പെനാൽറ്റി ഷൂട്ടൗട്ടിൽ ഹൈദരാബാദിനെ വീഴ്ത്തി; ഐഎസ്എല്ലിൽ എടികെ മോഹൻ ബ​ഗാൻ- ബം​ഗളൂരു എഫ്സി ഫൈനൽ

ഷൂട്ടൗട്ടിൽ മോഹൻ ബഗാന് വേണ്ടി പെട്രറ്റോസ്, ഗല്ലെഗോ, മൻവീർ സിങ്, പ്രീത് കോട്ടാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹൈദരാബാദിനായി ജാവോ വിക്ടർ, രോഹിത് ദാനു, റീഗൻ സിങ് എന്നിവർ വല കുലുക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ


 
കൊൽക്കത്ത:
ഇന്ത്യൻ സൂപ്പർ ലീ​ഗ് ഫുട്ബോളിൽ എടികെ മോഹൻ ബ​ഗാൻ- ബം​ഗളൂരു എഫ്സി ഫൈനൽ. രണ്ടാം സെമിയുടെ രണ്ടാം പാദ പോരിൽ ഹൈദരാബാദ് എഫ്സിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന് വീഴ്ത്തിയാണ് എടികെ മോഹൻ ബ​ഗാൻ ഫൈനൽ ഉറപ്പിച്ചത്. ആദ്യ പാദം ​ഗോൾരഹിത സമനിലയിൽ പിരിഞ്ഞിരുന്നു. ഇതോടെ രണ്ടാം പാദ പോര് നിർണായകമായി. എന്നാൽ നിശ്ചിത സമയത്തും അധിക സമയത്തും ​ഗോൾ കണ്ടെത്താൻ സാധിക്കാതെ വന്നു. ഇതോടെ പോരാട്ടം പെനാൽറ്റിയിലേക്ക് നീണ്ടു. 

ഷൂട്ടൗട്ടിൽ മോഹൻ ബഗാന് വേണ്ടി പെട്രറ്റോസ്, ഗല്ലെഗോ, മൻവീർ സിങ്, പ്രീത് കോട്ടാൽ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ഹൈദരാബാദിനായി ജാവോ വിക്ടർ, രോഹിത് ദാനു, റീഗൻ സിങ് എന്നിവർ വല കുലുക്കി. ഹൈദരാബാദ് നിരയിൽ ഹാവിയർ സിവെരിയൊ, ബർത്തലോമ്യു ഓഗ്ബെച്ചെ എന്നിവരും ബഗാൻ നിരയിൽ ബ്രണ്ടൻ ഹാമിലും പെനാൽറ്റി പാഴാക്കി. മോഹൻ ബഗാന്റെ അഞ്ചാം ഐഎസ്എൽ ഫൈനൽ പ്രവേശനമാണിത്. ഈ മാസം 18ന് നടക്കുന്ന ഫൈനലിൽ എടികെ മോഹൻ ബ​ഗാൻ ബം​ഗളൂരുവുമായി ഏറ്റുമുട്ടും. 

ആക്രമണത്തിൽ മുന്നിൽ നിന്നത് എടികെ ആയിരുന്നു. 17 തവണയാണ് അവർ ലക്ഷ്യത്തിലേക്ക് പന്തെത്തിക്കാൻ ശ്രമിച്ചത്. ഇതിൽ മൂന്നെണ്ണം ഓൺ ടാർ​ഗറ്റായിരുന്നു. ഹൈദരാബാദ് ആറ് തവണയും ഒറ്റത്തവണ ഓൺ ടാർ​ഗറ്റും. 

15ാം മിനിറ്റിൽ ​ഹൈദരാബാദ് താരം ബോർയയും 18ാം മിനിറ്റിൽ എടികെയുടെ മൻവീറും ​ഗോളിനടുത്തെത്തിയെങ്കിലും ലക്ഷ്യം കണ്ടില്ല. 25 മിനിറ്റ് പിന്നിട്ട ശേഷം കാര്യമായ അവസരങ്ങൾ ഇരു പക്ഷത്തും കണ്ടില്ല. 

രണ്ടാം പകുതിയിൽ 57ാം മിനിറ്റിൽ മോഹൻ ബഗാന്റെ ഹ്യൂഗോ ബൗമസിന് തുറന്ന അവസരം ലഭിച്ചു. എന്നാൽ ഗോൾകീപ്പർ മാത്രം മുന്നിലുണ്ടായിട്ടും ബൗമസിന് ലക്ഷ്യം കാണാനായില്ല. ഇത് മാറ്റി നിർത്തിയാൽ രണ്ടാം പകുതി ഏറെക്കുറെ വിരസമായി. അധിക സമയത്തും കാര്യമായ നീക്കങ്ങൾ കണ്ടില്ല. 

ഷൂട്ടൗട്ടിൽ ഹൈദരാബാദാണ് ആദ്യം കിക്കെടുത്തത്. ജാവോ വിക്ടറിന്റെ കിക്ക് അനായാസം വലയിൽ. എടികെ മോഹൻ ബഗാനു വേണ്ടി ആദ്യ കിക്കെടുത്തത് പെട്രറ്റോസാണ്. താരവും വല കുലുക്കിയതോടെ സ്‌കോർ 1-1. എന്നാൽ രണ്ടാം കിക്കെടുത്ത ഹൈദരാബാദിന്റെ സിവെരിയോയുടെ കിക്ക് ഗോൾ കീപ്പർ വിശാൽ കെയ്ത്ത് തട്ടിയകറ്റി. പിന്നാലെ വന്ന ഗല്ലെഗോ മോഹൻ ബഗാന് വേണ്ടി ലക്ഷ്യം കണ്ടതോടെ ടീം 2-1 ന് മുന്നിലെത്തി. 

മൂന്നാം കിക്കെടുത്ത സൂപ്പർ താരം ഓഗ്‌ബെച്ചെയ്ക്കും പിഴച്ചു. താരത്തിന്റെ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചു. എടികെ മോഹൻ ബഗാന് വേണ്ടി മൂന്നാം കിക്കെടുത്ത മൻവീർ സിങ്ങും ലക്ഷ്യം കണ്ടതോടെ എടികെ മോഹൻ ബഗാന് 3-1 ന്റെ ലീഡ്. ഹൈദരാബാദിനായി നാലാം കിക്കെടുത്ത രോഹിത് ദാനു ലക്ഷ്യം കണ്ടു. എന്നാൽ നാലാം കിക്കെടുത്ത എടികെ മോഹൻ ബഗാന്റെ ബ്രെണ്ടൻ ഹാമിലിന് പിഴച്ചു. പന്ത് പോസ്റ്റിന് പുറത്തേക്ക് പോയി. ഇതോടെ സ്‌കോർ 3-2 ആയി.

ഹൈദരാബാദിനായി അഞ്ചാം കിക്കെടുത്ത റീഗൻ സിങ് ലക്ഷ്യം കണ്ടതോടെ സ്‌കോർ 3-3 ആയി. എടികെ മോഹൻ ബഗാന് വേണ്ടി അവസാന കിക്കെടുത്ത നായകൻ പ്രീതം കോട്ടാൽ അനായാസം ലക്ഷ്യം കണ്ടതോടെ അവർ ഫൈനൽ ടിക്കറ്റുറപ്പാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com