് ഫോറും നാല് സിക്സും സഹിതമാണ് അര്‍ധ ശതകം നേടിയത്.
കരിയറിലെ 28ാം ടെസ്റ്റ് സെഞ്ച്വറിയാണ് കോഹ്‌ലി അഹമ്മദാബാദില്‍ സ്വന്തമാക്കിയത്. 241 പന്തുകള്‍ നേരിട്ട് അഞ്ച് ഫോറുകള്‍ സഹിതമായിരുന്നു താരത്തിന്റെ നിര്‍ണായക സെഞ്ച്വറി. മൂന്ന് വര്‍ഷത്തെ ടെസ്റ്റ് സെഞ്ച്വറി വരള്‍ച്ചയ്ക്കാണ് കോഹ്‌ലി വിരാമമിട്ടത്.
ഈ വാർത്ത കൂടി വായിക്കൂ
'ഓസ്‌കര്‍ നേട്ടത്തില്‍ കെഎല്‍ രാഹുലിന് എന്താണ് പങ്ക്?'
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates